Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്: നിർമ്മലൻ ഫെബ്രുവരി 19 ന് ഹാജരാകാൻ തലസ്ഥാനത്തെ മുൻസിഫ് കോടതിയുടെ അന്ത്യശാസനം; ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി തള്ളി

700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്: നിർമ്മലൻ ഫെബ്രുവരി 19 ന് ഹാജരാകാൻ തലസ്ഥാനത്തെ മുൻസിഫ് കോടതിയുടെ അന്ത്യശാസനം; ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി തള്ളി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും അനവധി പേർ വഞ്ചിക്കപ്പെട്ട 700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പു കേസിൽ മാനേജിങ് പാർട്ട്ണർ നിർമ്മലൻ ഫെബ്രുവരി 19 ന് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതി അന്ത്യശാസനം നൽകി. ഹാജരാകാൻ കൂടുതൽ സമയം തേടിക്കൊണ്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. അന്നേ ദിവസം കാര്യ വിവര പത്രിക ഹാജരാക്കാനും മുൻസിഫ് ജിഷാ മുകുന്ദൻ ഉത്തരവിട്ടു. നിർമൽ കൃഷ്ണചിട്ടി ഫണ്ടിലും നിർമൽ കൃഷ്ണനിധി ലിമിറ്റഡിന്റെ സേവിങ്‌സ് അക്കൗണ്ടിലുമായി 7. 67 ലക്ഷം രൂപ നിക്ഷേപിച്ച ക്യാൻസർ രോഗിയായ വീട്ടമ്മയും മകളും സമർപ്പിച്ച കേസിലാണ് കോടതി നിർമലനോടും ഒഫീഷ്യൽ റിസീവറോടും ജനുവരി 13 ന് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ നിർമലൻ കൂടുതൽ സമയം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്.

കേരള സംസ്ഥാന അതിർത്തി ജില്ലയായ കന്യാകുമാരിയിലെ വിളവൻകോട് താലൂക്കിൽ കന്നുമാമൂട് സ്വദേശികളായ വീട്ടമ്മയും മകളുമാണ് പരാതിക്കാർ. വീട്ടമ്മയുടെ ഭർത്താവ് മധ്യപ്രദേശ് ജബൽപൂരിൽ ഇന്ത്യൻ കോഫി വർക്കേഴ്‌സ് സഹകരണ സംഘത്തിലെ ജീവനക്കാരനായിരിക്കെ ആരോഗ്യ കാരണങ്ങളാൽ സ്വമേധയാ സർവീസിൽ നിന്ന് വിരമിച്ചു. 2018ൽ എറണാകുളം അമൃതാ ആശുപത്രിയിൽ ഇടത് കാൽ മുറിച്ചുമാറ്റിയുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടമ്മ തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണ്.

നിക്ഷേപ തട്ടിപ്പിന് തമിഴ്‌നാട് നാഗർകോവിൽ എക്കണോമിക് ഒഫൻസ് വിങ് കേസെടുത്തിരുന്നു. കുറ്റപത്രം നിക്ഷേപ തട്ടിപ്പ് കേസുകൾ വിചാരണ ചെയ്യുന്ന സ്‌പെഷ്യൽ കോടതിയായ മധുര സ്‌പെഷ്യൽ ജില്ലാ ജഡ്ജി മുമ്പാകെ 2019 ൽ ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞ പ്രതികളായ നിർമ്മലനും പാർട്ട്ണർമാരും ഇപ്പോൾ ജാമ്യത്തിലാണ്. 1997 ൽ നിലവിൽ വന്ന തമിഴ്‌നാട് ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് നിയമം, 1978 ൽ നിലവിൽ വന്ന പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീം തടയൽ നിയമം , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന , വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കോടതി വിചാരണ നടന്നു വരികയാണ്.

സ്ഥാപന ഉടമയായ നിർമ്മലൻ, ഇയാളുടെ സഹോദരിമാരായ ലേഖ, ഉഷാകുമാരി, ജയ, നിർമ്മലന്റെ ഭാര്യ രേഖ, സ്ഥാപനത്തിന്റെ മാനേജർമാരായ ശേഖരന്റെ ഭാര്യ ശാന്തി കുമാരി എന്നിവരാണ് വഞ്ചനാ കേസിലെ പ്രതികൾ. നിർമൽ കൃഷ്ണനിധി ലിമിറ്റഡ് എന്ന പേരിൽ 1995 ൽ രജിസ്റ്റർ ചെയ്ത് തമിഴ്‌നാട് പളുകൽ മത്തംപാലയിലും നിർമൽകൃഷ്ണ ഫണ്ട് എന്ന പേരിലും നടത്തിവന്ന സ്ഥാപനങ്ങളാണ് 2017 ആയപ്പോൾ നിക്ഷേപകർക്ക് പണം തിര്യെ നൽകാനാവാതെ നിക്ഷേപകർ ചതിക്കപ്പെട്ടത്. തൈയ്ക്കാട് ജഗതി എസ് കെ എൻ ആർ എ ലെയിനിൽ റ്റി.സി. 16/779 1 ൽ ആണ് കെ.കൃഷ്ണൻ നായർ മകൻ കെ. നിർമ്മലൻ ഇപ്പോൾ താമസിക്കുന്നത്.

2017 ഓഗസ്റ്റ് 31 ന് സ്ഥാപനം അടച്ചു പൂട്ടിയ നിർമ്മലൻ നിക്ഷേപകരെ ബോധപൂർവ്വം ചതിക്കാനായി തന്ത്രപൂർവ്വം പാപ്പർ ഹർജി ( ഇൻസോൾവൻസി കേസ് ) തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു. തനിക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ടു കോടി പതിനഞ്ചു ലക്ഷത്തി പന്ത്രണ്ടായിരത്തി നാന്നൂറ്റിമുപ്പത്തൊമ്പത് രൂപയുടെ ബാധ്യതയുണ്ടെന്നും അത് തിര്യെ നൽകാനുള്ള ആസ്തി തനിക്കില്ലെന്നും അതിനാൽ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നും തന്റെ കൈവശം നിലവിലുള്ള ആസ്തികൾ റിസീവർ മുഖേന വിറ്റഴിച്ച് കോടതി മുഖാന്തിരം ബാധ്യതകൾ തീർത്തു നൽകണമെന്ന് കാണിച്ചാണ് നിർമ്മലൻ ഇൻസോൾവന്റ് ഒ.പി. കേസ് ഫയൽ ചെയ്തത്. അതേ സമയം നിക്ഷേപകരിൽ നിന്നും ചതിവിലൂടെ സമ്പാദിച്ച തുക കൊണ്ട് ബിനാമി പേരുകളിലും മറ്റും നിർമ്മലൻ വാങ്ങിക്കൂട്ടിയ സ്ഥാവര ജംഗമ സ്വത്തുക്കൾ കോടതിയിൽ നിർമലൻ ഹാജരാക്കിയ ആസ്തി പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന ആക്ഷേപവും നിക്ഷേപകർ ഉന്നയിച്ചിട്ടുണ്ട്.

പ്രതികളുടെ ആസ്തികൾ വിറ്റഴിച്ച് നിക്ഷേപകരുടെ പണം തിര്യെ നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 2018 ഓഗസ്റ്റ് 21 ന് ഉത്തരവിട്ടിരുന്നു. നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പുകേസിൽ അറസ്റ്റിലാവാനുള്ള അഞ്ചു സ്ത്രീകളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുകൽപ്പിക്കുമ്പോഴാണ് കോടതി നിക്ഷേപകർക്ക് അനുകൂലമായി ഉത്തരവ് നൽകിയത്. നിക്ഷേപത്തുക തിര്യെ നൽകുന്നതിനായി ഒത്തുതീർപ്പു ഫോർമുല സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങളുടെ ആസ്തികൾ വിറ്റഴിച്ച് ബാധ്യതകൾ തീർക്കുന്നതിനായി സമ്മതമറിയിച്ച് ഇവർ കോടതി മുമ്പാകെ ഹർജി സമർപ്പിക്കുകയായിരുന്നു. ഇവർ നൽകിയിട്ടുള്ളതിൽ നിന്ന് കൂടുതൽ ആസ്തികൾ കണ്ടെത്തുകയാണെങ്കിൽ അതും ഇത്തരത്തിൽ വിറ്റഴിക്കുന്നതിന് ഇവർ സമ്മതമറിയിച്ചു. ഇതിനെ തുടർന്ന് കോടതി അഞ്ച് പേർക്കും നിബന്ധനകൾക്ക് വിധേയമായി ജാമ്യമനുവദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP