Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; സർക്കാർ നിലപാടറിയിക്കാൻ വിജിലൻസ് കോടതി ഉത്തരവ്

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; സർക്കാർ നിലപാടറിയിക്കാൻ വിജിലൻസ് കോടതി ഉത്തരവ്

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. അന്വേഷണം ഇഴയുന്നതിനാൽ കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും നിലവിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി എസ്. അച്ചുതാനന്ദൻ സമർപ്പിച്ച കേസന്വേഷണ നിരീക്ഷണ ഹർജിയിലാണ് കോടതി ഉത്തരവ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 156 (3) പ്രകാരമുള്ള ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനാണ് വിജിലൻസ് ജഡ്ജി എം.ബി. സ്നേഹലത വിജിലൻസ് ലീഗൽ അഡ്വൈസറോട് നിർദ്ദേശിച്ചത്.

നിരീക്ഷണ ഹർജിയോടൊപ്പം വി എസ്.സമർപ്പിച്ച കൂടുതൽ സാക്ഷിപ്പട്ടികയിലെ സാക്ഷികളെ വിജിലൻസ് ചോദ്യം ചെയ്ത് രേഖകൾ പിടിച്ചെടുത്ത് മൊഴി രേഖപ്പെടുത്തണം. അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ സമയബന്ധിതമായി കോടതി വിജിലൻസിൽ നിന്നും വിളിച്ചു വരുത്തണമെന്നും വി. എസ്. ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോകാൻ ഉചിതമായ ഉത്തരവുകൾ കോടതി പുറപ്പെടുവിക്കണം. ന്യായയുക്തമായ അന്വേഷണം സംരക്ഷിക്കാൻ കോടതി അടിയന്തിരമായി ഇടപെടണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പിന്നോക്ക വിഭാഗ കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശക്ക് വായ്പ എടുത്ത ശേഷം ഉയർന്ന പലിശയ്ക്ക് മൈക്രോ ഫിനാൻസ് പദ്ധതി പ്രകാരം ഈഴവ സമുദായ അംഗങ്ങൾക്ക് വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തിയെന്നാണ് വി.എസിന്റെ ഹർജിയിലെ ആരോപണം. പലരെയും വ്യാജമായി അംഗങ്ങളായി ചേർത്ത് വ്യാജ ഒപ്പിട്ട് വായ്പ സംഘടിപ്പിച്ച ശേഷം അവ തിരിച്ചടക്കാതെ വന്നപ്പോൾ ബാങ്കുകൾ ജപ്തി നോട്ടീസയച്ചപ്പോൾ മാത്രമാണ് സമുദായംഗങ്ങൾ തങ്ങൾ ചതിക്കപ്പെട്ടതായി മനസ്സിലാക്കിയത്.

മൈക്രോ ഫിനാൻസിന്റെ കോ-ഓർഡിനേറ്റർ ആയിരുന്ന മരണപ്പെട്ട കെ.കെ. മഹേശന്റെ രക്ത ബന്ധുക്കൾ , സമുദായ നേതാവ് സുഭാഷ് വാസു , മഠത്തിലെ ഭാരവാഹി സ്വാമി ഭദ്രാനന്ദ , ശ്രീനാരായണ കോളേജ് പ്രൊഫസർ ചിത്രാംഗദൻ തുടങ്ങിയവരുടെ രേഖകൾ സഹിതമുള്ള മൊഴി രേഖപ്പെടുത്തി ആഴത്തിലുള്ള അന്വേഷണം നടത്തണമെന്ന് വി എസ്. തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP