Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തിര സ്റ്റേ ഇല്ല; പിണറായിയുടെ നിർദ്ദേശം അനുസരിച്ച് ഹൈക്കോടതിയിൽ പോയ പൊലീസിന് കിട്ടിയത് രൂക്ഷ വിമർശനം; തെളിവുകൾ ശ്രീറാം വെങ്കിട്ടരാമൻ തരുമെന്ന കരുതിയോ എന്ന് കോടതി; വൈദ്യപരിശോധന വൈകിയതിൽ ന്യായീകരണമില്ലെന്നും കോടതി; ശ്രീറാം പറ്റിച്ചെന്ന് സർക്കാർ

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തിര സ്റ്റേ ഇല്ല; പിണറായിയുടെ നിർദ്ദേശം അനുസരിച്ച് ഹൈക്കോടതിയിൽ പോയ പൊലീസിന് കിട്ടിയത് രൂക്ഷ വിമർശനം; തെളിവുകൾ ശ്രീറാം വെങ്കിട്ടരാമൻ തരുമെന്ന കരുതിയോ എന്ന് കോടതി; വൈദ്യപരിശോധന വൈകിയതിൽ ന്യായീകരണമില്ലെന്നും കോടതി; ശ്രീറാം പറ്റിച്ചെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുദിച്ചതിൽ ഹൈക്കോടതിയുടെ സ്‌റ്റേ ഇല്ല. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ എത്തിയപ്പോൾ പൊലീസിന് രൂക്ഷ വിമർശനം. തെളിവെടുപ്പ് നടത്താത്തതിന് പൊലീസിനെ കോടതി വിമർശിച്ചത് രൂക്ഷമായാണ്. തെളിവുകൾ ശ്രീറാം വെങ്കിട്ടരാമൻ കൊണ്ടുത്തരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അപകടം ഉണ്ടായാൽ ഇങ്ങനെയാണോ തെളിവെടുപ്പെന്ന് കോടതി ചോദിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി വൈദ്യപരിശോധന നടത്താഞ്ഞതിന് ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു. ഹർജി വെള്ളിയാഴ്‌ച്ച വീണ്ടും പരിഗണിക്കും.

അതേസമയം ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനെ പറ്റിച്ചെന്നായിരുന്നു സർക്കാർ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ആണെന്നിരിക്കെ ഇപ്പോൾ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നാണ് സർക്കാർ വാദം. ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. കേസിൽ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. അതുകൊണ്ടുതന്നെ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികൾ റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. തെളിവു നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ബോധപൂർവ്വം ശ്രമിച്ചെന്നും സർക്കാർ വാദിച്ചു.

മദ്യപരിശോധന ഒഴിവാക്കാൻ ബോധപൂർവ്വം ഇടപെടൽ നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് അറിയാതെ കിംസ് ആശുപത്രിയിൽ പോയി ചികിത്സതേടി. അതുകൊണ്ടു തന്നെ രക്ത പരിശോധന രാവിലെ മാത്രമെ നടത്താനായുള്ളു എന്നും വാദമുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറാണ് മരിച്ചത്. മദ്യപിച്ചാണ് ശ്രീറാം വാഹനം ഓടിച്ചതെന്നായിരുന്നു കേസ്. എന്നാൽ, മദ്യപിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ജാമ്യ ഹർജി പരിഗണിക്കവെ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചുവെങ്കിലും തെളിവ് എന്താണെന്ന് കോടതി ആരാഞ്ഞു. മദ്യം കഴിച്ചിരുന്നില്ല എന്ന തരത്തിലുള്ള രക്ത പരിശോധനാ ഫലമാണ് കോടതിക്ക് മുന്നിലെത്തിയത്. കേസ് ഡയറിയും കോടതിയിൽ ഹാജരാക്കി.

ശക്തമായ സാക്ഷിമൊഴികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും അത് വിശ്വസനീയമായ വാദമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രക്തപരിശോധന കൃത്യസമയത്ത് നടത്തുന്നതിൽ പൊലീസ് വരുത്തിയ വീഴ്ചയാണ് ശ്രീറാം വെങ്കിട്ടരാമന് സഹായകമായത്. സിസിടിവി ദൃശ്യങ്ങൾ ഇല്ല എന്നതും ഐ.എ.എസ് ഉദ്യോഗസ്ഥന് അനുകൂലമായി. രക്ത പരിശോധന ഒൻപത് മണിക്കൂറോളം വൈകിച്ചതിൽ നേരത്തെതന്നെ പൊലീസിനെതിരെ വിമർശം ഉയർന്നിരുന്നു. ഇക്കാരണത്താൽ എസ്‌ഐയെ സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടരുന്നുവെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാനിടയായ സാഹചര്യം. തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും നരഹത്യാ കേസ് നിലനിൽക്കില്ല എന്നും ശ്രീറാം കോടതിയിൽ അവകാശപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP