Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർട്ടി ഗ്രാമത്തിൽ കയറി ഇരുപത് ഇരുപതോളം സഖാക്കൾ നോക്കിനിൽക്കേ ബിഎംഎസുകാർ വെട്ടിക്കൊന്നു; ഭരണവും പൊലീസും കൈയിലുണ്ടായിട്ടും മാരാരികുളം ബെന്നി വധകേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു; സഖാക്കൾ സാക്ഷികളായിട്ടും വിധി തിരിച്ചടിയായത് പാർട്ടിയുടെ വീഴ്‌ച്ചയെന്ന് ആരോപണം

പാർട്ടി ഗ്രാമത്തിൽ കയറി ഇരുപത് ഇരുപതോളം സഖാക്കൾ നോക്കിനിൽക്കേ ബിഎംഎസുകാർ വെട്ടിക്കൊന്നു; ഭരണവും പൊലീസും കൈയിലുണ്ടായിട്ടും മാരാരികുളം ബെന്നി വധകേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു; സഖാക്കൾ സാക്ഷികളായിട്ടും വിധി തിരിച്ചടിയായത് പാർട്ടിയുടെ വീഴ്‌ച്ചയെന്ന് ആരോപണം

ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച മാരാരികുളം ബെന്നി വധകേസിൽ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. 2004 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. മാരാരികുളം മേഖലയിലെ സി പി എമ്മിന്റെ കരുത്തനും പാർട്ടിയുടെ ശക്തമായ സാനിദ്ധ്യവുമായിരുന്നു ബെന്നി. പാർട്ടിക്കുവേണ്ടി സദാസമയം പ്രവർത്തിച്ചിരുന്ന ബെന്നിയെ പന്ത്രണ്ടോളം വരുന്ന ബിഎംഎസ് പ്രവർത്തകരാണ് പുലർച്ചെ വീടിന് സമീപം വെച്ച് വെട്ടിക്കൊന്നത്.

ദിവസങ്ങളോളം ബെന്നി വകവരുത്താൻ അക്രമി സംഘം തക്കംപാർത്തശേഷമാണ് പുലർച്ചെ വെട്ടിക്കൊന്നത്. കൊലപാതകം നടക്കുമ്പോൾ ഇരുപതോളം പാർട്ടി സഖാക്കൾ ദൃസാക്ഷികളായിരുന്നു. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അടുത്ത അനുചരൻ ശ്രീജിത്ത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് എന്നിവർ കേസിലെ പ്രധാന സാക്ഷികളായിരുന്നു. ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതികളാക്കിയാണ് മാരാരികുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ബിഎംഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രദീപ് ഒന്നാം പ്രതിയായിരുന്നു.

എന്നാൽ യാഥാർത്ഥ പ്രതികളെ മാറ്റി കേസുമായി പുലബന്ധമില്ലാത്തവരെ ഉൽപ്പെടുത്തിയെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് നാലു പ്രതികളെ ആദ്യഘട്ടം കോടതി ഒഴിവാക്കിയിരുന്നു. പിന്നീട് 12 ഓളം പ്രതികളെ ചേർത്ത് മാരാരികുളം പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.ഒന്നാം പ്രതി പ്രദീപിനുവേണ്ടി അഡ്വ രാമൻപിള്ള ഹാജരായി. മറ്റ് പ്രതികൾക്കായി അഡ്വ ബി ശിവദാസനും ഹാജരായി.ഒന്നരപതിറ്റാണ്ടിന് അടുത്തെത്തിയ കേസ് വിവിധ ഘട്ടങ്ങളിൽ മുടങ്ങി പോകുകയായിരുന്നു.

സർക്കാർ നിയോഗിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജനാർദ്ദന കുറപ്പ് മരിച്ചതിനെ തുടർന്ന് വിസ്താരം മുടങ്ങിയിരുന്നു. പിന്നീട് എത്തിയ അഡ്വ. ജോൺ വി ജോർജ് ആണ് പ്രസിക്യൂഷനുവേണ്ടി ഹാജരായത്. സാഹചര്യ തെളിവുകളും തൊണ്ടി മുതലുകളും ഹാജരാക്കിയിട്ടും വാദികൾ പ്രോസിക്യൂഷന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടായതോടെയാണ് കേസിന്റെ ഗതിമാറിയത്. പ്രോസിക്യൂഷന് നൽകിയ
മൊഴി ക്രോസ് വിസ്താരത്തിനിടയിൽ മാറ്റിപറഞ്ഞതാണ് വിനയായത്.

കൊലചെയ്യപ്പെട്ട ബെന്നിക്ക് നേരത്തെ നിരവധി ശത്രുക്കൾ ഉണ്ടായിരുന്നെന്നും നിരവധി കേസുകളിൽ പ്രതിയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട സതീഷന്റെ അമ്മാവനെ കൊലപെടുത്തിയ കേസിലെ പ്രതിയാണ് ബെന്നിയെന്നും പ്രതിഭാഗം വാദിച്ചിരുന്നു. മാത്രമല്ല അക്രമികൾ മുഖംമൂടി ധരിച്ചിരുന്നുവെന്ന് പ്രോസിക്യുഷൻ വാദം പ്രതികൾക്ക് സഹായകമായി. മാത്രമല്ല അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ മാരാരികുളം സി ഐ വിശ്വാനാഥൻ മുഖമൂടി ആക്രമണത്തിൽ പങ്കെടുത്ത പ്രതികളെ തിരിച്ചറിയാൻ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതും മുഖംമൂടി ആക്രമണം സ്ഥിരീകരിക്കുന്നതിന് പ്രതിഭാഗം തെളിവായി എടുത്തിരുന്നു. മാത്രമല്ല പാർട്ടി ഗ്രാമമായ മാരാരികുളത്ത് ബെന്നിയെ പോലൊരു കരുത്തനെ വകവരുത്താൻ പന്ത്രണ്ടോളം പേർക്ക് കഴിയില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം ബെന്നിയുടെ വിയോഗം മാരാരികുളത്ത് വൻ തിരിച്ചടിയാണ് ലഭിച്ചത്. പാർട്ടിയുടെ മേഖലയിലെ എക്കാലത്തെയും കരുത്തായിരുന്ന ബെന്നിയുടെ കൊലപാതകത്തിൽ പാർട്ടി ശക്തമായ നടപടികൾ എടുത്തില്ലെന്ന് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. കേസ് ഇഴയാനും നേരാംവണം വാദിക്കാനും പാർട്ടി ശുഷ്‌ക്കാന്തി കാട്ടിയില്ലെന്ന ആരോപണവും വിവിധ മേഖലകളിൽനിന്നും ഉയർന്നിരുന്നു.

എന്നാൽ രക്തസാക്ഷി ദിനാഘോഷങ്ങൾക്ക് പഞ്ഞമില്ലായിരുന്നെങ്കിലും ബെന്നിയെന്ന സഖാവിനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷവാങ്ങി നൽകാൻ കഴിയാതെ പോയത് പാർട്ടിയുടെ വൻവീഴ്ചയായി ഗണിക്കപ്പെടുകയാണ്. ചേരിപോരും പടലപിണക്കങ്ങളും ബെന്നിയുടെ കാര്യത്തിലും ഉണ്ടായെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് വിധിയെന്ന് വിലയിരുത്തപ്പെടുന്നു. ഇനി സഖാവിനെ കൊന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ പാർട്ടിക്കുവേണമെങ്കിൽ മേൽകോടതിയിൽ അപ്പീലിനുപോകാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP