Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വകാര്യ നേഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന ആശുപത്രികളുടെ നടപടിയിൽ ഇടപെടണം; സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാരുടെ യാത്ര - താമസ സൗകര്യങ്ങളും ജോലി സുരക്ഷയും ഉറപ്പുവരുത്തം; ആരോഗ്യ പ്രവർത്തകരിലേക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ നഴ്‌സുമാരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

സ്വകാര്യ നേഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന ആശുപത്രികളുടെ നടപടിയിൽ ഇടപെടണം; സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാരുടെ യാത്ര - താമസ സൗകര്യങ്ങളും ജോലി സുരക്ഷയും ഉറപ്പുവരുത്തം; ആരോഗ്യ പ്രവർത്തകരിലേക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ നഴ്‌സുമാരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ആർ പീയൂഷ്

കൊച്ചി: സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും മാർഗ്ഗനിർേദ്ദശങ്ങൾക്കു വിരുദ്ധമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന ആശുപത്രികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നേഴ്‌സുമാരുടെ ജോലി സുരക്ഷാ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശിയായ പ്രകാശ് ജോൺ, അഡ്വ. രഖേഷ് ശർമ്മ മുഖേന സമർപ്പിച്ച ഹർജിയാലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊറോണ രോഗ പ്രതിരോധത്തിൽ മുന്നണിയിൽ നിൽക്കുന്ന കേരളത്തിലെ സ്വകാര്യ നേഴ്‌സുമാരുടെ മനോധൈര്യം തകർക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ ഉണ്ടായത്. ജീവനക്കാരിക്കു കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിലെ മുഴുവൻ നേഴ്സുമാരെയും ഒറ്റപ്പെടുത്തി മാനസികമായി തളർത്തുന്ന സാഹചര്യമാണ് ഉണ്ടായത് എന്നും ഹർജിയിൽ പറയുന്നു.

കൊറോണ വ്യാപനം തടയാനും സ്വയം സുരക്ഷക്കുമുള്ള അത്യാവശ്യമുള്ള പി.പി.ഇ കിറ്റുകളും മാസ്‌കുകളും ആവശ്യത്തിന് ഇല്ലാതിരുന്നിട്ടും ആശുപത്രികൾ ഗതാഗത സൗകര്യമോ താമസ സൗകര്യമോ ഒരുക്കാത്തതിനാൽ സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പണം ചെലവഴിച്ചും സ്വന്തം ജീവനും ഉറ്റവരുടെ ജീവനും അപകടപ്പെടുത്തിയും സ്വയം സമർപ്പിതമായ പ്രവർത്തനമാണ് കേരളത്തിലെ നേഴ്‌സിങ് സമൂഹം ചെയ്യുന്നത്. എന്നിട്ടു പോലും സുപ്രീം കോടതി വിധി പോലും കാറ്റിൽ പറത്തി നേഴ്‌സുമാരുടെ ശമ്പളം നൽകാതിരുന്ന ആശുപത്രികളുടെ സമീപനം ക്രൂരമാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഒരു കാരണവശാലും നൽകാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ പാടില്ല എന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ചീഫ് സെക്രെട്ടറിമാർക്കുള്ള നിർദ്ദേശം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മാർച്ച് മാസത്തെ ശമ്പളമാണ് ലോക്ക് ഡൗണിന്റെ പേരിൽ ആശുപത്രി മാനേജ്‌മെന്റുകൾ വെട്ടിക്കുറച്ചത്. ജില്ലയിലെ സ്വകാര്യ ആശുപത്രികൾ പകുതി ശമ്പളമാണ് വെട്ടിക്കുറച്ചത്. എന്നാൽ 5000 രൂപ മാത്രമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയാണ് എന്ന് ചൂണ്ടിക്കാട്ടി അശ്വനി ആശുപത്രി ശമ്പളം നൽകിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശമ്പളം വെട്ടിക്കുറച്ചതിൽ ജീവനക്കാർ പ്രതിഷേധത്തിലുമാണ്. മാനേജ്മെന്റ് ഇത്തരത്തിൽ ഒരു ക്രൂരത ചെയ്തതിൽ ഏറെ വിഷമത്തിലായിരുന്നു ജീവനക്കാർ. വായ്പാ തിരിച്ചടവും മുടങ്ങിയതും വീട്ടിലേക്ക് വേണ്ടുന്ന അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്തതുമൊക്കെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. യാതൊരറിയിപ്പുമില്ലാതെയാണ് ശമ്പളം വെട്ടിക്കുറച്ചത്. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ എത്തി എന്ന സന്ദേശം കണ്ട് അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. മാനേജ്മെന്റുമായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്കിത് തരാനെ കഴിയൂ, നിങ്ങൾക്ക് ചെയ്യാൻ കവിയുന്നത് ചെയ്യൂ എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 24 നായിരുന്നു. 23 വരെ ജോലി ചെയ്ത ശമ്പളം പോലും നൽകാതെയാണ് മാനേജ്മെന്റ് ചൂഷണം നടത്തിയിരിക്കുന്നത്. ആശുപത്രിക്ക് വരുമാനമില്ലാ എന്നാണ് ഇവർ നിരത്തുന്ന ന്യായീകരണം. എന്നാൽ 300 ബെഡുകൾ ഉള്ള ആശുപത്രിയിൽ കിടത്തി ചികിത്സ നൽകുന്ന രോഗികളും ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുമായി നിറയെ രോഗികൾ ഉണ്ട്. ഒ.പി മാത്രമേ നിർത്തി വച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ വരുമാനം ഇല്ലാ എന്ന് മാനേജ്മെന്റ് പറയുന്നത് പച്ചക്കള്ളമാണെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. രോഗികളുടെ പക്കൽ നിന്നും നഴ്സിങ് ചാർജ്ജ് എന്ന ഇനത്തിൽ 500 രൂപ മുതലാണ് വാങ്ങുന്നത്. കൂടാതെ ഇൻജക്ഷൻ, ശരീരം ക്ലീൻ ചെയ്യുന്നിന് തുടങ്ങിയവയ്ക്കൊക്കെ അധിക ചാർജ്ജും ഈടാക്കുന്നുണ്ട് (ഇപ്പറഞ്ഞവയൊക്കെ നഴ്സിങ് ജോലിയിൽ ഉൾപ്പെടുമ്പോഴാണ് പ്രത്യേകമായി ഇതിനൊക്കെ ചാർജ് ഈടാക്കുന്നത്). ഇത്തരത്തിൽ രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കുമ്പോഴാണ് ശമ്പളം നൽകാൻ മാർഗമില്ലെന്ന് ആശുപത്രി മാനേജ്മെന്റ് പറയുന്നത്.

എന്നാൽ കഴിഞ്ഞ 12 ന് നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ച അശ്വിനി ആശുപത്രി മാനേജ്‌മെന്റ് നാളെ മാർച്ച് മാസത്തെ ശമ്പളത്തിന്റെ അൻപത് ശതമാനം തുക നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. മന്ത്രി എ.സി മൊയ്ദീന്റെ നേതൃത്വത്തിൽ സംഘടനാ നേതാക്കളും ആശുപത്രി അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തിന്റെ ബാക്കി തുക 20 ന് മുൻപ് കൊടുത്തു തീർക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിലെ മറ്റ് ആശുപത്രികളായ വെസ്റ്റ് ഫോർട്ട്, വെസ്റ്റ് ഫോർട്ട് ഹൈടെക്ക്, ജൂബിലി മിഷൻ എന്നിവർ പകുതി ശമ്പളം നൽകിയിരുന്നു. ബാക്കി തുക 20 ന് മുൻപ് നൽകണമെന്നും ചർച്ചയിൽ തീരുമാനമായി. ഏപ്രിൽ മാസത്തെ ശമ്പളം എങ്ങനെ നൽകണമെന്ന കാര്യത്തിൽ ഈ മാസം അവസാനം നടക്കുന്ന ചർച്ചയിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃശൂർ കളക്റ്റ്രേറ്റിൽ കളക്ടർ ഷാനവാസ്, എൻഫോഴ്‌സ് മെന്റ് ഡി.എൽ.ഒ രജീഷ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി സംഘടനാ നേതാക്കളെയും ആശുപത്രി മാനേജ്‌മെന്റുകളെയും വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. നഴ്‌സുമാർക്ക് തൊഴിലാളികൾക്കും വേണ്ടി യു.എൻ.എ, സിഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളാണ് പങ്കെടുത്തത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർക്കും താമസം, ഭക്ഷണവും മാനേജ്‌മെന്റ് നിർബന്ധമായും ക്രമീകരിച്ച് നൽകണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കൂടാതെ ജീവനക്കാരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കണം. ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാനേജ്‌മെന്റ് പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അത്തരത്തിൽ എന്തെങ്കിലും സംഭവം ശ്രദ്ധയിൽപെട്ടാൽ ജില്ലാകളക്ടർ നേരിട്ടിടപെടണമെന്നും മന്ത്രി അറിയിച്ചു. ട്രേഡ് യൂണിയനുകളുമായി സൗഹൃദ ചർച്ചകൾക്ക് ശേഷമേ തൊഴിലാളികളെ സംബന്ധിച്ച വിഷയങ്ങളിൽ മാനേജ്‌മെന്റ്കൾ തീരുമാനം എടുക്കാൻ പാടുള്ളൂ എന്നും എ.സി മൊയ്ദീൻ ചർച്ചയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP