Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

മുത്തലാഖ് ഭരണാഘടനാ വിരുദ്ധം; മുസ്ലിം വിവാഹ മോചനത്തിന് വേണ്ടി പാർലമെന്റ് നിയമം പാസാക്കണം; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായം ഇങ്ങനെ: പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് ഇട്ടുകൊടുത്ത് സുപ്രീംകോടതി; ചീഫ് ജസ്റ്റീസിന്റെ വാദങ്ങൾ ഭൂരിപക്ഷം അംഗീകരിച്ചില്ല

മുത്തലാഖ് ഭരണാഘടനാ വിരുദ്ധം; മുസ്ലിം വിവാഹ മോചനത്തിന് വേണ്ടി പാർലമെന്റ് നിയമം പാസാക്കണം; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായം ഇങ്ങനെ: പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് ഇട്ടുകൊടുത്ത് സുപ്രീംകോടതി; ചീഫ് ജസ്റ്റീസിന്റെ വാദങ്ങൾ ഭൂരിപക്ഷം അംഗീകരിച്ചില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ന്യൂഡൽഹി: മുത്തലാഖിന് രാജ്യത്ത് നിരോധനം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ അഞ്ച് ജസ്റ്റിസുമാരിൽ മൂന്ന് പേർ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേർ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. എങ്കിലും ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അഭിപ്രായത്തിൽ സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ്, യു.യു. ലളിത്, ആർ.എഫ്. നരിമാൻ എന്നിവർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് കെഹാർ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ആറു ദിവസം തുടർച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആപുതിയ നിയമം കൊണ്ടു വരണമെന്നും ഇതിനായി ആറ് മാസത്തെ സമയം അനുവദിക്കുന്നതായും അതുവരെ രാജ്യത്ത് മുത്തലാഖ് പ്രകാരം വിവാഹമോചനം അനുവദിക്കരുതെന്നും നിർദ്ദേശിച്ചു. നേരത്തെ, ബഹുഭാര്യത്വം സംബന്ധിച്ച വിഷയം തങ്ങൾ പരിഗണിക്കുന്നില്ലെന്ന് വാദത്തിനിടെ വ്യക്തമാക്കിയ കോടതി, മുത്തലാഖ് മതത്തിലെ അടിസ്ഥാന അവകാശമാണോ എന്നാണ് പരിശോധിക്കുന്നതെന്ന് പറഞ്ഞിരുന്നു. യു.പി സ്വദേശിനി സൈറാ ബാനു നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് വിധി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജി. മുത്തലാഖ് ഭരണഘടനയുടെ 25, 14, 21 വകുപ്പുകളെ ലംഘിക്കുന്നതല്ല. വിശ്വാസപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നില്ല. നിയമനിർമ്മാണമാണ് പ്രശ്‌നത്തിനുള്ള പരിഹാരം. ആറുമാസത്തിനകം നിയമനിർമ്മാണം കൊണ്ടു വരണമെന്നും കോടതി വ്യക്തമാക്കി. ഇതുവരെ നിരോധനവുമുണ്ട്. അതുകൊണ്ട് തന്നെ മുത്തലാഖ് ഇനി നടക്കാനിടയില്ല.

ഭരണഘടനയുടെ 14ാം അനുച്ഛേദ പ്രകാരം ആരാധനയ്ക്കും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യത്തിനു കീഴിൽ വരുന്നതാണോ വ്യക്തിനിയമങ്ങൾ മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനാ സാധുതയുണ്ടോ തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. മുസ്ലിം വ്യക്തി നിയമത്തിലെ വിവാഹവും തലാഖും പരിശോധിക്കവെ സ്ത്രീ വെറും വിനിമയ ചരക്കാണോ എന്ന് പരമോന്നത കോടതി 2015 ഒക്ടോബർ 16ന് ചോദിച്ചിരുന്നു. അസാധാരണമായ പൊതുതാത്പര്യ ഹർജിയിലൂടെ കോടതി സ്വയമേവ കേസെടുക്കുകയായിരുന്നു. ഏകപക്ഷീയമായ വിവാഹമോചനം ബഹുഭാര്യാത്വം, നിക്കാഹ് ഹലാല (തലാഖ് ചെയ്യപ്പെട്ട സ്ത്രീ ആദ്യഭർത്താവിനെ വീണ്ടും സ്വീകരിക്കാനായി മറ്റൊരാളെ നിക്കാഹ് ചെയ്ത് ഒഴിയുന്ന രീതി) എന്നിവ ഈ ഹർജിയിൽ പരിഗണനാവിഷയമായെങ്കിലും പിന്നീട് മുത്തലാഖ് മാത്രം പരിഗണനാവിഷയമായി കോടതി നിജപ്പെടുത്തുകയായിരുന്നു. ഈ കേസിലാണ് സുപ്രധാന വിധി വരുന്നത്. മുത്തലാഖിന് എതിരാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണവും നടക്കാനിടയുണ്ട്. എന്നാൽ രാജ്യസഭയിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയുമാകും.

കോടതി വിചാരണയിൽ നിരവധി മുസ്ലിം വനിതകളും സംഘടനകളും ഈ കേസിൽ കക്ഷി ചേർന്നിരുന്നു. സെൻസസ് പ്രകാരം രാജ്യത്തെ എട്ട് ശതമാനമുള്ള മുസ്ലിം സ്ത്രീകൾക്ക് മറ്റ് കൃസ്ത്യൻ-ഹിന്ദു ഭാര്യമാരെപ്പോലെ തുല്യ ജീവിത അവകാശം മുത്തലാഖ്മൂലം നിഷേധിക്കപ്പെടുകയാണെന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ പറഞ്ഞു. തലാഖുകൾക്കെതിരെ ഭർത്താക്കന്മാരെ ഉപദേശിക്കുന്ന പരസ്യ നിർദ്ദേശം രാജ്യത്തെ എല്ലാ ഖാസിമാർക്കും നൽകാമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ് കോടതി മുമ്പാകെ സത്യവാങ്മൂലത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. അത് ലംഘിക്കുന്ന പുരുഷന്മാരെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും ലോ ബോർഡ് അറിയിച്ചിരുന്നു. മുത്തലാഖിനെക്കുറിച്ചു സ്ത്രീയുടെ അഭിപ്രായം കൂടി വിവാഹ ഉടമ്പടിയിൽ ഉൾപ്പെടുത്താമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമേ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്താവൂ എന്നു വിവാഹ ഉടമ്പടി സമയത്തു പുരുഷന്മാരെ ഉപദേശിക്കാൻ പണ്ഡിതർക്കു കർശന നിർദ്ദേശം നൽകുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. സൃഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്നായിരുന്നു ഹർജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകന്റെ വാദം. മുത്തലാഖ് പാപമാണെങ്കിൽ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നുമുള്ള നിർദ്ദേശം പാസാക്കിയിരുന്നതായും മുസ്ലിം വ്യക്തി നിയമ ബോർഡ് കോടതിയെ അറിയിച്ചിരുന്നു.

മൂന്നുകോടി മുസ്ലിം സ്ത്രീകൾ മുത്തലാഖിനെ അനുകൂലിച്ചു ഭീമഹർജി തയാറാക്കിയിരുന്നു. ബാഹ്യ ഇടപെടലുകളിലൂടെ മാറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ഒന്നു രണ്ടുവർഷത്തിനകം മുത്തലാഖ് നിർത്തലാക്കുമെന്നുമായിരുന്നു മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദം.

വാദത്തിന്റെ തുടക്കത്തിൽ ചീഫ് ജസ്റ്റിസ് ജെ എസ് കേഹറും ജസ്റ്റിസ് അബ്ദുൾ നസീറും മുത്തലാഖിനെ അനുകൂലിച്ചു. മുത്തലാഖ് മുസ്ലിം നിയമത്തിന്റെ ഭാഗമാണെന്നും മൗലിക അവകാശത്തിൽ ഉൾപ്പെട്ട സ്റ്റാറ്റസ് മുത്തലാഖ് അനുഭവിക്കുന്നതായും പറഞ്ഞു. കൂടാതെ മുത്തലാഖിനെ സംബന്ധിച്ച ഒരു നിയമം പാർലമെന്റ് നിർമ്മിക്കണമെനന്നും ചീഫ് ജസ്റ്റിസ് കേഹർ ആവശ്യപ്പെട്ടു.

11.20ഓടെ ജസ്റ്റിസ് കുര്യൻ മുത്തലാഖ് ഖുറാന് വിരുദ്ധമാണെന്നും ഇത് ശരിയത് നിയമത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. അതിനാൽ മുത്തലാഖ് ഇസ്ലാം മതത്തിന്റെ ഭാഗമാണെന്നുള്ള ചീഫ് ജസ്റ്റിസ് കേഹറിന്റെ വാദത്തോട് യോജിക്കാനാവില്ലെന്നും ജസ്റ്റിസ് കുര്യൻ പറഞ്ഞു. ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ജോസഫും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. ഖുറാന്റെ പഠനങ്ങളിൽ മുത്തലഖിനെ കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP