Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയത് കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ച ശേഷം; കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കിയത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനും; ലിഗ കൊലക്കേസിൽ പ്രതികൾ ഒക്ടോബർ 30 ന് ഹാജരാകാൻ ജില്ലാ കോടതിയുടെ അന്ത്യശാസനം

ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയത് കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ച ശേഷം; കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കിയത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനും; ലിഗ കൊലക്കേസിൽ പ്രതികൾ ഒക്ടോബർ 30 ന് ഹാജരാകാൻ ജില്ലാ കോടതിയുടെ അന്ത്യശാസനം

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസിൽ കുറ്റം ചുമത്തലിന് പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി അന്ത്യശാസനം നൽകി. കോവളം നിവാസികളായ ഉമേഷ്, ഉദയകുമാർ എന്നീ പ്രതികൾ ഒക്ടോബർ 30 ന് ഹാജരാകാനാണുത്തരവ്. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതികൾ ഹാജരാകാൻ ജനുവരി 25 , ഏപ്രിൽ 2 , ഓഗസ്റ്റ് 13 എന്നീ തീയതികളിൽ കേസ് പരിഗണിച്ചുവെങ്കിലും ഹാജരാകാൻ പ്രതികൾ കൂടുതൽ സമയം തേടുകയായിരുന്നു. തുടർന്നാണ് കോടതി അന്ത്യശാസനം നൽകിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുവാൻ പ്രൊസിക്യൂഷൻ ഹാജരാക്കിയ വായ് മൊഴിയാലും രേഖാമൂലമായും തൊണ്ടിമുതലുകളായും ഉള്ള തെളിവുകൾ വച്ച് കൊണ്ടാണ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ കേസ് റെക്കോർഡുകൾ പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

2018 മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയൻ യുവതി ലിഗയെ കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രൊസിക്യൂഷൻ കേസ്.

കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ലിഗയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തൻകോട് ആശ്രമത്തിൽ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സിൽ കയറി കോവളം തീരത്തെത്തുകയായിരുന്നു. പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നൽകാമെന്നും വിശ്വസിപ്പിച്ച് മോട്ടോർ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികൾ ആദ്യം മൊഴി നൽകാൻ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ലിഗയുടെ സഹോദരിയെ തിരുവല്ലം പൊലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടൻ അന്വേഷിച്ചിരുന്നെങ്കിൽ ലിഗയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തിൽ ഇടപെട്ടതോടെയാണ് പരാതിക്ക് മേൽ കിടന്നുറങ്ങിയ തിരുവല്ലം പൊലീസിന് അനക്കം വച്ചത്. ഒടുവിൽ ദിവസങ്ങൾ പഴകി കഴുത്തു വേർപെട്ട് കാട്ടു വള്ളി പടർപ്പിൽ ഉടൽ വേർപെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പൊലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനതിർത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പൊലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താൻ വൈകിയത്. സ്റ്റേഷനതിർത്തിക്കകം ലിഗ ഉണ്ടായിട്ടും അന്വേഷിക്കാൻ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പൊലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ലിഗയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോക്സോ കോടതിയിൽ കോവളം പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായത്. ഇതിൽ നിന്നു തന്നെ പ്രതികൾക്ക് പൊലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസിൽ ഉമേഷ് ഡിസംബർ 14 ന് ഹാജരാകാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP