Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ച കേസ്: വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു; തെളിവില്ലെന്ന് കോടതി; കോടതി വിധിയിൽ സന്തോഷമുണ്ടെന്നും, സിപിഎം നേതൃത്വം തങ്ങളെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലതീഷ് ചന്ദ്രൻ; കോടതി വിധിയിലൂടെ അന്ത്യമാകുന്നത് സിപിഎമ്മിലെ വിഭാഗീയതയിലെ മറ്റൊരു എപ്പിസോഡിന് കൂടി

പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ച കേസ്: വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു; തെളിവില്ലെന്ന് കോടതി; കോടതി വിധിയിൽ സന്തോഷമുണ്ടെന്നും, സിപിഎം നേതൃത്വം തങ്ങളെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലതീഷ് ചന്ദ്രൻ; കോടതി വിധിയിലൂടെ അന്ത്യമാകുന്നത് സിപിഎമ്മിലെ വിഭാഗീയതയിലെ മറ്റൊരു എപ്പിസോഡിന് കൂടി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ കണ്ണാർക്കോട്ടെ പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. സിപിഎം പ്രാദേശിക നേതാക്കളാണ് പ്രതികളായിരുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രനും പ്രതിയായിരുന്നു. ലതീഷ് അടക്കം അഞ്ചു പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

2013 ഒക്ടോബർ 31 ന് പുലർച്ചെയാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെട്ടത്. പി. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകർക്കുകയും ആയിരുന്നു. സി പി എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് പിന്നിൽ എന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടത്തൽ. എസ്.എഫ്.ഐ. മുൻ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയായ ലതീഷ് ബി. ചന്ദ്രനായിരുന്നു കേസിൽ ഒന്നാം പ്രതി. സിപിഎം. കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി.സാബു രണ്ടാംപ്രതിയാണ്. സിപിഎം. അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റ് പ്രതികൾ.

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ലതീഷ് പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വം തങ്ങളെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷ. കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച സംഭവത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള നിയമപോരാട്ടം തുടരുമെന്നും ലതീഷ് ചന്ദ്രൻ പറഞ്ഞു.

2013 ഒക്ടോബർ 31-ന് പുലർച്ചേ 1.30-നാണ് സഖാവ് പി.കൃഷ്ണപിള്ള അവസാന നാളുകൾ ചെലവിട്ട ചെല്ലി കണ്ടത്തിൽ വീടിന് തീപിടിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട്, ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ അഞ്ചു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളെയെല്ലാം അന്ന് തന്നെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ആകെ 72 സാക്ഷികൾ ഉണ്ടായിരുന്നു. സിപിഎം. നേതാക്കളായ സജി ചെറിയാൻ എംഎ‍ൽഎ., സി.ബി.ചന്ദ്രബാബു ഉൾപ്പെടെ 59 സാക്ഷികൾ കേസിൽ മൊഴി നൽകിയിരുന്നു.

സിപിഎമ്മിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിഭാഗീയതയെ തുടർന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്തി തീർക്കാനായിരുന്നു സ്മാരകം തകർത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP