Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ വോട്ടർ പട്ടിക: ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവ്; വോട്ടർ പട്ടികയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ടെന്ന് കോടതി; 2019ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താൻ പ്രായോഗിക പ്രശ്നങ്ങൾ; വോട്ടെടുപ്പു നടത്താൻ വേണ്ടിവരുന്നത് പത്ത് കോടിയിലധികം രൂപ; നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിൽ

തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ വോട്ടർ പട്ടിക: ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവ്; വോട്ടർ പട്ടികയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ടെന്ന് കോടതി; 2019ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താൻ പ്രായോഗിക പ്രശ്നങ്ങൾ; വോട്ടെടുപ്പു നടത്താൻ വേണ്ടിവരുന്നത് പത്ത് കോടിയിലധികം രൂപ; നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ വർഷം നടക്കേണ്ട കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. വോട്ടർ പട്ടികയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹൈക്കോടതി നിർദ്ദേശിച്ചത് അനുസരിച്ച് 2019ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി വോട്ടെടുപ്പു നടത്താൻ പത്തു കോടി രൂപ അധികം വേണ്ടിവരുമെന്ന് കമ്മിഷനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ പറഞ്ഞു.

2019ലെ വോട്ടർ പട്ടിക വാർഡ് തലത്തിലേക്കു പുനഃസംവിധാനം ചെയ്യുക മാത്രമാണ് വേണ്ടതെന്ന് യുഡിഎഫിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് സിങ്വി വാദിച്ചു. സ്റ്റേ അനുവദിക്കുന്നതിനെ സിങ്വി എതിർത്തെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. 2019ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് കമ്മിഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ബൂത്ത് അടിസ്ഥാനത്തിലുള്ളപട്ടിക വാർഡ് അടിസ്ഥാനത്തിലേക്കു പുനഃസംവിധാനം ചെയ്യണം. അതിനു പത്തു കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ നിലവിൽ പട്ടിക പുതുക്കൽ നിർത്തിവച്ചിരിക്കുകയാണ്. ഇതെല്ലാം ആദ്യം മുതൽ ചെയ്യേണ്ടിവരുമെന്നും കമ്മിഷൻ ഫറയുന്നു.

2015ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കരടു വോട്ടർ പട്ടിക തയാറാക്കിയത്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നിരുന്നു. 2019ലെ വോട്ടർ പട്ടിക നിലനിൽക്കെ 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെയാണ് പാർട്ടികൾ ചോദ്യം ചെയ്തത്. 2015ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് രണ്ടു തെരഞ്ഞെടുപ്പുകൾ നടന്നു. ആ വോട്ടർ പട്ടിക അടിസ്ഥാനമാക്കി കരടു വോട്ടർ പട്ടിക തയാറാക്കണമെന്നാണ് പാർട്ടികൾ ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിൽ അല്ലാത്തതിനാൽ അത് അടിസ്ഥാനാക്കി പട്ടിക പുതുക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്മിഷൻ വാദം. കമ്മിഷൻ തീരുമാനത്തിനെതിരെ യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. വോട്ടർ പട്ടിക തെരഞ്ഞെടുപ്പു കമ്മിഷന്റെ വിവേചന അധികാരത്തിൽ പെട്ട കാര്യമാണെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധിച്ചത്. ഇതിനെതിരെ മസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി നൽകിയ അപ്പീൽ പരിഗണിച്ചാണ്, 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചത്.

എന്നാൽ, 2019 ലെ വോട്ടർ പട്ടിക പ്രകാരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി അന്ന് ഉത്തരവിട്ടത്. 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതും. 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്താമാക്കിയതും.

ലോകസഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടർ പട്ടികയിൽ 2020 ഫ്രെബ്രുവരി 7വരെ ചേർത്ത പേരുകൾ ഉൾപ്പെടുത്തി വോട്ടർ പട്ടിക തയ്യാറാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കമ്മീഷന് കൈകൊള്ളാമെന്നും കോടതി വ്യക്തമാക്കി. 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നൽകിയ ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ കമ്മീഷന്റെ വിവേചനാധികാരമാണെന്ന് ചൂണ്ടികാട്ടിയാണ് സിംഗിൾ ബഞ്ച് ഹർജി തള്ളിയത്. ഇതിനെതിരെയാണ് യുഡിഎഫ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP