Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് ടു കേസിൽ അപ്പീൽ പോകും; എംഎൽഎമാരുടെ നിർദ്ദേശമടങ്ങിയ രേഖകൾ തയ്യാറാക്കും; പുതിയ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമുളള പ്രവേശനം നിർത്തിവച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ; പ്രവേശനം നിർത്തിവച്ച ഉത്തരവ് കോടതിവിധിയുടെ ലംഘനം

പ്ലസ് ടു കേസിൽ അപ്പീൽ പോകും; എംഎൽഎമാരുടെ നിർദ്ദേശമടങ്ങിയ രേഖകൾ തയ്യാറാക്കും; പുതിയ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമുളള പ്രവേശനം നിർത്തിവച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ; പ്രവേശനം നിർത്തിവച്ച ഉത്തരവ് കോടതിവിധിയുടെ ലംഘനം

തിരുവനന്തപുരം: കോഴപ്പണം വാങ്ങി അനധികൃതമായി അനുമതി നൽകിയ സ്‌കൂളുകളെ സഹായിക്കാനും മന്ത്രിസഭാ ഉപസമിതിയുടെ വിശ്വാസ്യത നിലനിർത്താനും +2 വിധിക്കെതിരെ അപ്പീൽ പോകാനും കോടതി ആവശ്യപ്പെട്ട എംഎൽഎമാരുടെ നിർദ്ദേശങ്ങടങ്ങിയ രേഖകൾ കോടതിയിൽ ഹാജരാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനം. +2 വിഷയത്തിലെ ഹൈക്കോടതി വിധി വിദ്യാർത്ഥികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ സമർപ്പിക്കുന്നത്.

ആവശ്യാനുസരണമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ അനുവദിച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ കോടതി കണ്ടെത്തിയ ക്രമക്കേടുകൾ പരിശോധിക്കാൻ സർക്കാർ തയ്യാറാകാതെ ഉപസമിതി ക്രമവിരുദ്ധമായി അനുവദിച്ച സ്‌കൂളകളിൽ +2 ഏതുവിധേനയും നേടിക്കൊടുക്കുകയെന്നതാണ് സർക്കാർ നിലപാട്.

ഇതുകൂടാതെ അധികബാച്ചുകൾ അനുവദിച്ചപ്പോൾ എംഎൽഎമാരുടെ അഭിപ്രായം തേടിയിരുന്നതായി കാണിക്കുന്നതിനുളള രേഖകൾ തയ്യാറാക്കാനുളള നപടികൾ സ്വീകരിക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചപ്പോൾ എംഎൽഎമാരുടെ അഭിപ്രായം തേടിയാണെന്ന് കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കോടതി രേഖകൾ പരിശോധിച്ചപ്പോൾ എംഎൽഎമാരുടെ നിർദ്ദേശങ്ങൾ അടങ്ങിയ രേഖകളൊന്നും സർക്കാരിന് ഹാജരാക്കാൻ സാധിച്ചില്ല. കോടതി വിധിക്കെതിരെ അപ്പീൽ പോകുമ്പോൾ ഈ രേഖകൾ ഹാജരാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ഇതുവരെ തയ്യാറാക്കാത്ത രേഖകൾ ഉടൻ തന്നെ തയ്യാറാക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. യോഗത്തിലേക്ക് വിളിപ്പിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഹയർ സെക്കൻഡറി ഡയറക്ടർക്കും ഇതു സംബന്ധിച്ച് നിർദ്ദേശവും മന്ത്രിസഭാ യോഗം നൽകിയിട്ടുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമ്പോൾ സർക്കാർ വാദം കടുപ്പിക്കാൻ സംസ്ഥാനത്ത് കുട്ടികൾക്ക് പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുളളതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഹയർസെക്കൻഡറി ഡയറക്ടർക്കുമേൽ വൻ സമ്മർദ്ദം ചെലുത്തി ഇന്നലെ മുഴുവൻ സ്‌കൂളുകളിലേയും പ്രവേശനം നിർത്തിവയ്പിച്ചത്. നിലവിലുള്ള ഹയർ സെക്കൻഡറി ബാച്ചുകളിൽ പഠനം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ മൂന്നു തവണ മാറ്റിവച്ചിരുന്നു.

ഇന്നു വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ഒടുവിലത്തെ അറിയിപ്പ്. എന്നാൽ, ഇന്നലെ പുതിയ ഉത്തരവു വന്നതോടെ നടപടികൾ അനന്തമായി നിലച്ചു. ഇതോടെ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.

പുതുതായി അനുവദിച്ച ഹയർ സെക്കൻഡറി ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചതായുളള ഡയറക്ടറുടെ ഉത്തരവ് അനധികൃമായി പുതിയ സ്‌കൂളുകൾ അനുവദിച്ച സർക്കാർ നിലപാടിന് സഹായകരമാകും. ഹൈക്കോടതി വിധി അനുസരിച്ചു സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പുതിയ ഹയർസെക്കൻഡറി ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ നിർത്തിവച്ചുകൊണ്ട് ഇന്നലെയാണ് ഹയർ സെക്കൻഡറി ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതോടെ പുതുതായി അനുവദിച്ച 700 ഹയർ സെക്കൻഡറി ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഹയർ സെക്കണ്ടറി ഡയറക്ടറുടെ ഉത്തരവിനെ തുടർന്ന് പുതിയ ബാച്ചുകളിലേക്ക് അപേക്ഷിച്ചവർ പ്രതിസന്ധിയിലായി. പുതിയ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമുളള പ്രവേശന നടപടികൾ ഇന്നവസാനിക്കാനിരിക്കെയാണ് ഇന്നലെ പ്രവേശന നടപടികൾ നിർത്തിവച്ചതായുളള സർക്കുലർ ഇറക്കിയത്. പുതിയ +2 ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചതിനെതിരെ ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത സ്‌കൂളുകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഡയറക്ടർ ശുപാർശചെയ്ത സ്‌കൂളുകളിൽ പ്രവേശന നടപടികൾ തുടരാൻ താത്കാലിക ഉത്തരവും കോടതി നൽകിയിരുന്നു.

ഈ കോടതി വിധിയും മറികടന്നാണ് ഹയർസെക്കൻഡറി ഡയറക്ടർ ഇന്നലെ ഉത്തരവിറക്കിയത്. മന്ത്രിസഭാ ഉപസമിതി ഹയർസെക്കൻഡറി ഡയറക്ടറേറ്റ് നൽകിയ ശുപാർശ തളളി ഇരുപതിലധികം സ്‌കൂളുകൾക്കും 104 ബാച്ചുകൾക്കും അനുമതി നൽകിയിരുന്നു. വൻ തുക കോഴപറ്റിയാണ് ഈ ക്രമ വിരുദ്ധ നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ പാർട്ടികളടക്കം ആക്ഷേപം ഉന്നയിക്കുകയും മന്ത്രിസഭ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP