Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പു നടത്താൻ ഉത്തരവിട്ട് സുപ്രിംകോടതി; ഫഡ്‌നാവിസ് നാളെ അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പു തേടണം; നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനും നിർദ്ദേശം; പ്രോ ടൈം സ്പീക്കർ ആരാകണം എന്ന കാര്യത്തിൽ പ്രത്യേക നിർദ്ദേശം നൽകിയില്ല; കുതിര കച്ചവടം തടയാൻ വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമെന്നും സുപ്രീം കോടതി; അംഗബലം തെളിയിക്കാൻ ഗവർണർ നൽകിയ 14 ദിവസത്തെ സമയം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിക്ക് കനത്ത തിരിച്ചടി

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പു നടത്താൻ ഉത്തരവിട്ട് സുപ്രിംകോടതി; ഫഡ്‌നാവിസ് നാളെ അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പു തേടണം; നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനും നിർദ്ദേശം; പ്രോ ടൈം സ്പീക്കർ ആരാകണം എന്ന കാര്യത്തിൽ പ്രത്യേക നിർദ്ദേശം നൽകിയില്ല; കുതിര കച്ചവടം തടയാൻ വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമെന്നും സുപ്രീം കോടതി; അംഗബലം തെളിയിക്കാൻ ഗവർണർ നൽകിയ 14 ദിവസത്തെ സമയം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിക്ക് കനത്ത തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ വിശ്വാസ വോട്ടെടുപ്പ് തേടണം. സുപ്രീംകോടതിയാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഉത്തരവ്. പ്രോടേം സ്പീക്കറാകം വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും സുതാര്യമായ വോട്ടെടുപ്പ് നടത്താനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പു പൂർത്തിയാക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനും നിർദേശിട്ടുണ്ട്.

അതേസമയം പ്രോ ടൈം സ്പീക്കർ ആരാകണം എന്ന കാര്യത്തിൽ പ്രത്യേക നിർദ്ദേശം സുപ്രീംകോടതി നൽകിയിട്ടില്ല. കുതിര കച്ചവടം തടയാൻ വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കോടതി ഉത്തരവ് ബിജെപിക്ക് തിരിച്ചടിയെങ്കിലും ഇതിനെ മറികടക്കാൻ എന്തു വഴിയാണ് കോടതി തേടുക എന്നത് വ്യക്തമല്ല. എംഎ‍ൽഎമാർ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് വിശ്വാസ വോട്ടെടുപ്പു നാളേക്ക് കോടതി മാറ്റിയത്.

രണ്ടാഴ്ചയാണു നവംബർ 23 മുതൽ ഗവർണർ ഭഗത് സിങ് കോശ്യാരി അനുവദിച്ച സമയമെന്നാണ് ബിജെപിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചത്. എന്നാൽ, എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കണമെന്നാണ് ഹരജിക്കാരായ ശിവസേനയുടെയും എൻ.സി.പിയുടെയും കോൺഗ്രസിന്റെയും ആവശ്യം. ഈ ആവശ്യം ഫലത്തിൽ കോടതി അംഗീകരിക്കുകയായിരുന്നു. 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന, എൻ.സി.പി., കോൺഗ്രസ് സഖ്യം (മഹാവികാസ് അഘാഡി) സഖ്യം അടിയന്തര ഹർജി നൽകിയിരുന്നത്.

കർണാടകയിൽ ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പയ്ക്ക് ഗവർണർ വാജുഭായ് വാല 14 ദിവസം സമയം അനുവദിച്ചപ്പോൾ, സുപ്രീം കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. ഉത്തരാഖണ്ഡ് വിധിയും ബീഹാർ ജഗദാംബിക പാൽ കേസും ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി ഭരണഘടനാ ധാർമ്മികത മുറുകെപ്പിടിക്കാനാണ് ഈ വിധിയെന്നും വ്യക്തമാക്കി. അതേസമയം, നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ തടയണമെന്ന് ശിവസേനയുടെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.എന്നാൽ ഇക്കാര്യത്തിൽ ബെഞ്ച് അഭിപ്രായം പറഞ്ഞില്ല. സുപ്രീംകോടതി ഉത്തരവിനെ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി സ്വാഗതം ചെയ്തു. ബിജെപിയുടെ കളികൾ അവസാനിച്ചു. സുപ്രിംകോടതി ഉത്തരവ് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു നാഴികക്കല്ലാണ്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് എല്ലാം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.സി.പി നേതാവ് നവാബ് മാലിക് പ്രതികരിച്ചു.

അജിത് പവാർ നൽകിയത് വ്യാജ കത്താണെന്നും ഞങ്ങളുടെ പക്കലുള്ളത് യഥാർത്ഥ സത്യവാങ്മൂലമാണെന്നും 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താൻ അനുമതി നൽകണമെന്നും സിബൽ ആവശ്യപ്പെട്ടിരുന്നു. കോടതി വെറുതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുത്. നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോ ടേം സ്പീക്കറായി നിയമിച്ച് വോട്ടെടുപ്പ് നടത്തണമെന്നുമായിരുന്നു കപിൽ സിബൽ ആവശ്യപ്പെട്ടത്. കർണാടകയിൽ ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പയ്ക്ക് ഗവർണർ വാജുഭായ് വാല 15 ദിവസം സമയം അനുവദിച്ചപ്പോൾ, സുപ്രീം കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. നേരത്തേ പലതവണയും സമയം വെട്ടിക്കുറച്ചിട്ടുള്ളതായി ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞിരുന്നു.

170 എംഎ‍ൽഎ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നൽകിയ കത്തും അതിന്റെയടിസ്ഥാനത്തിൽ അദ്ദേഹത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ കത്തും സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.അജിത് പവാറിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ട് എൻ.സി.പി.യുടെ 54 അംഗങ്ങൾ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്‌നവിസ് കത്തുനൽകിയത്. ബിജെപി.യുടെ 105 അംഗങ്ങൾകൂടി ചേരുമ്പോൾ 170 പേരുടെ പിന്തുണ കണക്കാക്കിയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ഫഡ്‌നവിസിനെ ക്ഷണിച്ചത്. 54 അംഗങ്ങളുടെ നേതാവായ അജിത് പവാറിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് ഫഡ്‌നവിസ് ഗവർണർ മുമ്പാകെ അവകാശപ്പെട്ടത്. എന്നാൽ, എൻ.സി.പി. അംഗങ്ങളുടെ പിന്തുണ, അജിത് പവാറിനെ നേതാവാക്കാൻ നൽകിയതാണോ അതോ ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാൻ നൽകിയതാണോയെന്ന വ്യക്തമായ ഉത്തരം തിങ്കളാഴ്ച കോടതിക്കു ലഭിച്ചിട്ടില്ല.

ഹർജി അവധി ദിനമായ ഞായറാഴ്ച കോടതി കേട്ടെങ്കിലും ഉടൻ വിശ്വാസവേട്ടെടുപ്പ് എന്ന അവരുടെയാവശ്യം അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. എന്നാൽ തിങ്കളാഴച ഇരുപക്ഷത്തിന്റേയും വാദം കേട്ട ശേഷം വിധി പറയുന്നത് കോടതി വീണ്ടും ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ ഇന്നലെ മഹാ വികാസ് അഘാഡി സഖ്യം തങ്ങളുടെ ശക്തി തെളിയിക്കാൻ ഒപ്പമുള്ള എംഎ‍ൽഎമാരെ കൂട്ടി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാത്തിൽ ഒത്തുകൂടി. ശിവസേന, എൻ.സി.പി, കോൺഗ്രസ്, എസ്‌പി, സ്വാഭിമാൻ പക്ഷ്, പെസന്റ് വർക്കേഴ്സ് എന്നീ പാർട്ടികളുടെ എംഎ‍ൽഎമാരാണ് ഹോട്ടലിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP