Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

18 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വീരപ്പൻ കുറ്റവിമുക്തൻ ! നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ വീരപ്പൻ പ്രതിയല്ല; കന്നഡ സൂപ്പർതാരത്തെ തട്ടിക്കൊണ്ട് പോയതിന് തെളിവില്ല; പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷണം

18 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വീരപ്പൻ കുറ്റവിമുക്തൻ ! നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ വീരപ്പൻ പ്രതിയല്ല; കന്നഡ സൂപ്പർതാരത്തെ തട്ടിക്കൊണ്ട് പോയതിന് തെളിവില്ല; പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷണം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: മരണം സംഭവിച്ച് 14 വർഷം കഴിഞ്ഞപ്പോൾ വീരപ്പൻ കുറ്റവിമുക്തനെന്ന് കോടതി. കന്നഡ സൂപ്പർതാരം രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ വീരപ്പനും ഒൻപത് കൂട്ടാളികളും കുറ്റവിമുക്തരാണെന്ന് കോടതി. ഈറോഡ് ഗോബിചെട്ടിപ്പാളയത്തെ കോടതിയാണ് കേസിൽ ഉത്തരവിറക്കിയത്. കേസിൽ പ്രോസിക്യൂഷന് മതിയായ തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് അഡീഷണൽ ജില്ലാ ജഡ്ജി മണി ചൂണ്ടിക്കാട്ടി.

കേസിലെ ആരോപണ വിധേയർ വീരപ്പന്റെ കൂട്ടാളികളാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവിന്റെ ഒരു കണിക പോലും പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയിട്ടില്ല എന്നും കോടതി പറഞ്ഞു. കൂടാതെ രാജ്കുമാറിന്റെ കുടുംബവും കോടതിയോട് സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നും വെറുതെ വിട്ടുകൊണ്ടുള്ള വിധിയിൽ ജഡ്ജി പറഞ്ഞു.

സംഭവം നടന്ന് 18 വർഷത്തിനുശേഷമാണ് വിധി വരുന്നത്. 2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂർ ഗ്രാമത്തിലെ ഫാം ഹൗസിൽ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. നവംബർ 15നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. 108 ദിവസം രാജ്കുമാർ കാട്ടിൽ കഴിയേണ്ടി വന്നിരുന്നു.

2004ൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിൽ വീരപ്പൻ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2006ൽ നടൻ രാജ്കുമാർ മരണപ്പെടുകയും ചെയ്തിരുന്നു.വീരപ്പന്റെ പേരിൽ കൊലപാതകം അടക്കം നിരവധി കേസുകളാണ് നേരത്തെ ഉണ്ടായിരുന്നത്. 1987 ജൂലായ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയ കേസായിരുന്നു ഇത്തരത്തിൽ കോളിളക്കം സൃഷ്ടിച്ച ആദ്യത്തെ കേസ്.

 വീരപ്പൻ ഉൾപ്പെട്ട പ്രധാന സംഭവങ്ങൾ

1987 ജൂലായ് : തമിഴ് നാട് വനം വകുപ്പുദ്യോഗസ്ഥൻ ചിദംബരത്തെ തട്ടിക്കൊണ്ടു പോയി വധിച്ചു.

1989 ജനുവരി: എതിർ സംഘത്തിലെ അഞ്ചു പേരെ തട്ടിക്കൊണ്ടു പോയി വധിച്ചു.

1989 ആഗസ്‌റ് : ബെഗൂർ വനാതിർത്തിയിലെ മൂന്ന് വനം വകുപ്പുദ്യോഗസ്ഥരെ കൊലപ്പെടുത്തി. 19 ദിവസങ്ങൾക്കു ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുക്കാനായത്.

1990 ജനുവരി : തമിഴ്‌നാട് പൊലീസിലെ ഒരു സബ് ഇൻസ്‌പെക്ടറെയും ഒരു ഹെഡ് കോൺസ്‌റബിളിനെയും വെടിവെച്ചു കൊന്നു. വീരപ്പൻ സംഘത്തിലെ രണ്ടു പേരെ വെടിവെച്ചു വീഴ്‌ത്തിയതിന് പ്രതികാരമായിരുന്നു ഇത്.

1990 ഏപ്രിൽ : പൊലീസുമായുള്ള ആദ്യത്തെ നേർക്കു നേർ ആക്രമണം. മൂന്നു സബ്ഇൻസ്‌പെക്ടർമാരെയും ഒരു ഹെഡ് കോൺസ്‌റബിളിനെയും വെടിവെച്ചു കൊന്നു.

1990 മെയ് : വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യ സേന രൂപീകരിച്ചു.

1990 നവംബർ : ഡെപ്യൂട്ടി ഫോറസ്‌റ് കൺസർവേറ്റർ പി. ശ്രീനിവാസിനെ വെടിവെച്ചു കൊന്ന് തലവെട്ടിയെടുത്തു. മൂന്നു വർഷങ്ങൾക്കു ശേഷമാണ് തലയോട്ടി കണ്ടെടുത്തത്. വീരപ്പന്റെ സഹോദരി മാരിയുടെ മരണത്തിന് ഉത്തരവാദി എന്നാരോപിച്ചാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്.

1992 ഫെബ്രുവരി : കർണാടകത്തിലെ ഒരു ഗ്രാനൈറ്റ് ക്വാറി ഉടമയുടെ മകനെ തട്ടിക്കൊണ്ടു പോയി ഒരു കോടി രൂപ ഇനാം ആവശ്യപ്പെട്ടു. 15 ലക്ഷം രൂപ നൽകി ഇയാൾ മകനെ മോചിപ്പിച്ചു.

1992 മെയ് : രാമപുര പൊലീസ് സ്‌റേഷൻ ആക്രമിച്ച് പൊലീസുകാരെ വധിച്ച് ആയുധങ്ങൾ കൊള്ളയടിച്ചു.

1992 ജൂൺ : വീരപ്പൻ സംഘത്തിലെ നാലു പേരെ പ്രത്യേക ദൗത്യസേന വധിച്ചു. എല്ലാവരെയും കൊന്ന് പകരം വീട്ടുമെന്ന് വീരപ്പൻ സന്ദേശമയച്ചു.

1992 ആഗസ്‌റ് : വീരപ്പൻ ഒരുക്കിയ കെണിയിൽ പ്രത്യേക ദൗത്യസേന വീണു. സേനാ തലവൻ എസ്‌പി ഹരികൃഷ്ണയുൾപ്പെടെ നാലുപേരെ വീരപ്പൻ സേന ബോംബ് വച്ച് കൊന്നു.

1993 ഏപ്രിൽ : തമിഴ്‌നാട് പൊലീസ് സംഘം സഞ്ചരിച്ചിരുന്ന ബസ് മൈൻ വച്ചു തകർത്ത് നാട്ടുകാരുൾപ്പെടെ 22 പേരെ കൊന്നു. റാംബോ എന്നറിയപ്പെടുന്ന എസ്‌പി ഗോപാലകൃഷ്ണ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു.

1993 മെയ് : കർണാടക എസ്‌പി ഗോപാൽ ഹൊസൂറിന്റെ സംഘത്തിനു എംഎം ഹില്ലിൽ വച്ച് ആക്രമണം. ആറ് പൊലീസുകാർ മരിച്ചു.

1993 ജൂലായ് : വീരപ്പൻ സംഘത്തിനെതിരെ ബിഎസ്എഫ് ആക്രമണം തുടങ്ങി. സംഘത്തിലെ 19 പേരെ പിടികൂടി.

1993 ആഗസ്‌റ് : ബിഎസ്എഫ് ആക്രമണം ശക്തമാക്കി. വീരപ്പൻ സംഘത്തിലെ 18 പേരും മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. മാസങ്ങൾക്ക് ശേഷം കീഴടങ്ങാൻ തയ്യാറാണെന്ന് സൂചിപ്പിച്ച് വീരപ്പൻ ആഡിയോ കസെറ്റ് കൊടുത്തയച്ചു.

1994 ഡിസംബർ : വിജിലൻസ് ഡിഎസ്‌പി ചിദംബരത്തെയും രണ്ടു സുഹൃത്തുക്കളെയും കോയമ്പത്തൂരിൽ നിന്നും വീരപ്പൻ തട്ടിക്കൊണ്ടു പോയി. 27 ദിവസങ്ങൾക്കു ശേഷം ഡിസംബർ 31ന് അവരെ ദൗത്യസേന രക്ഷിച്ചു. വീരപ്പന്റെ സഹോദരൻ അർജുനനും രണ്ടു കൂട്ടാളികളും ദൗത്യസേനയ്ക്ക് കീഴടങ്ങി.

1995 നവംബർ : ഈറോഡിൽ നിന്നും മൂന്ന് വനംവകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി. തടവിൽ നിന്നും ഇവരെ മോചിപ്പിക്കാൻ അഞ്ചു കോടി രൂപ ഇനാം ആവശ്യപ്പെട്ടു. അനൗദ്യോഗികമായി മുന്നര ലക്ഷം രൂപ നൽകി ഇവരെ മോചിപ്പിച്ചു.

1995 ഡിസംബർ : ദൗത്യസേനയുടെ കസ്‌റഡിയിൽ വച്ച് അർജുനനും രംഗസ്വാമിയും മരിച്ചതിന് പകരംവീട്ടാൻ ദൗത്യസേനയുമായി ഏറ്റുമുട്ടൽ. രണ്ട് മരണം.

1996 ജനുവരി : തമിഴ്‌നാട് എസ്‌പി ശെൽവനും സംഘത്തിനും നേരെ ആക്രമണം. ഒരു കോൺസ്‌റബിൾ കൊല്ലപ്പെട്ടു. എസ്‌പി പരിക്കുകളോടെ രക്ഷപെട്ടു.

1997 ഏപ്രിൽ : വീരപ്പൻ സംഘത്തിലെ രണ്ടാമൻ എന്നു കരുതപ്പെടുന്ന ബേബി വീരപ്പന്റെ ശവം വെടിയേറ്റ നിലയിൽ കാട്ടിൽ കാണപ്പെട്ടു.

1997 ജൂലായ് : 10 വനംവകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി. കീഴടങ്ങാൻ തയ്യാറാണെന്ന സന്ദേശം ഒരാളിന്റെ കൈവശം കൊടുത്തു വിട്ടു. നക്കീരൻ പത്രാധിപർ ആർ. ആർ. ഗോപാലിന്റെ മധ്യസ്ഥതയിൽ ബാക്കിയുള്ളവരെയും വിട്ടയച്ചു.

1998 ഡിസംബർ : വെല്ലിത്തുപ്പൂർ പൊലീസ് സ്‌റേഷൻ ആക്രമിച്ച് ആയുധങ്ങൾ കവർന്നു. സംഘത്തിൽ അംഗങ്ങൾ കുറഞ്ഞതിനെതുടർന്ന് പൊതുമാപ്പ് കിട്ടി കീഴടങ്ങാൻ തമിഴ്‌നാട് സർക്കാരുമായി ചർച്ച.

1999 ഏപ്രിൽ : വീണ്ടും ആക്രമണവും തട്ടിക്കൊണ്ടു പോകലും. മൂന്നു വനംവകുപ്പുദ്യോഗസ്ഥരെ ധർമ്മപുരിയിലെ ഹോംഗനേക്കലിൽ നിന്നും തട്ടിക്കൊണ്ടു പോയി. കീഴടങ്ങാൻ വ്യവസ്ഥകൾ വെളിപ്പെടുന്ന കസെറ്റ് കളക്ടർക്ക് കൊടുത്തു വിട്ടു.

2000 ജൂലായ് : കന്നട സൂപ്പർ താരം രാജ്കുമാറിനെയും മറ്റു നാലുപേരെയും തട്ടിക്കൊണ്ടു പോയി. നക്കീരൻ പത്രാധിപർ ഗോപാലും പി. നെടുമാരനും രാജ്കുമാറിന്റെ മോചനത്തിന് മധ്യസ്ഥരായി. 100 ദിവസം കഴിഞ്ഞ് രാജ്കുമാറിനെ വീരപ്പൻ വിട്ടയച്ചു.

രാജ്കുമാറിനെ വിട്ടയച്ചതിനു ശേഷം വീരപ്പന്റെ താവളങ്ങളിൽ ദൗത്യസേന പരിശോധന കർശനമാക്കി. കേരളം, കർണാടകം, തമിഴ്‌നാട് സർക്കാരുകൾ ഒരേ സമയം വീരപ്പൻ വേട്ടയ്ക്കിറങ്ങി.

കേരള തമിഴ്‌നാട് അതിർത്തിയിലുള്ള ചിന്നാംപതി കാട്ടിൽ വീരപ്പൻ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടെ ശക്തമായ തിരച്ചിൽ നടത്തി. വീരപ്പൻ സംഘവുമായി നേരിട്ട് ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടായെന്ന് പൊലീസ് അവകാശപ്പെട്ടു. കാട്ടിൽ നിന്നും ബാഗുകളും ആയുധങ്ങളും മരുന്നും കണ്ടെടുത്തു.

മുൻ ഡിജിപി വാൾട്ടർ ദേവാരത്തിന്റെ കീഴിൽ ദൗത്യസേന പുനഃസംഘടിപ്പിച്ച് വീണ്ടും ഊർജിതമായ തിരച്ചിൽ നടത്തി. ഒട്ടേറെ പേരെ പിടികൂടി. ആയുധങ്ങളും വൻതുകയും ഇവരിൽ നിന്നും പിടിച്ചെടുത്തു. വീരപ്പൻ സംഘത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയെന്ന് വിശ്വസിച്ചിരുന്ന നാളുകളായിരുന്നു അത്.

2002 ആഗസ്‌റ് 25: കർണാടക മുൻ മന്ത്രിയും ജനതാദൾ നേതാവുമായ എച്ച് നാഗപ്പയെ തട്ടിക്കൊണ്ടുപോയി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP