Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മഹാരാഷ്ട്രയിലേത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ കാര്യങ്ങളെന്ന് ശിവസേനയ്ക്ക് വേണ്ടി വാദിച്ചത് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി; കപിൽ സിബലും ശ്രമിച്ചത് ഗവർണ്ണറുടെ നടപടിയിലെ നീതി കേട്; ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ഗവർണറുടെ മുന്നിലെത്തിയവർക്ക് സർക്കാർ രൂപീകരണത്തിന് അനുവാദം നൽകിയെന്ന് റോഹ്ത്തഗിയും; ഇനി നിർണ്ണായകം അജിത് പവാർ നൽകിയ കത്തിലെ വിശദാംശങ്ങൾ; മഹാരാഷ്ട്രയിൽ 'വിശ്വാസത്തിന്' ബിജെപിക്ക് കൂടുതൽ സമയം കിട്ടുമ്പോൾ

മഹാരാഷ്ട്രയിലേത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ കാര്യങ്ങളെന്ന് ശിവസേനയ്ക്ക് വേണ്ടി വാദിച്ചത് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി; കപിൽ സിബലും ശ്രമിച്ചത് ഗവർണ്ണറുടെ നടപടിയിലെ നീതി കേട്; ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ഗവർണറുടെ മുന്നിലെത്തിയവർക്ക് സർക്കാർ രൂപീകരണത്തിന് അനുവാദം നൽകിയെന്ന് റോഹ്ത്തഗിയും; ഇനി നിർണ്ണായകം അജിത് പവാർ നൽകിയ കത്തിലെ വിശദാംശങ്ങൾ; മഹാരാഷ്ട്രയിൽ 'വിശ്വാസത്തിന്' ബിജെപിക്ക് കൂടുതൽ സമയം കിട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയിൽ അധികാരം പിടിച്ച ബിജെപി നടപടിക്കെതിരെ ത്രികക്ഷി സഖ്യം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുമ്പോൾ ആശ്വാസം ബിജെപിക്ക് തന്നെ. അടിയന്തര വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേനയുടെ ആവശ്യം കോടതി തള്ളിയതാണ് ഇതിന് കാരണം. ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിഷയത്തിൽ കേന്ദ്ര സർക്കാരിനും ദേവേന്ദ്ര ഫഡ്‌നാവിസിനും അജിത് പവാറിനും ത്രികക്ഷി സഖ്യത്തിനും ഉൾപ്പെടെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു. സർക്കാർ രൂപീകരണത്തിന് ആധാരമായ രണ്ട് കത്തുകൾ ഹാജരാക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സർക്കാർ ഉണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ കത്തും എംഎൽഎമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ഫഡ്‌നാവിസ് നൽകിയ കത്തും ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഈ കത്തുകളുടെ സാധുത സുപ്രീംകോടതി പരിഗണിക്കും. അതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പിൽ തീരുമാനം ഉണ്ടാകാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ വിധി നാളെ വരാനും സാധ്യത കുറവാണ്.

തിങ്കളാഴ്ച രാവിലെ 10.30നാണ് കോടതി കേസ് പരിഗണിക്കുന്നത്. ബിജെപിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച നടപടി ശരിയായില്ലെന്ന് ത്രികക്ഷി സഖ്യത്തിനായി ഹാജരായ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിങ്വിയും ചൂണ്ടിക്കാട്ടിയിരുന്നു. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം ഒഴിവാക്കാൻ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതിയിൽ എൻസിപി അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടത്. ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത് ചട്ടങ്ങൾ ലംഘിച്ചാണ്. അടിയന്തരവാസ്ഥയ്ക്ക് തുല്യമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് ഇന്നോ നാളയോ നടത്തണമെന്നും സിങ്വി ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയെ എന്നും തള്ളി പറയാത്ത പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് നേതാവാണ മഹാരാഷ്ട്രയിലെ സംഭവങ്ങളെ അടിയന്തരാവസ്ഥയുമായി താരതമ്യം ചെയ്ത്.

രാഷ്ട്രപതി ഭരണം പിൻവലിച്ചത് ക്യാബിനറ്റ് പോലും ചേരാതെയാണെന്നും സിങ്വി വിമർശിച്ചു. കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യത്തിന്റെ പിന്തുണ കത്ത് പോലും ഗവർണർ പരിഗണിച്ചില്ല. ഇനി ഗവർണർക്ക് മുന്നിലല്ല നിയമസഭയിലാണ് വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതെന്നും സിങ്വി ആവശ്യപ്പെട്ടു. എൻസിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് അജിത് പവാറിനെ മാറ്റിയത് ചൂണ്ടിക്കാട്ടി 41 എംഎൽഎമാർ ഒപ്പുവച്ച കത്തും സുപ്രീം കോടതിയിൽ നൽകി. എന്നാൽ ഇതൊന്നും തങ്ങളുടെ പരിഗണനയിൽ ഇല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട് വിശദീകരണം. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സിങ്വിയുടെ വാദം. നേരത്തേ, സുപ്രീം കോടതിയിൽ ശിവസേനയ്ക്കു വേണ്ടി കപിൽ സിബലാണ് ആദ്യം വാദമുഖങ്ങൾ ഉന്നയിച്ചത്. അവധി ദിവസം കോടതിയെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം എന്ന ക്ഷമാപണത്തോടെയാണ് കപിൽ സിബൽ വാദം തുടങ്ങിയത്.

ബിജെപി, ശിവസേന സഖ്യം തകർന്നെന്ന് സിബൽ കോടതിയെ അറിയിച്ചു. ഇപ്പോൾ നിലവിലുള്ളത് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള സഖ്യം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. ഗവർണർക്കെതിരെ രൂക്ഷ വിമർശമാണ് കപിൽ സിബൽ ഉന്നയിച്ചത്. മുഖ്യമന്ത്രിയാകാൻ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ച രീതി ശരിയായില്ലെന്നു സിബൽ തുറന്നടിച്ചു. ത്രികക്ഷി സഖ്യം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് ബിജെപിക്കായി ഹാജരായ മുകുൾ റോഹ്ത്തഗി വിശദീകരിച്ചു. ഹർജി നിലനിൽക്കില്ലെന്ന് വാദിച്ച റോഹ്ത്തഗി ഹർജി പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ഗവർണറുടെ മുന്നിലെത്തിയവർക്ക് സർക്കാർ രൂപീകരണത്തിന് അനുവാദം നൽകുകയായിരുന്നുവെന്നാണ് റോഹ്ത്തഗി വാദിച്ചത്.

ഇത് ഗവർണറുടെ വിവേചനാധികാരമാണ്. പ്രധാനമന്ത്രിയെ നിയമിക്കാൻ രാഷ്ട്രപതിക്കും മുഖ്യമന്ത്രിയെ നിയമിക്കാൻ ഗവർണർക്കും വിവേചനാധികാരം ഉണ്ട്. ഈ വിവേചനാധികാരം ഉപയോഗിക്കുകയാണ് ഗവർണർ ചെയ്തത്- റോഹ്ത്തഗി പറഞ്ഞു. ഇത്തരത്തിലുള്ള ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടരുതെന്നും ഗവർണറുടെ മറുപടി കേൾക്കണമെന്നും വാദിച്ച മുകുൾ റോഹ്ത്തഗി തന്റെ എംഎൽഎമാർക്ക് പറയാനുള്ളത് കോടതി കേൾക്കണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പിന്തുണക്കത്ത് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.

കേസിൽ നാളെ വീണ്ടും വാദം തുടരുമെന്നാണ് സുപ്രീംകോടതി നിലപാട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് ബിജെപിക്ക് മുന്നിൽ കൂടുതൽ സമയവും സാവകാശവും ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഹാരാഷ്ട്രയിൽ അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവർണർ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ നീണ്ട നിരയാണ് സുപ്രീംകോടതിയിൽ വാദത്തിനായി അണിനിരന്നത്. ജസ്റ്റിസുമാരായ എൻവി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത് .

രാഷ്ട്രപതി ഭരണം പിൻവലിച്ചതും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യ പ്രതിജ്ഞക്ക് സാഹചര്യമൊരുക്കാൻ ഗവർണറുടെ നേതൃത്വത്തിൽ നടന്ന ചട്ടലംഘനങ്ങളും അടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ വാദം. ബിജെപി എംഎൽഎമാർക്കും ചില സ്വതന്ത്ര എംഎൽഎമാർക്കും വേണ്ടിയാണ് വാദമെന്ന് പറഞ്ഞ മുകുൾ റോത്തഗി അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന ചോദ്യം ഉന്നയിച്ചു. അത് ചീഫ് ജസ്റ്റിസിന്റെ വിവേചന അധികാരത്തിൽ പെടുന്നതാണെന്നായിപുന്നു കോടതിയുടെ മറുപടി. പറയുന്നതെല്ലാം സാങ്കേതിക കാര്യങ്ങൾ മാത്രമാണല്ലോ എന്നും ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും അഭിഭാഷകരോട് കോടതി ചോദിച്ചു. ഗവർണർക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് ആദ്യം പറഞ്ഞ തുഷാർ മേത്തയും കേസിൽ അടിയന്തര പ്രാധാന്യം ഇല്ലെന്ന് വാദിച്ചു. പാർട്ടികൾ അല്ല വ്യക്തികൾ അണു സർക്കാർ രുപീകരിക്കുന്നത് , പാർട്ടികൾക്ക് മൗലികാവകാശം ഇല്ല. അതുകൊണ്ട് ഹർജി നിലനിൽക്കില്ലെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

മുഖ്യമന്ത്രി ആകാൻ ഗവർണർക്ക് ആരെയും ക്ഷണിക്കാമെന്നും അത് ഗവർണറുടെ വിവേചന അധികാരമാണെന്നും മുകുൾ റോത്തഗിയും ആവർത്തിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ എത്ര സമയം വേണമെന്ന് ഗവർണർക്ക് തീരുമാനിക്കാം. ഗവർണറുടെ ഈ അവകാശത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല .ഗവർണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്റെ പരിരക്ഷയുണ്ടെന്നായിരുന്നു വാദം. എന്നാൽ ഗവർണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ പ്രതികരണം. വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യം മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസം സമയമെന്തിനാണ് എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഗവർണർക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന മുകുൾ റോത്തഗി ആവശ്യപ്പെട്ടു. സഭ വിളിച്ചു ചേർത്ത് വിശ്വസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട് പറയാൻ കോടതിക്ക് അധികാരം ഇല്ല. സുപ്രിം കോടതി നിയമ സഭയുടെയും നിയമ സഭ കോടതിയുടെയും അധികാരം മാനിക്കണം. അതിനാൽ ഇത്ര ദിവസത്തിനുള്ളിൽ വിശ്വസ വോട്ടെടുപ്പ് നടത്തണം എന്ന് നിർദ്ദേശിക്കരുതെന്നും റോത്തഗി ആവശ്യപ്പെട്ടു.

അതിനിടെ ആദ്യം ഗവർണർക്ക് വേണ്ടി വാദിച്ച് തുടങ്ങിയ തുഷാർ മേത്ത പിന്നീട് കേന്ദ്രസർക്കാരിന് വേണ്ടിയാണ് വാദം എന്ന് തിരുത്തി പറയുകയും ചെയ്തു. രേഖകൾ പരിശോധിക്കാൻ സമയം വേണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. ഇതോടെ സർക്കാർ രൂപീകരണ തീരുമാനത്തിന് ആധാരമായ രണ്ട് കത്തുകൾ നാളെ ഹാജരാക്കാണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP