Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ കോഴ വിവാദം: ആദ്യ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; കെ എം മാണിക്കു പണം നൽകിയതിന് തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നു റിപ്പോർട്ട്; അന്വേഷണം പ്രഹസനമെന്നു തെളിഞ്ഞെന്ന് ബിജു രമേശ്‌

ബാർ കോഴ വിവാദം: ആദ്യ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; കെ എം മാണിക്കു പണം നൽകിയതിന് തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നു റിപ്പോർട്ട്; അന്വേഷണം പ്രഹസനമെന്നു തെളിഞ്ഞെന്ന് ബിജു രമേശ്‌

കൊച്ചി: ബാർ കോഴയിൽ സാമ്പത്തിക ഇടപാടിന് ഇതുവരെ നടന്ന വിജിലൻസ് അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയെ സംസ്ഥാന സർക്കാർ അറിയിച്ചു. വി എസ് സുനിൽ കുമാർ എംഎൽഎ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ മറുപടി. അതേസമയം കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു.

മാണിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് 19 പേരെയാണ് വിജിലൻസ് ചോദ്യം ചെയ്തത്. ഇവരിലും ഒരാളും മാണി കോഴ വാങ്ങിയെന്ന് മൊഴി നൽകിയിട്ടില്ല. ബാറുകളുടെ പ്രധാന ഭാരവാഹികളെയും ചോദ്യം ചെയ്തിരുന്നു. ഇവരും മാണിക്കെതിരായി മൊഴി നൽകിയിട്ടില്ല. ആരോപണവുമായി നേരിട്ട് ബന്ധമുള്ളവരെ ചോദ്യം ചെയ്യാൻ വിജിലൻസിന് കഴിയാത്തതാണ് അന്വേഷണം വൈകുന്നതിന്റെ കാരണമെന്നും സക്കാർ അറിയിച്ചു.

പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും കോടതിയെ അറിയിച്ചു. ആരോപണം ഉന്നയിച്ച ബാർ ഉടമാ സംഘടനാ നേതാവ് പിറകോട്ട് പോയെന്നും പരാമർശമുണ്ട്. ബാറുടമകൾ ഇതിനായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ ഉപസമിതി തെളിവ് തരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇവരിൽ നിന്ന് മൊഴി ലഭിച്ചാലേ വസ്തുത പിടികിട്ടൂ എന്നും  അറിയിച്ചു. വിജിലൻസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ വാദങ്ങൾ രേഖപ്പെടുത്തിയ ശേഷം അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ വിജിലൻസിന് കോടതി നിർദ്ദേശം നൽകി.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കം 19 സാക്ഷികളിൽ നിന്നു മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ 13 സാക്ഷികളെ കൂടി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനുണ്ട്. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ആരോപണത്തിൽ നിന്നു പിറകോട്ടു പോയതായും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. വിശദമായ വാദം കേൾക്കാനായി ഹർജി നാളത്തേക്ക് മാറ്റി.

പല സാക്ഷികളും അന്വേഷണവുമായി സഹകരിക്കുന്നില്ല. ബാർ അസോസിയേഷനിലെ പ്രധാന ഭാരവാഹികൾ ആരും മൊഴി നൽകാൻ പോലും എത്തുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ധനമന്ത്രി കെ എം മാണിക്കെതിരെ ബാർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച കോടികളുടെ കോഴ ആരോപണമാണ് അന്വേഷിക്കുന്നത്.

അതിനിടെ ബാർ കോഴ സംബന്ധിച്ച വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് വീണ്ടും തെളിഞ്ഞതായി ബാറുടമ ബിജു രമേശ് പ്രതികരിച്ചു. കോഴ കൊടുത്തതിന്റെ തെളിവുകൾ വിജിലൻസ് സംഘത്തിന് കൈമാറിയിരുന്നു. പ്രധാന സാക്ഷികളിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തയാറായിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

വിജിലൻസ് യഥാർത്ഥ മൊഴിയല്ല സമർപ്പിച്ചതെങ്കിൽ ബിജു രമേശ് അടക്കമുള്ള എല്ലാ സാക്ഷികൾക്കും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാനുള്ള അവകാശമുണ്ട്. വി എസ് സുനിൽകുമാർ എംഎൽഎ നൽകിയ ഹർജിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹർജി നാളെ വീണ്ടും പരിഗണിക്കും. ഹർജിയിൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ അന്വേഷണ റിപ്പോർട്ട് നൽകിയത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ ഹർജിയിൽ വിജിലൻസ് നടത്തുന്ന ക്യുക്ക് വെരിഫിക്കേഷന്റെ ഭാഗമായുള്ള മൊഴിയെടുക്കലാണ് നടത്തിയിട്ടുള്ളത്. ബാർ കോഴകേസിൽ കേസെടുക്കാനാവശ്യമായ കോഴ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ക്യുക്ക് വെരിഫിക്കേഷൻ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP