Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

വീടിന് മുന്നിലെ ലൈറ്റ് അഴിച്ചുമാറ്റി കോളിങ് ബെല്ലടിച്ചു; വാതിൽ തുറന്നപ്പോൾ അകത്തുകടന്ന് പീഡിപ്പിക്കാൻ ശ്രമം; ചെറുത്തപ്പോൾ അരുംകൊല ചെയ്യപ്പെട്ടത് ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മ; പുത്തൻവേലിക്കര മോളി വധക്കേസിൽ അസം സ്വദേശിയായ പ്രതിക്ക് വധശിക്ഷ വിധിച്ച് പറവൂർ സെഷൻസ് കോടതി

വീടിന് മുന്നിലെ ലൈറ്റ് അഴിച്ചുമാറ്റി കോളിങ് ബെല്ലടിച്ചു; വാതിൽ തുറന്നപ്പോൾ അകത്തുകടന്ന് പീഡിപ്പിക്കാൻ ശ്രമം; ചെറുത്തപ്പോൾ അരുംകൊല ചെയ്യപ്പെട്ടത് ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മ; പുത്തൻവേലിക്കര മോളി വധക്കേസിൽ അസം സ്വദേശിയായ പ്രതിക്ക് വധശിക്ഷ വിധിച്ച് പറവൂർ സെഷൻസ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പറവൂർ പുത്തൻവേലിക്കര മോളി വധക്കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ. അസം സ്വദേശിയായ പരിമൾ സാഹുവിനാണ് (മുന്ന) പറവൂർ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി മുരളീഗോപാൽ പണ്ടാല വധശിക്ഷ വിധിച്ചത്.

2018 മാർച്ച് 18-നാണ് പുത്തൻവേലിക്കരയിൽ ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന പാലാട്ടി പരേതനായ ഡേവീസിന്റെ ഭാര്യ മോളി കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചുകയറി മോളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി, എതിർത്തപ്പോൾ കൊലപ്പെടുത്തുകയായിരുന്നു.

പത്തു വർഷമായി പുത്തൻവേലിക്കരയിലുണ്ടായിരുന്ന മുന്ന കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഏഴ് മാസത്തോളം മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

പഞ്ചായത്ത് ഓഫീസിനു സമീപം മെയിൻ റോഡിനരികിലാണ് മോളിയുടെ വീട്. ഭിന്നശേഷിക്കാരനായ മകൻ ഡെനി (അപ്പു-32) യോടൊപ്പമാണ് മോളി താമസിച്ചിരുന്നത്. ഡെനിയാണ് മാർച്ച് 18-ന് രാവിലെ അയൽപക്കത്തെ നെയ്‌ശേരിൽ ശിവന്റെ വീട്ടിലെത്തി മമ്മിയെ ആശുപത്രിയിൽ എത്തിക്കണം, പൂട്ടിയിട്ടിരിക്കുകയാണ് എന്നു പറഞ്ഞത്.

ശിവന്റെ ഭാര്യ നളിനി വീട്ടിലെത്തിയപ്പോൾ പ്രാർത്ഥനാ ഹാളിലും മുറികളിലും രക്തം കണ്ടു. കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. താക്കോൽ സംഘടിപ്പിച്ച് തുറന്നപ്പോഴാണ് കട്ടിലിന്റെയും ഭിത്തിയുടെയും ഇടയിൽ ചോരയിൽ കുളിച്ച നിലയിൽ മോളിയുടെ മൃതദേഹം കണ്ടത്.

കഴുത്തിൽ കുരുക്കിട്ടിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവുകളും കണ്ടു. പൊലീസും നാട്ടുകാരുമെത്തി. പിടിയിലായ മുന്നയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിനിടെ മോളിയുടെ മകൻ ഡെനി മുന്നയുടെ പേര് പലവട്ടം പറയുന്നതു കേട്ടാണ് പൊലീസ് അയാളെ ചോദ്യം ചെയ്തത്.

മലയാളം നല്ലപോലെ പറയുന്ന ഇയാൾ തുടക്കത്തിൽത്തന്നെ പൊലീസ് കസ്റ്റഡിയിലായി. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ പുലർച്ചെ, പീഡന ശ്രമത്തിനിടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് മുന്ന പറഞ്ഞതായി പൊലീസ് അറിയിച്ചു.

പുലർച്ചെ വീടിനു മുന്നിലെ ലൈറ്റ് അഴിച്ചുമാറ്റിയ ശേഷം മുന്ന കോളിങ് ബെല്ലടിച്ചു. മോളി വാതിൽ തുറന്നപ്പോൾ അകത്തുകടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പീഡനശ്രമം ചെറുത്തതോടെ പ്രതി മോളിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഐപിസി സെക്ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിന് 3 വർഷം തടവും പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു.

മോളിയുടെ മകന് ഈ പിഴത്തുക നൽകുന്നതിനാണ് ഉത്തരവ്. ആലുവ എഎസ്‌പി സുജിത്ത് ദാസ്, വടക്കേക്കര സിഐ എം.കെ.മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP