Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി; നിയമാനുസൃത നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകി

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി; നിയമാനുസൃത നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദ്ദേശം നൽകിയത്. നിയമാനുസൃത നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസലാണ് ഹർജി നൽകിയത്. അതേസമയം ഫൈസലിന്റെ കുറ്റവും ശിക്ഷയും മരവിപ്പിച്ചതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അയോഗ്യനാക്കപെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമോ എന്നതിൽ തീരുമാനമെടുക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഫൈസൽ ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനെ സുപ്രീം കോടതി വിമർശിച്ചു.

ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വധശ്രമകേസിൽ ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരെഞ്ഞെടുപ്പ് തടയണമെന്ന് അയോഗ്യനാക്കപ്പെട്ട എംപിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, കെ.ആർ ശശിപ്രഭും വാദിച്ചു. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിയുടെ പകർപ്പ് അഭിഭാഷകർ കോടതിക്ക് കൈമാറി.

എംപി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുവെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അറിയിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ് സുപ്രീം കോടതിയെ അറിയിച്ചു. ഹർജിയിൽ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ കടുത്ത പരാമർശങ്ങൾ അനുചിതമാണെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം ശിക്ഷയ്ക്ക് എതിരെ അപ്പീൽ നൽകിയിട്ടുണ്ടോയെന്ന കാര്യം എന്തുകൊണ്ടാണ് അയോഗ്യത സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് പരിശോധിക്കാത്തത് എന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇന്റർനെറ്റ് യുഗത്തിൽ ഇക്കാര്യങ്ങൾ ഒക്കെ അറിയാൻ ബുദ്ധിമുട്ട് ആണോയെന്നും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്ന ആരാഞ്ഞു. അയോഗ്യത സംബന്ധിച്ച തീരുമാനം സ്പീക്കറാണ് എടുത്തതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, എന്തുകൊണ്ട് തിരെഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യങ്ങൾ സ്പീക്കറിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെന്ന് കോടതി ആരാഞ്ഞു.

സുപ്രീം കോടതിയുടെ ഇന്നത്തെ നിർദ്ദേശത്തോടെ ഉപതിരെഞ്ഞടുപ്പ് നടത്തുന്നത് സംബന്ധിച്ച തീരുമാനത്തിൽ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് ഇനി നിർണ്ണായകം ആകുക.

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് ഉൾപ്പെടെയാണു കവരത്തി സെഷൻസ് കോടതി വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ.

എന്നാൽ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. തുടർന്ന് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു മോചിതനാവുകയായിരുന്നു. മുഹമ്മദ് ഫൈസലിന്റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും ജയിക്കുന്നയാൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തി.

വിചാരണക്കോടതി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് അപ്പീൽ കോടതി സസ്‌പെൻഡ് ചെയ്താൽ അയോഗ്യത ഇല്ലാതാകുമെന്നു കോടതി വ്യക്തമാക്കി. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് സസ്‌പെൻഡ് ചെയ്തില്ലെങ്കിൽ പ്രതി മാത്രമല്ല, രാജ്യവും നേരിടേണ്ടത് വലിയ അനന്തരഫലമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP