Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'കേന്ദ്ര സർക്കാർ ലിവിങ് ടുഗെദർ ബന്ധങ്ങളിൽ എന്തുചെയ്യണം?; ബുദ്ധിശൂന്യമായ ഹർജി; ഫയൽ ചെയ്തതിന് പിഴ ചുമത്തണം'; ലിവിങ് ടുഗെദർ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിംകോടതി

'കേന്ദ്ര സർക്കാർ ലിവിങ് ടുഗെദർ ബന്ധങ്ങളിൽ എന്തുചെയ്യണം?; ബുദ്ധിശൂന്യമായ ഹർജി; ഫയൽ ചെയ്തതിന് പിഴ ചുമത്തണം'; ലിവിങ് ടുഗെദർ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലിവിങ് ടുഗെദർ ബന്ധങ്ങളിലെ പങ്കാളിയാൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തരം ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. ആര് രജിസ്‌ട്രേഷൻ നടത്തണമെന്നാണ് ഹർജിക്കാരി ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. ബുദ്ധിശൂന്യമായ ഹർജിയാണിത്. ഹർജി ഫയൽ ചെയ്തതിന് പിഴ ചുമത്തേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

'എന്താണിത്? ആരാണ് രജിസ്ട്രഷൻ നടത്തേണ്ടത്? കേന്ദ്ര സർക്കാരോ? കേന്ദ്ര സർക്കാർ ലിവിങ് ടുഗെദർ ബന്ധങ്ങളിൽ എന്തുചെയ്യണം? ലിവ് ഇൻ ബന്ധങ്ങളിലെ ആളുകളുടെ സുരക്ഷ ഉറപ്പുവരുത്താനാണോ അതോ അത്തരം ബന്ധങ്ങൾ അനുവദിക്കാതിരിക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്? ഇത്തരം കേസുകളിൽ പിഴ ചുമത്തുകയാണ് വേണ്ടത്'- ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ലിവിങ് ടുഗെദർ ബന്ധങ്ങൾക്ക് ചട്ടങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക മമതാ റാണിയാണ് ഹർജി നൽകിയത്. ലിവിങ് ടുഗെദർ ബന്ധങ്ങളിലെ പങ്കാളിയാൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഹർജിയിൽ പറയുന്നത്: 'ബഹുമാനപ്പെട്ട കോടതി ലിവിങ് ടുഗെദർ ബന്ധങ്ങളെ സംരക്ഷിച്ചുകൊണ്ട് നിരവധി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലിവിങ് ടുഗെദറിലുള്ള സ്ത്രീയോ പുരുഷനോ അവർക്ക് ജനിക്കുന്ന കുട്ടികളോ ആവട്ടെ അവരെ സംരക്ഷിക്കുന്ന വിധികൾ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ബന്ധങ്ങൾക്ക് നിയമങ്ങളും മാർഗനിർദേശങ്ങളും ഇല്ലാത്തതിനാൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. അതിനാൽ ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ സംവിധാനം വേണം'- ശ്രദ്ധ വാക്കർ കേസ് ഉൾപ്പെടെ സ്ത്രീകൾ പങ്കാളികളാൽ കൊല്ലപ്പെട്ട സമീപകാല കേസുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്റ്റർ ചെയ്താൽ വൈവാഹിക നില, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പങ്കാളികൾക്ക് പരസ്പരവും സർക്കാരിനും കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്ന് ഹരജിയിൽ പറയുന്നു. ലിവ് ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപീകരിക്കാൻ മാത്രമല്ല, നമ്മുടെ രാജ്യത്ത് ഈ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം കണ്ടെത്താൻ ഡാറ്റാ ബേസ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലിവിങ് ടുഗെദർ ബന്ധങ്ങളുടെ രജിസ്‌ട്രേഷനിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്ന് ഹർജിക്കാരി വാദിച്ചു.

ലിവ് ഇൻ റിലേഷൻഷിപ്പ് ബന്ധങ്ങളിൽ വ്യാജ ബലാത്സംഗ പരാതികൾ ഉന്നയിക്കുന്നത് കൂടിയിട്ടുണ്ടെന്നും ഹർജിയിൽ പരാമർശമുണ്ട്. കോടതിക്ക് ഇത്തരം കേസുകളുടെ സത്യാവസ്ഥ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. പാശ്ചാത്യ സംസ്‌കാരം പിന്തുടരാൻ ആഗ്രഹിക്കുന്ന യുവതലമുറയിൽ ലിവിങ് ടുഗെദർ ബന്ധത്തിലേക്ക് ഗൂഢലക്ഷ്യത്തോടെ പ്രവേശിക്കുന്നവരെ കണ്ടെത്താൻ രജിസ്‌ട്രേഷൻ സഹായിക്കുമെന്ന് ഹർജിക്കാരി വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP