Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം; പിഴയൊന്നും വിധിക്കാത്തതിൽ കൃതജ്ഞതയുള്ളവരായിരിക്കുക'; പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി

'എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം; പിഴയൊന്നും വിധിക്കാത്തതിൽ കൃതജ്ഞതയുള്ളവരായിരിക്കുക'; പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ തള്ളി സുപ്രീം കോടതി. ഇത്തരം ഹർജികൾ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി നടപടി. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമുവിനെക്കൊണ്ട് നടത്തിക്കണമെന്ന് ലോക്സഭാ സെക്രട്ടേറിയേറ്റിന് നിർദ്ദേശം നൽകാൻ ആവശ്യപ്പെട്ട് അഭിഭാഷകനായ ജസ്റ്റിസ് സി.ആർ. ജയസുകിൻ സമർപ്പിച്ച ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഭരണഘടനയനുസരിച്ച് രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന വാദം കോടതി അംഗീകരിച്ചില്ല.

ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോൾ തന്നെ ഹർജിയിൽ ഇടപടേണ്ട കാര്യമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹർജിക്കാരനോട് വാദിക്കാൻ കോടതി ആവശ്യപ്പെട്ടു. വാദം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. പിന്നാലെ ഹർജി പിൻവലിച്ചോളാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് ഹർജി തള്ളിയത്.

''എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം. ഇതൊന്നും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് ബാധ്യതയില്ല. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ പിഴയൊന്നും വിധിക്കാത്തതിൽ കൃതജ്ഞതയുള്ളവരായിരിക്കുക' സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമപൗരൻ. പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുചേർക്കാനും നിർത്തിവെക്കാനും അദ്ദേഹത്തിനാണ് അധികാരം. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എല്ലാ ഭരണനിർവ്വഹണ നടപടികളും രാഷ്ട്രപതിയുടെ പേരിലാണ്. ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന വാദം നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഏകപക്ഷീയമാണെന്നും ശരിയായ രീതിയിയുള്ളതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിയിൽ ഹർജിക്കാരൻ ആരോപിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഇന്നലെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്.

പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത്. 20 പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്‌പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്ന നിലപാട് ഉയർത്തിയിരിക്കുന്നത്. എന്നാൽ ബിഎസ്‌പി അധ്യക്ഷ മായാവതി അസൗകര്യം കാരണം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ നിരവധിപ്പേർ പ്രതിഷേധം അറിയിച്ചിരുന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനച്ചടങ്ങു ബഹിഷ്‌കരിക്കാൻ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവയടക്കമുള്ള 19 പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ പ്രഥമപൗരയുടെയും സാധാരണക്കാരന്റെയും അവസ്ഥ ഒന്നുതന്നെയാണെന്നാണ് സംവിധായകൻ പാ രഞ്ജിത്തും ട്വിറ്ററിൽ കുറിച്ചു.

പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ലോക്‌സഭാ സ്പീക്കറുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP