Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിസർവേഷനുണ്ടായിട്ടും മൂന്നംഗ കുടുംബത്തിന് നിന്ന് യാത്രചെയ്യേണ്ടി വന്നത് 33 മണിക്കൂർ; സീറ്റ് മറ്റു ചിലർ കയ്യടക്കിയിട്ടും റെയിൽവെ ഉദ്യോഗസ്ഥരോ പൊലീസോ തിരിഞ്ഞുനോക്കിയില്ല; റെയിൽവേയ്ക്ക് 37,000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

റിസർവേഷനുണ്ടായിട്ടും മൂന്നംഗ കുടുംബത്തിന് നിന്ന് യാത്രചെയ്യേണ്ടി വന്നത് 33 മണിക്കൂർ; സീറ്റ് മറ്റു ചിലർ കയ്യടക്കിയിട്ടും റെയിൽവെ ഉദ്യോഗസ്ഥരോ പൊലീസോ തിരിഞ്ഞുനോക്കിയില്ല; റെയിൽവേയ്ക്ക് 37,000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മൈസൂരു: റിസർവേഷനുണ്ടായിട്ടും ട്രെയിനിൽ മൂന്നംഗ കുടുംബത്തിന് നിന്ന് യാത്രചെയ്യേണ്ടിവന്നത് 33 മണിക്കൂർ. സീറ്റുകൾ മറ്റുചിലർ കയ്യടക്കിയെന്ന് പരാതിപ്പെട്ടിട്ടും അവരെ മാറ്റി സീറ്റ് കുടുംബത്തിന് നൽകാൻ നടപടിയും ഉണ്ടായില്ല. ഇതോടെ കോടതിയിലെത്തിയ പരാതിയിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്ന മൂന്നംഗകുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ഇവരുടെ ബെർത്തുകൾ മറ്റുയാത്രക്കാർ അനധികൃതമായി കൈയടക്കുകയായിരുന്നു. കുടുംബത്തെ സഹായിക്കാത്ത ടി.ടി.ഇ., ആർ.പി.എഫ്. അധികൃതർ എന്നിവരെ കോടതി രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. 2017 മെയ്‌ 25-ലെ ജയ്പുർ-മൈസൂരു സൂപ്പർഫാസ്റ്റ് തീവണ്ടിയിലാണ് സംഭവം. ഉജ്ജയിനിയിൽനിന്ന് മൈസൂരുവിലേക്ക് വന്ന വിജേഷിനും കുടുംബത്തിനുമാണ് 33 മണിക്കൂർ ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്. മൈസൂരു സിദ്ധാർഥ ലേഔട്ട് നിവാസികളാണിവർ.

മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷനിലാണ് 740 രൂപ വീതമുള്ള മൂന്നു ടിക്കറ്റുകൾ ഇവർ ബുക്ക് ചെയ്തത്. തീവണ്ടിയിലെ അഞ്ചാം നമ്പർ സ്ലീപ്പർ കോച്ചിലെ ഇവരുടെ മൂന്നു ബെർത്തുകളിലും റിസർവേഷനില്ലാത്ത യാത്രക്കാരായിരുന്നു. ഇതേക്കുറിച്ച് ടി.ടി.ഇ., ആർ.പി.എഫ്. എന്നിവരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് 1,950 കിലോമീറ്റർ ദൂരം സീറ്റുകിട്ടാതെ യാത്ര ചെയ്യാൻ ഇവർ നിർബന്ധിതരായത്.

ബെർത്ത് ലഭിക്കാത്ത വിഷയത്തിൽ വിജേഷ് മൈസൂരു റെയിൽവേ ഡിവിഷണൽ മാനേജർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ അധികാരപരിധിയിലല്ലെന്നായിരുന്നു മറുപടി. യാത്ര ആരംഭിച്ച ഉജ്ജയിനിയിലെത്തി പരാതി നൽകാനും നിർദേശമുണ്ടായി. ഇതോടെ വിജേഷ് 2017 ജൂണിൽ 23-ന് മൈസൂരു ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ, അധികാരപരിധി കഴിഞ്ഞെന്നും നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു മൈസൂരു റെയിൽവേ ഡിവിഷൻ കോടതിയിൽ ബോധിപ്പിച്ചത്. അതിനാൽ, കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ വാദം തള്ളിയ കോടതി അധികാരപരിധിയുടെ പേരിൽ നടപടിയെടുക്കാതെ റെയിൽവെ കൈകഴുകുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ചു.

തുടർന്ന് മൈസൂരു റെയിൽവേ ഡിവിഷണൽ മാനജേർ, ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ എന്നിവർ വിജേഷിന് നഷ്ടപരിഹാരമായി 37,000 രൂപ നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. 60 ദിവസത്തിനകം തുക നൽകാനാണ് നിർദ്ദേശം. ഇത് ലംഘിക്കുകയാണെങ്കിൽ ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP