Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാറിൽ കയ്യേറ്റം തടയുന്നതിൽ വീഴ്ചവന്നതിന് സർക്കാർ ഹരിത ട്രിബ്യൂണലിന് മുന്നിൽ ഉത്തരം പറയേണ്ടിവരും; 2015ലെ വിധി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ നിർദ്ദേശം; എൻഒസി കിട്ടാത്ത കെട്ടിടങ്ങൾക്ക് വൈദ്യുതി എത്തിച്ച കെഎസ്ഇബിയും കുടുങ്ങും

മൂന്നാറിൽ കയ്യേറ്റം തടയുന്നതിൽ വീഴ്ചവന്നതിന് സർക്കാർ ഹരിത ട്രിബ്യൂണലിന് മുന്നിൽ ഉത്തരം പറയേണ്ടിവരും; 2015ലെ വിധി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ നിർദ്ദേശം; എൻഒസി കിട്ടാത്ത കെട്ടിടങ്ങൾക്ക് വൈദ്യുതി എത്തിച്ച കെഎസ്ഇബിയും കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മൂന്നാർ വിഷയത്തിൽ പ്രശ്‌നങ്ങൾ പുകയുന്നതിനിടെ ദേശീയ ഹരിത ട്രിബ്യൂണൽ 2015 ഒക്ടോബറിൽ പാലിച്ച വിധി പാലിക്കുന്നതിൽ അലംഭാവം കാണിച്ചതും സംസ്ഥാന സർക്കാരിന് അടുത്ത തലവേദനയാകുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തുൾപ്പെടെ മൂന്നാർ കയ്യേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള ഹരിത ട്രിബ്യൂണൽ നിർദ്ദേശം അവഗണിക്കപ്പെട്ടതാണ് ഇപ്പോൾ വിനയാകുന്നത്. ഇതോടെ സർക്കാർ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ട വന്നേക്കുമെന്നാണ് സൂചനകൾ. ഇതുസംബന്ധിച്ച് ഇന്ന് ചൈന്നൈയിൽ ഹരിത ട്രിബ്യൂണൽ കോടതി നിർദ്ദേശം നൽകി.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേവീകുളം സബ്കളക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടായെങ്കിലും അതിനും ഇപ്പോൾ സർക്കാർ തടയിട്ട നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

എന്നാൽ ഇതിനിടെ കഴിഞ്ഞയാഴ്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണൽ സതേൺ സോൺ സ്വമേധയാ കേസെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കേസ് പരിഗണിച്ച ട്രിബ്യൂണലിന് മുന്നിൽ മുമ്പ് പ്രഖ്യാപിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന പരാതിയാണ് ഉയർന്നത്. ഇതോടെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുന്ന നടപടികളിലേക്കാണ് ഹരിത ട്രിബ്യൂണൽ കടക്കുന്നത്.

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലിന് ശക്തമായ നടപടികൾ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നതിനിടെയാണ് സർക്കാർ ഇടപെടലുണ്ടായതും വൻകിട കയ്യേറ്റമൊഴിപ്പിക്കലിന് തടസ്സം നേരിട്ടതും. ഇതിന്റെ പശ്ചാത്തലത്തിൽ വന്ന വാർത്തകൾ പരിഗണിച്ച് ഇപ്പോൾ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും കടുത്ത നടപടിയെടുക്കാനാണ് 2015 ഒക്ടോബറിൽ ഹരിത ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാന ചീഫ് സെക്രട്ടറി, ഇടുക്കി ജില്ലാകളക്ടർ, ദേവികുളം സബ്കളക്ടർ, തഹസിൽദാർ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി, ദേശീയ ഹൈവേ, കെഎസ്ഇബി, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, പൊള്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരെ എതിർകക്ഷികളാക്കി മൂന്നാർ പുനഃസ്ഥാപന സൊസൈറ്റി നൽകിയ പരാതിയിലാണ് കയ്യേറ്റങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകിയത്. എന്നാൽ ഇതിൽ പലതും അവഗണിക്കപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെയാണ് ഇക്കഴിഞ്ഞ ആഴ്ച പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരിത ട്രിബ്യൂണൽ മൂന്നാറിലെ വിഷയങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെടുകയായും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

ഈ കേസാണ് ഇന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച്് പരിഗണിച്ചത്. ഇതോടെ കഴിഞ്ഞ തവണ ട്രിബ്യൂണൽ നൽകിയ വിധിയിൽ എന്തെല്ലാം നടപ്പാക്കി സർക്കാർ എന്ന് വിശദീകരണം തേടിയിരിക്കുകയാണ്. കേസെടുത്തപ്പോൾ തന്നെ വനംപരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, മൂന്നാർ മുനിസിപ്പൽ കമ്മീഷണർ എന്നിവർക്ക് ട്രിബ്യൂണൽ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സർവ്വകക്ഷിയോഗം വരെ സർക്കാർ നിർത്തി വച്ചിരിക്കുമ്പോഴാണ് ഹരിത ട്രിബ്യൂണൽ കേസ് എടുത്തത്. ഇതിനിടെ കയ്യേറ്റസ്ഥലങ്ങളിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്ക് കെഎസ്ഇബി വൈദ്യുതി കണക്ഷനുകൾ ഉൾപ്പെടെ നൽകുന്ന സ്ഥിതിയുമുണ്ടായി. എന്തുകൊണ്ടാണ് കയ്യേറ്റമെന്നും ബോധ്യപ്പെട്ടിട്ടും വൈദ്യുതി കണക്ഷൻ പോലും വിച്ഛേദിക്കാതിരുന്നതെന്നും ചോദ്യമുയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം യുക്തമായ വിശദീകരണം ബോധ്യപ്പെടുത്താനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

അനധികൃത കയ്യേറ്റവും നിർമ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വൻകെട്ടിടങ്ങൾ മൂന്നാറിൽ ഉയരുകയാണ്. കുന്നുകൾ ഇടുച്ചുനിരത്തിയും താഴ്‌നിലങ്ങൾ മണ്ണിട്ടു തൂർത്തും മൂന്നാറിനെ ഇല്ലാതാക്കുന്നുവെന്നും പത്രവാർത്തയിൽ നിന്ന് വ്യക്തമായെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി മൂന്നാർ അതീവ അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയവും നടപടികൾ സ്വീകരിക്കാനിരിക്കുകയാണ്. ഇത്തരത്തിൽ ശക്തമായ നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുകൂടി വരുന്നത് സംസ്ഥാന സർക്കാരിന് മൂന്നാർ വിഷയത്തിൽ കടുത്ത ജാഗ്രത പാലിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി സ്‌നേഹികൾ.

2007ൽ വി എസ് സർക്കാരിന്റെ കാലത്ത് നടന്ന മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെ അഭിനന്ദിച്ചുകൊണ്ടും ഭൂമി തിരിച്ചുപിടിക്കാനും പരിസ്ഥിതി നാശം തടയാനും കൈക്കൊള്ളുന്ന നടപടികളെ പരാമർശിച്ചുമാണ് 2015ൽ ഹരിത ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വന്ന സർക്കാരും 784 ഹെക്ടർ കയ്യേറ്റഭൂമി ഒഴിപ്പിച്ചെന്നും വിധിയിൽ പരാമർശിച്ചിരുന്നു. ഇത്തരത്തിൽ കയ്യേറ്റമൊഴിപ്പിക്കാനും പരിസ്ഥിതിയെ രക്ഷിക്കാനും നടപടികൾ ശക്തമാക്കാനുള്ള നിർദേശങ്ങളാണ് ട്രിബ്യൂണൽ അന്ന് നൽകിയത്.

മൂന്നാറിൽ വാണിജ്യാവശ്യങ്ങൾക്കായി കെട്ടിടം നിർമ്മിക്കാൻ എൻഒസി കൊടുക്കരുതെന്ന കർശന നിർദേശമാണ് ഈ വിധിയിൽ ജില്ലാ കളക്ടറോട് ട്രിബ്യൂണൽ നിർദേശിച്ചിരുന്നത്. ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നും വ്യക്തമാക്കിയിരുന്നു. അതും പട്ടയത്തിന്റെ കാര്യത്തിലും മറ്റും ചട്ടലംഘനം നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാകണമെന്നും നിർദേശിച്ചിരുന്നു.

എൻഒസി ലഭിക്കാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്ക് ഒരു കാരണവശാലും കെഎസ്ഇബി കണക്ഷൻ നൽകരുതെന്ന കർശന നിർദേശവും ട്രിബ്യൂണൽ കഴിഞ്ഞ ഉത്തരവിൽ നൽകിയിരുന്നു. ഇത് ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇത്തരം കണക്ഷനുകൾ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന ചോദ്യവും ട്രിബ്യൂണൽ ഉയർത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം സർക്കാർ ഉത്തരം നൽകേണ്ട സ്ഥിതിയിലേക്കാണ് ട്രിബ്യൂണൽ വിശദീകരണം തേടിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP