Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുട്ടിൽ മരംമുറിക്കേസിൽ ഇനി നിർണായകം സർക്കാർ നിലപാട്; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യഹർജിയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് റെയ്ഞ്ചർ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി

മുട്ടിൽ മരംമുറിക്കേസിൽ ഇനി നിർണായകം സർക്കാർ നിലപാട്; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യഹർജിയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് റെയ്ഞ്ചർ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം : 2020 ലെ റവന്യൂ വകുപ്പിന്റെ മരം മുറി ഉത്തരവുകളുടെ മറവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിന്നും വനം മാഫിയ 400 കോടിയിലധികം രൂപയുടെ വനം കൊള്ള നടത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ വനം കേസായ വയനാട് മുട്ടിൽ 15 കോടിയുടെ തേക്ക്, ഈട്ടി മരം മുറി കേസിൽ പ്രതികളായ റോജി അഗസ്റ്റിനും കൂട്ടു പ്രതികളായ സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്.

വയനാട് മുട്ടിൽ വനം കൊള്ള കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വയനാട് സൂര്യ ടിമ്പേഴ്‌സ് ഉടമകളായ വാഴവട്ട മൂങ്കനാനിയിൽ ആന്റോ അഗസ്റ്റിൻ , ജോസുകുട്ടി അഗസ്റ്റിൻ , റോജി അഗസ്റ്റിൻ എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയിലാണ് സർക്കാർ നിലപാട് ജൂൺ 17 ന് അറിയിക്കേണ്ടത്.

മോഷണ മുതലുകളായി ആരോപിക്കപ്പെട്ട തേക്ക് , ഈട്ടി മരങ്ങൾ വനം വകുപ്പ് റിക്കവറി നടത്തിയതിനാൽ യാതൊരന്വേഷണത്തിനും തങ്ങളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തങ്ങൾ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ അറസ്റ്റു ചെയ്യുന്ന പക്ഷം ഉടനടി ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യാഗസ്ഥർക്ക് ഹൈക്കോടതി നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്. വയനാട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ നിലവിലുള്ള വനം കേസായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ക്രൈം കേസ് (ഒ ആർ) ഒക്കറൻസ് റിപ്പോർട്ടിലാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്. പ്രതികൾക്കെതിരെ 39 കേസുകൾ രജിസ്റ്റർ ചെയ്തതായി ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. പ്രതികളുടെ അറസ്റ്റും കസ്റ്റഡി ചോദ്യം ചെയ്യലും സംബന്ധിച്ച സർക്കാർ ഹൈക്കോടതി മുമ്പാകെ എടുക്കുന്ന നിലപാട് ജൂൺ 17 ന് നിർണ്ണായകമാകും.

അതേ സമയം പട്ടയഭൂമിയിൽ നിന്നോ റിസർവ് വനങ്ങളിൽ നിന്നോ തേക്കോ വീട്ടിമരങ്ങളോ മുറിക്കാൻ സർക്കാർ 2020 ൽ ഉത്തരവിറക്കിയിട്ടില്ലെന്ന് മുൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജൂൺ 15 ന് മാധ്യമങ്ങളോട് വ്യക്തമാക്കി. കൃഷിക്കാർ നട്ടുവളർത്തിയ തേക്ക്, ഈട്ടി എന്നീ മരങ്ങൾ ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ് ഉത്തരവ് ഇറക്കിയതെന്നും അവർ വ്യക്തമാക്കി.

സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്തും ദുർവ്യാഖ്യാനം ചെയ്തുമാണ് വ്യാപക വനംകൊള്ള നടന്നത്.അതേ സമയം സി ബി സി ഐ ഡി ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണ സംഘം കേസിൽ മോഷണക്കുറ്റത്തിന്റെ വകുപ്പായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 379 ഉം എസ് സി എസ് റ്റി അതിക്രമം തടയൽ നിയമവും ചുമത്തി മജിസ്‌ട്രേട്ട് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി. വനം കുറ്റകൃത്യങ്ങളുടെ എഫ് ഐ ആറുകൾക്കൊപ്പം ഈ കുറ്റകൃത്യങ്ങൾ കൂടി നടന്നതായി ചൂണ്ടിക്കാട്ടിയാണ് അഡീ. റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള റവന്യു , വന ഭൂമിയിൽ നിന്ന് വൃക്ഷങ്ങൾ മുറിച്ചുകടത്തിയതിനാലും ആദിവാസി , ഗോത്ര വനമേഖലകളിൽ നിന്നും വനംകൊള്ള നടന്നതിലാണ് ഇപ്രകാരം വകുപ്പുകൾ കൂട്ടി ചേർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP