Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

100 കോടി രൂപയുടെ വിദേശ ആഡംബര കാർ ഇറക്കുമതി നികുതി വെട്ടിപ്പ് കേസിൽ തെളിവ് നശിപ്പിക്കൽ: അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ അലക്‌സ് ജോസഫിനും സബ്ബ് ഇൻസ്‌പെക്ടർക്കും സി ബി ഐ കോടതിയുടെ കുറ്റപത്രം; തൊണ്ടി മുതലായ വ്യാജ പാസ്‌പോർട്ട് കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചെന്ന് കേസ്

100 കോടി രൂപയുടെ വിദേശ ആഡംബര കാർ ഇറക്കുമതി നികുതി വെട്ടിപ്പ് കേസിൽ തെളിവ് നശിപ്പിക്കൽ: അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ  അലക്‌സ് ജോസഫിനും സബ്ബ് ഇൻസ്‌പെക്ടർക്കും സി ബി ഐ കോടതിയുടെ  കുറ്റപത്രം; തൊണ്ടി മുതലായ വ്യാജ പാസ്‌പോർട്ട്  കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചെന്ന് കേസ്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : പുതിയ വിദേശ ആഡംബര കാറുകൾ സെക്കൻഡ് ഹാൻഡ് കാറുകളെന്ന വ്യാജേന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് 100 കോടി രൂപയുടെ നികുതി വെട്ടിച്ച കാർ കള്ളക്കടത്ത് കേസിൽ ഡി ആർ ഐ കോഫേ പോസെ ചുമത്തിയ കരുതൽ തടങ്കൽ വാറണ്ട് പ്രതിയായ അലക്‌സ് ജോസഫിന്റെ 'എബി ജോൺ ' എന്ന പേരിൽ കള്ളക്കടത്തിനുപയോഗിച്ച വ്യാജ പാസ്‌പോർട്ട് കത്തിച്ചു കളഞ്ഞ് തൊണ്ടി മുതൽ നശിപ്പിച്ച കേസിൽ പ്രതികൾക്ക് മേൽ തിരുവനന്തപുരം സിബിഐ കോടതി കുറ്റം ചുമത്തി. തെളിവു നശിപ്പിക്കൽ കേസിൽ ഒന്നും രണ്ടും പ്രതികളായ അന്താരാഷ്ട്ര കാർ കള്ളക്കടത്തുകാരൻ തിരുവല്ല സ്വദേശി അലക്‌സും തിരുവല്ല പൊലീസ് സബ് ഇൻസ്‌പെക്ടർ കരുനാഗപ്പള്ളി സ്വദേശി റ്റി.കെ. വിനോദ് കൃഷ്ണനും എതിരെയാണ് സി ബി ഐ ജഡ്ജി സനിൽകുമാർ കുറ്റം ചുമത്തിയത്.

വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച കുറ്റവിമുക്തരാക്കൽ ഹർജി കോടതി 2018 മാർച്ച് 21 ന് തള്ളിയിരുന്നു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉള്ളതിനാൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട കോടതി വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാൻ പ്രതികളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുറ്റം ചുമത്തലിനായി 2018 ജൂലൈ 24 , സെപ്റ്റംബർ 24 , ഡിസംബർ 1 , 2019 ഫെബ്രുവരി 6 , ഏപ്രിൽ 30 , ജൂൺ 24 , ഓഗസ്റ്റ് 30 എന്നീ തീയതികളിലായി 7 തവണ കേസ് പരിഗണിച്ചിട്ടും പ്രതികൾ പല ഒഴിവു കഴിവുകൾ ബോധിപ്പിച്ച് കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞു മാറി. പ്രതികളുടെ കൃത്യവിലോപം വിചാരണ നീട്ടാനുള്ള തന്ത്രമാണെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് അന്ത്യശാസനം നൽകുകയായിരുന്നു.

എബി ജോൺ എന്ന പേരിലുള്ള വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് അലക്‌സ് റവന്യൂ ഇന്റലിജന്റ്‌സിന്റെ കണ്ണ് വെട്ടിച്ച് കാർ കള്ളക്കടത്ത് നടത്തിവന്നത്. അങ്ങനെയിരിക്കെ ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ 2011 നവംബർ 6 ന് പുലർച്ചെ വ്യാജ പാസ്‌പോർട്ട് സഹിതം ഹൈദരാബാദ് എയർപോർട്ട് ഇമിഗ്രേഷൻ വിഭാഗം അലക്‌സിനെ കസ്റ്റഡിയിലെടുത്ത് തൊണ്ടി പാസ്‌പോർട്ട് സഹിതം ഷംഷാദാബാദ് പൊലീസിന് കൈമാറി. നികുതി വെട്ടിപ്പുകേസിൽ കോഫോ പോസെ കേസെടുത്തതിനെ തുടർന്ന് 11 വർഷമായി ഒളിവിലായിരുന്ന അലക്‌സിനെതിരെ റവന്യൂ ഇന്റലിജന്റ്‌സ് ഡയറക്ടറേറ്റിന്റെ കരുതൽ തടങ്കൽ ഉത്തരവുണ്ടായിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കേന്ദ്ര ഗവൺമെന്റ് റെഡ് അലർട്ടും കേരള സർക്കാർ തിരച്ചിൽ നോട്ടീസും ഇറക്കിയിരുന്നു.

ഷംഷാദാബാദ് പൊലീസ് അലക്‌സിനെ ഹൈദരാബാദ് രാജാജി നഗർ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഡിആർഐയുടെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം കേരളത്തിലെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിക്കാനായി കേരള പൊലീസ് അലക്‌സിനെ കസ്റ്റഡിയിലെടുക്കാൻ എത്തുന്നുണ്ടെന്ന ഫാക്‌സ് സന്ദേശവും കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പാർപ്പിക്കാനായി കേരള പൊലീസിന് കൈമാറാനും കോടതി ഉത്തരവിട്ടു.

നവംബർ 8 ന് തിരുവല്ല എസ്‌ഐ റ്റി.കെ.വിനോദ് കൃഷ്ണൻ ഹൈദരാബാദിൽ ചെന്ന് റിമാന്റ് വാറണ്ടും വ്യാജ പാസ്‌പോർട്ടും അലക്‌സിനെയും ഏറ്റുവാങ്ങി പൂജപ്പുരക്ക് പുറപ്പെടാൻ ഒരുങ്ങി. സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രതിയെ മധുര - കോവിൽപ്പട്ടി - നാഗർകോവിൽ - നെയ്യാറ്റിൻകര വഴി പൂജപ്പുര എത്തിക്കാനായിരുന്നു ഡിആർഐ വിനോദ് കൃഷ്ണന് നൽകിയ നിർദ്ദേശം. എന്നാൽ ഉന്നത സ്വാധീനത്താൽ ഗൂഢാലോചന നടത്തി തൊണ്ടിമുതൽ നശിപ്പിക്കാനായി ഡി ആർ ഐ നിർദ്ദേശിച്ച റൂട്ട് മാറ്റി അലക്‌സിനെപാലക്കാട് വഴി തിരുവല്ല സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ ചെക്ക് അപ്പ് എടുക്കാനായി ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ തൊണ്ടിമുതൽ കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിക്കുകയായിരുന്നു.

തുടർന്ന് കേരള ഹൈക്കോടതിയിൽ അലക്‌സ് തന്നെ അറസ്റ്റ് ചെയ്ത വേളയിൽ പിടിച്ചെടുത്ത തന്റെ സ്വകാര്യ വകകളും തന്റെ പാസ്‌പോർട്ടും തിര്യെ കിട്ടണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ഹർജിയിൽ ഹൈക്കോടതി ഡി ആർ ഐ യോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡിആർഐ വിഷയത്തിൽ വ്യക്തത തേടി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. എന്നാൽ എസ് ഐ വിനോദ് കൃഷ്ണൻ ഹൈദരാബാദ് പൊലീസിൽ നിന്നും താൻ പാസ്‌പോർട്ട് കൈപ്പറ്റിയിട്ടില്ലെന്ന സമാധാന റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ട വിശദീകരണത്തിന് മറുപടിയായി സമർപ്പിച്ചു. ഈ റിപ്പോർട്ട് പ്രകാരം എസ് ഐ വിനോദ് കൃഷ്ണൻ പാസ്‌പോർട്ട് കൈപ്പറ്റിയിട്ടില്ലെന്ന മറുപടി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഡി ആർ ഐ ക്ക് നൽകി. പിന്നീട് തൊണ്ടി പാസ്‌പോർട്ട് നശിപ്പിച്ച സംഭവം മുഴുവൻ വർത്തമാന പത്രങ്ങളിൽ വാർത്തയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താൻ ഹൈദരാബാദ് പൊലീസിൽ നിന്നും പാസ്‌പോർട്ട് കൈപ്പറ്റിയതായി സമ്മതിച്ച വിനോദ് കൃഷ്ണൻ താനത് കരുതൽ തടങ്കലിന് ജയിലിൽ കൊണ്ടു പോകും മുമ്പ് അലക്‌സിനെ മെഡിക്കൽ ചെക്ക് അപ്പിന് കൊണ്ടു പോകുന്ന സമയം അലക്‌സിന് തിര്യെ നൽകിയതായും സമ്മതിച്ച് പറഞ്ഞു.

ഹൈക്കോടതി നിർദ്ദേശപ്രകാരം 2014 ൽ സിബിഐ കേസേറ്റെടുത്തു. അതേസമയം താൻ നിരപരാധിയാണെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പത്തനംതിട്ട ഡിവൈഎസ്‌പി കെ.എൻ. രാജീവന്റെ നിർദ്ദേശ പ്രകാരമാണ് താൻ എല്ലാം ചെയ്തതെന്ന് എസ്‌ഐ. വിനോദ് കൃഷ്ണൻ സി ബി ഐ ക്ക് കുറ്റ സമ്മത മൊഴി നൽകി. എന്നാൽ ഈ മൊഴിക്ക് ഉപോൽബലകമായ മറ്റു തെളിവുകൾ ഇല്ലാതെ എസ് ഐ യുടെ വായ് മൊഴി തെളിവ് മാത്രം വച്ചു കൊണ്ട് ഡിവൈഎസ്‌പിയെ പ്രതി ചേർക്കാനാവില്ലെന്ന് കണ്ട് വായ്‌മൊഴി തെളിവ് സിബിഐ തള്ളി. തുടർന്ന് അലക്‌സിനെയും എസ് ഐയെയും മാത്രം പ്രതിചേർത്ത് കോടതിയിൽ 2016 ൽ കുറ്റപത്രം സമർപ്പിച്ചു.

1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഢാലോചന ) , 419 ( ആൾമാറാട്ടം വഴി ചതിക്കൽ ) , 420 ( വഞ്ചന ) , 201 ( ശിക്ഷയിൽ നിന്നും രക്ഷിക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ ) , 204 ( രേഖ തെളിവായി ഹാജരാക്കുന്നത് തടയുന്നതിന് വേണ്ടി നശിപ്പിക്കൽ ) , 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (1) ( ഡി ) , 13 ( 2 ) ( പൊതുസേവകൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ നേട്ടമുണ്ടാക്കി നൽകി സഹായിക്കൽ ) എന്നീ ശിക്ഷാർഹമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 2 വർഷത്തിന് ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ സെഷൻസ് കേസായതിനാൽ കേസ് രേഖകൾ പരിശോധിച്ച് കോടതി നേരിട്ടാണ് കുറ്റപത്രം തയ്യാറാക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 ( ബി ) പ്രകാരം കോടതി രേഖാമൂലം തയ്യാറാക്കിയ ഈ കുറ്റപത്രം പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ വായിപ്പിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP