Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മനാഭസ്വാമി ക്ഷേത്രക്കുളം നികത്തി പണിത ബിജു രമേശിന്റെ ബഹുനില മന്ദിരം പൊളിക്കില്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു; സാങ്കേതിക വാദം ഉയർത്തി ബാറുടമയെ രക്ഷിക്കാൻ അണിയറ നീക്കം നടത്തിയതു മന്ത്രി അടൂർ പ്രകാശ്: സംഭവിച്ചത് മറുനാടൻ പുറത്തുകൊണ്ടുവന്ന തട്ടിപ്പ്

പത്മനാഭസ്വാമി ക്ഷേത്രക്കുളം നികത്തി പണിത ബിജു രമേശിന്റെ ബഹുനില മന്ദിരം പൊളിക്കില്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു; സാങ്കേതിക വാദം ഉയർത്തി ബാറുടമയെ രക്ഷിക്കാൻ അണിയറ നീക്കം നടത്തിയതു മന്ത്രി അടൂർ പ്രകാശ്: സംഭവിച്ചത് മറുനാടൻ പുറത്തുകൊണ്ടുവന്ന തട്ടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജു രമേശ് പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിനരികിലെ കനാൽ നികത്തി പണികഴിപ്പിച്ച ബഹുനില മന്ദിരം പൊളിച്ചു മാറ്റാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാങ്കേതിക വാദം ഉയർത്തിയാണ് ബാറുടമയെ രക്ഷിക്കാനുള്ള സർക്കാരിന്റെ നീക്കം. മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്ന വാർത്ത ശരിയാണെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ നടന്ന സംഭവങ്ങൾ.

മന്ത്രി അടൂർ പ്രകാശ് നേരിട്ടാണ് ബാറുടമയ്ക്കുവേണ്ടി രംഗത്തെത്തിയതെന്നും കെട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിനാണ് കലക്ടർ ബിജു പ്രഭാകറിനെ സ്ഥലം മാറ്റിയതെന്നും മറുനാടൻ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.

ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തിരുവനന്തപുരത്തെ തന്റെ കെട്ടിടം പൊളിക്കുന്നതിനെതിരെ ബാർ ഹോട്ടൽസ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ഹർജി നൽകിയിരുന്നു. കേസിൽ കെട്ടിടം പൊളിക്കാനുള്ള നോട്ടീസ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തെക്കനംകര കനാൽ പോകുന്ന വഴിയിൽ നിർമ്മിച്ച ബിജു മേശിന്റെ അഞ്ചുനില കെട്ടിടം പൊളിക്കാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, നോട്ടീസ് നോട്ടീസ് പിൻവലിച്ചതായി സർക്കാർ അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ ഹർജി തീർപ്പാക്കുകയായിരുന്നു.

കെട്ടിടം ഒഴിപ്പിക്കുന്ന നടപടിയിൽ ഉടമയുടെ വിശദീകരണം കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. കിഴക്കേക്കോട്ട കുതിരമാളികക്ക് സമീപത്തെ കെട്ടിടം പൊളിക്കാൻ ആർ.ഡി.ഒ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്താണ് ബിജു രമേശ് ഹർജി സമർപ്പിച്ചത്. നോട്ടീസ് നൽകാൻ ആർ.ഡി.ഒക്ക് അധികാരമില്ലെന്നു വാദിച്ചാണ് ബിജു ഹർജി നൽകിയത്.

കെട്ടിടമിരിക്കുന്ന സ്ഥലം കൈയേറ്റമാണെന്ന് പരാതിയില്ല. 19.5 സെന്റ് സ്ഥലത്ത് ഏത് ഭാഗത്ത് എത്ര അളവിലാണ് കൈയേറ്റമെന്ന് വ്യക്തമാക്കിയിട്ടുമില്ല. മന്ത്രിമാരായ കെ.എം മാണി, കെ. ബാബു എന്നിവർക്കെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പക തീർക്കാനാണ് തന്റെ വിശദീകരണം കേൾക്കാതെയുള്ള നടപടിയെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഒഴിപ്പിക്കേണ്ട സ്ഥലത്തിന്റെ കൃത്യമായ അളവ് വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജി പരിഗണിച്ച കോടതി പറഞ്ഞു.

സമഗ്രമായ നോട്ടീസ് നൽകി നടപടി തുടരാനാണ് നിലവിലെ നോട്ടീസ് പിൻവലിച്ചതെന്നാണ് സർക്കാർ വിശദീകരിക്കുന്നതെങ്കിലും മന്ത്രി അടൂർ പ്രകാശ് തന്റെ സുഹൃത്തിനായി നടത്തിയ ഇടപെടലാണ് ബിജു രമേശിന് തുണയായത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥ കുളത്തോട് ചേർന്നുള്ള കുളം നികത്തിയാണ് ബിജു രമേശ് അനധികൃതമായി ഓഡിറ്റോറിയം നിർമ്മിച്ചത്. ഇതുപൊളിക്കാതിരിക്കാനാണ് സർക്കാരിന്റെ ഭാഗത്തു നിന്നു കള്ളക്കളി നടത്തിയത്.

വെള്ളക്കെട്ടിൽ നിന്നും തലസ്ഥാനത്തെ രക്ഷിക്കാൻ കളക്ടറായിരുന്ന ബിജു പ്രഭാകർ ഒരുക്കിയ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് അനധികൃത നിർമ്മാണം കണ്ടെത്തിയത്. 40 സെന്റ് സ്ഥലത്തെ കുളവും 12 സെന്റ് സ്ഥലത്തെ ഓടയും മൂടിയാണ് രാജധാനി ഓഡിറ്റോറിയം പണിതതെന്ന് വ്യക്തമായതോടെ ഇത് പൊളിക്കാൻ നടപടി എടുത്ത ബിജു പ്രഭാകറിനെ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്നാൽ സബ് കളക്ടർ കാർത്തികേയൻ നടപടികളുമായി മുന്നോട്ട് പോയതോടെ മന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ചു.

തലസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നം പരിഹരിക്കാൻ ബിജു രമേശ് നിർമ്മിച്ച അനധികൃത കെട്ടിടം പൊളിക്കുക മാത്രം രക്ഷയുള്ളൂ എന്നാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. ഓപ്പറേഷൻ അനന്തയുടെ ബാക്കി നടപടികൾ അവിടെ വരെ എത്തി നില്ക്കുകയാണ്. മറ്റ് പല പ്രമുഖരും ആദ്യം എതിർത്തെങ്കിലും ഒടുവിൽ വഴങ്ങി കൊടുത്തപ്പോഴാണ് ബിജു രമേശിന് വേണ്ടി അടൂർ പ്രകാശ് നേരിട്ട് രംഗത്തിറങ്ങിയത്. മന്ത്രിയും ബിജു രമേശും മക്കളെ വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുകയാണ്. ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങൾ നിലവിൽ ഇരിക്കുമ്പോൾ ആണ് ബിജുവിന്റെ ബഹുനില മന്ദിരം രക്ഷിക്കാൻ മന്ത്രി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയത്. മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം എല്ലാ നടപടികളും നിർത്തി വച്ചിരിക്കുകയാണ്. ഇതിനിടെയാണ് കോടതിയിലും കെട്ടിടം പൊളിക്കുന്നതിനുള്ള നോട്ടീസ് പിൻവലിച്ചതായി അറിയിച്ചത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP