Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ

ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധയെന്ന് വിലയിരുത്തി ഡോക്ടർമാർ. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിയെ ബൈപാപ്പ് ശ്വസനോപകരണത്തിന്റെ സഹായത്തോടെ ചികിൽസിക്കാനാണ് തീരുമാനം. ശ്വസന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ബൈപാപ്പ് ചികിൽസയ്ക്ക് ഉമ്മൻ ചാണ്ടിയെ വിധേയനാക്കുന്നത്. രോഗ പ്രതിരോധ ശേഷിയടക്കം പരിശോധിച്ചാകും വിശദമായ ചികിൽസ പദ്ധതി തയ്യറാക്കുക. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ശ്വസന ബുദ്ധിമുട്ടുള്ളവർ സാധാരണ ഉപയോഗിക്കുന്ന ഉപകരമാണ് ബൈപാപ്പ്. കടുത്ത പനിയും ചുമയും ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. ഇതിന് കാരണം കടുത്ത ന്യുമോണിയയാണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യുമോണിയ കാരണം കടുത്ത അണുബാധയും അലട്ടുന്നുണ്ട്.

നെയ്യാറ്റിൻകര നിംസ് ആശുപത്രി മാനേജ്മെന്റുമായി അടുത്ത ആത്മബന്ധം ഉമ്മൻ ചാണ്ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചികിൽസയ്ക്ക് നിംസ് ആശുപത്രിയിലേക്ക് ഉമ്മൻ ചാണ്ടി മാറിയത്. വിശദ ആരോഗ്യ പരിശോധനകൾ ഇവിടെ നടത്തും. പ്രത്യേക മെഡിക്കൽ സംഘം തന്നെ ഉമ്മൻ ചാണ്ടിയുടെ ചികിൽസാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിംസ് ആശുപത്രിയിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഗുരുതരമാകാതിരിക്കാനാണ് ബൈപാപ്പിലേക്ക് മാറ്റുന്നതെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ ആരോപണങ്ങൾക്കിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും എം.എം.ഹസ്സനും ഇന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. ആന്റണിയും ഹസനും അടക്കമുള്ളവരുടെ ഉപദേശം കൂടി മാനിച്ചാണ് നിംസിലേക്ക് ഉമ്മൻ ചാണ്ടി മാറിയതെന്നാണ് പുറത്തു വരുന്ന സൂചന. ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ അലക്‌സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട അലക്‌സ് വി. ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നത്. അവിടെ നിന്നാണ് നിംസ് ആശുപത്രിയിലേക്ക് മാറിയത്.

മുൻ മുഖ്യമന്ത്രിയുടെ ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകൾ മറിയയുമായണ് ചികിത്സക്ക് തടസം നിൽക്കുന്നത് എന്നാണ് അലക്സ് ചാണ്ടി ആരോപിച്ചത്. അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന ഉറച്ച നിലപാടിലാണ് ഇളയ മകൾ അച്ചു ഉമ്മനെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറുനാടൻ പുറത്തുവിട്ട പൂർണമായും ശരിവെച്ചു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ രംഗത്തുവന്നത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി പ്രതികരിച്ചു.

മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു. ജർമ്മനിയിൽ പോയിട്ട് ചികിത്സ നടന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് ചാണ്ടി പറഞ്ഞു. ചികിത്സക്ക് പോയെങ്കിലും തിരിച്ചു വരികയാണ് ചെയ്യുന്നത്. പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത് എന്നാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദം കഴിക്കുന്നുണ്ട്. ഉള്ള മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നതെന്നും അലക്‌സ് വി ചാണ്ടി വ്യക്തമാക്കി. രണ്ടാമത്തെ മകൾ അച്ചു ഉമ്മൻ ശക്തമായ ട്രീറ്റ്മന്റ് വേണമെന് ആവശ്യത്തിലാണ്. ഇപ്പോഴും ശക്തമായ നിലപാടിലാണ് അവർ. ജർമ്മനിയിൽ പോയെങ്കിലും അവിടെയും ശരിയായ ട്രീറ്റ്‌മെന്റ് നടന്നിട്ടില്ലെന്നും ചേട്ടനെ കാണാൻ എത്തുന്നവരെ കാണാൻ അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയത്തിൽ ഇടപെടാൻ സർക്കാരും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും ദുബായിലും സിഎംസി വെല്ലൂരിലും ജർമ്മനിയിലും ചികിൽസ തേടിയെങ്കിലും രോഗ നിർണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികിൽസ നാളിതു വരെ ഉമ്മൻ ചാണ്ടിക്ക് കിട്ടിയിട്ടില്ലെന്നാണ് സഹോദരൻ അടക്കമുള്ളവർ പറയുന്നത്. ജർമനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം ബംഗ്ലൂരിലെ തുടർ ചികിൽസയ്ക്ക് വിധേയനായി ജനുവരിയിൽ തിരുവനന്തപുരത്ത് എത്തി. വീണ്ടും തുടർ ചികിൽസയ്ക്ക് പോകണമായിരുന്നു. നാളിതുവരെ അതുണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ബെംഗളൂരുവിലെ എച്ച്.സി.ജി. കാൻസർ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടർചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹത്തിന് കൃത്യസമയത്ത് ചികിത്സ നൽകേണ്ടവർ പോലും അതിന് താൽപ്പര്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരെ കാണണം എന്ന ആഗ്രഹം കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നത്. ഇതിന് ശേഷം ജനുവരി 9ന് തുടർചികിത്സ നടത്തേണ്ടതുമായിരുന്നു. അന്ന് തിരിച്ചു പോയില്ല. അതിന് ശേഷം ജനുവരി 18ന് ചികിത്സക്ക് കൊണ്ടുപോകേണ്ട സമയത്തും ആരും അദ്ദേഹത്തെ തുടർചികിത്സക്ക് കൊണ്ടുപോകാൻ തയ്യാറായില്ല.

ഇതിനിടെ ചികിത്സ വൈകുന്നതിൽ ആശങ്കയുള്ള മകൾ അച്ചു ഉമ്മൻ ഗൾഫിൽ നിന്നും നാട്ടിലെത്തി പിതാവിനെ ചികിത്സക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിലും എതിർപ്പുകളുണ്ടായി. നാട്ടുകാർ കൂടി ഇടപെട്ട് ചികിത്സ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ഭാര്യ അതിന് സമ്മതിക്കാത്ത അവസ്ഥ ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തോളമായി കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണ് മുൻ മുഖ്യമന്ത്രി എന്നതായിരുന്നു ഉയർന്ന ആരോപണം.

തൊണ്ടയിലാണ് ഉമ്മൻ ചാണ്ടിക്ക് രോഗബാധ. ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തിന് ഇതിനായി ലേസർ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാൽ, തുടർചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാൻ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക. ഇത് മറുനാടൻ വാർത്തയാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ രോഗ വിവരങ്ങൾ പുറംലോകം അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP