Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയുടെ മാനംകാക്കാൻ എത്തിയ സാൽവേയ്ക്ക് സെൻകുമാർ കേസിൽ അടിതെറ്റി; പൊന്നുംവില കൊടുത്ത് വക്കാലത്തിനായി എത്തിച്ച സാൽവേയെ വീഴ്‌ത്തിയത് ദുഷ്യന്ത് ദാവെ; യുവ വക്കീലായ ഹാരിസ് ബീരാന്റെ ഇടപെടലും നിർണായകമായി; സർക്കാരിന്റെ പ്രെസ്റ്റീജ് കേസിൽ സാൽവേ വീണതോടെ ലാവ്‌ലിൻ കേസിൽ ഉൾഭയം മുറുകി മുഖ്യമന്ത്രിയും സിപിഎമ്മും

പിണറായിയുടെ മാനംകാക്കാൻ എത്തിയ സാൽവേയ്ക്ക് സെൻകുമാർ കേസിൽ അടിതെറ്റി; പൊന്നുംവില കൊടുത്ത് വക്കാലത്തിനായി എത്തിച്ച സാൽവേയെ വീഴ്‌ത്തിയത് ദുഷ്യന്ത് ദാവെ; യുവ വക്കീലായ ഹാരിസ് ബീരാന്റെ ഇടപെടലും നിർണായകമായി; സർക്കാരിന്റെ പ്രെസ്റ്റീജ് കേസിൽ സാൽവേ വീണതോടെ ലാവ്‌ലിൻ കേസിൽ ഉൾഭയം മുറുകി മുഖ്യമന്ത്രിയും സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള നിയമപോരാട്ടങ്ങളിലൊന്നാണ് ടി.പി. സെൻകുമാർ എന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ ഇടതു സർക്കാരും തമ്മിൽ നടത്തിയത്. പുറ്റങ്ങൽ വെടിക്കെട്ടു ദുരന്തം, ജിഷവധം എന്നീ കേസുകളിലെ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു നീക്കം ചെയ്യുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള സെൻകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് അദ്ദേഹം സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തി ജയം നേടിയിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകർ തമ്മിലുള്ള നിയമപോരാട്ടം കൂടിയായിരുന്നു ഈ കേസ്. സെൻകുമാറിനുവേണ്ടി ഹാജരായത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനുമായിരുന്നു. പിണറായി സർക്കാരിനുവേണ്ടി വാദിക്കാനെത്തിയത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിഭാഷകരിലൊരാളായ ഹരീഷ് സാൽവേയും മറ്റൊരു മുതിർന്ന അഭിഭാഷകനായ പി.പി. റാവുവും.

മുന്മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സഹോദരനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ വി.കെ. ബീരാന്റെ മകനായ ഹാരിസിന്റെ കൂടി വിജയമാണിത്. മുസ്ലിംലീഗിന്റെ ആഗോള സാംസ്‌കാരിക സംഘടനയായ കെഎംസിസിയുടെ നേതാവുകൂടിയായ അഡ്വ. ഹാരിസ് ബീരാനാണ് സെൻകുമാറിന്റെ കേസ് നോക്കിയത്. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് ദുഷ്യന്ത് ദവേയും പ്രശാന്ത് ഭൂഷണും കേസിൽ ഹാജരാകുന്നത്. മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ. മനുഷ്യാവകാശപ്രവർത്തൻകൂടിയായ പ്രശാന്ത് ഭൂഷൺ മലയാളികൾക്ക് സുപരിചിതനുമാണ്.

മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വിലയിടുന്ന ഹാരിഷ് സാൽവേയ്ക്ക് തോൽവി പറ്റുന്നത് അപൂർവമാണ്. അഞ്ചു വർഷം തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സൽമാൻ ഖാനെ ജയിൽ കയറ്റാതെ രക്ഷിച്ച ഹാരിഷ് സാൽവേയ്ക്ക് ദുഷ്യന്ത് ദവേയുടെയും പ്രശാന്ത് ഭൂഷണിന്റെയും വാദങ്ങൾക്കു മുന്നിൽ അടിപതറുകയായിരുന്നു. സെൻകുമാറുമായുള്ള അഭിമാന പോരാട്ടത്തിലെ പരാജയം പിണറായി വിജയനെ മറ്റൊരു തരത്തിലും അസ്വസ്ഥനാക്കും. കാരണം ലാവലിൻ കേസിൽ സിബിഐ നല്കിയിരിക്കുന്ന റിവിഷൻ ഹർജിയിൽ അദ്ദേഹത്തിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് ഹരീഷ് സാൽവേയാണ്.

ജിഷ വധം, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം എന്നീ കേസുകളിലെ അന്വേഷണ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റുന്നത്. കേസുകളുടെ അന്വേഷണത്തിലുണ്ടായ വീഴ്ചയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റാൻ കാരണമായതെിന്നാണ് സുപ്രീംകോടതിയിലും ഹരീഷ് സാൽവേ വാദിച്ചതും. എന്നാൽ, സെൻകുമാറിനെ സ്ഥലംമാറ്റിയപ്പോൾ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയർത്തുകയാണ് സർക്കാർ ചെയ്തതെന്നു സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സെൻകുമാറിന് രണ്ടുവർഷത്തേക്കാണ് നിയമനം നൽകിയിരുന്നതെന്ന് സെൻകുമാറിന് വേണ്ടി പ്രശാന്ത് ഭൂഷനും ചൂണ്ടിക്കാട്ടി. 2015 മെയിലാണ് അദ്ദേഹം നിയമിതനായത്. സംസ്ഥാന സുരക്ഷാ കമ്മീഷണറോടു പോലും കൂടിയാലോചിക്കാതെയാണ് സർക്കാർ നടപടിയെന്നും ഭൂഷൻ കോടതിയെ ബാധിപ്പിച്ചു.

ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം എന്നീ കേസുകളിൽ വീഴ്ചയുണ്ടായതുകൊണ്ടാണ് പൊലീസ് മേധാവിയെ നീക്കിയതെന്നു മുഖ്യമന്ത്രി പ്രതികരിച്ചിട്ടുള്ളതായും സെൻകുമാറിനുവേണ്ടി ദുഷ്യന്ത് ദവെ ചൂണ്ടികാട്ടി. സെൻകുമാറിനെ ഡി.ജി.പി. സ്ഥാനത്തുനിന്നു മാറ്റിയശേഷം കണ്ണൂരിൽ ഒൻപത് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ഇതിന്റെ ഉത്തരവാദിത്വം ഈ സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്ന സുപ്രധാന ചോദ്യവും ദവെ ചോദിച്ചു. സെൻകുമാറിനെ സ്ഥലം മാറ്റുകയായിരുന്നുവെന്നും അച്ചടക്ക നടപടിയെടുത്തിട്ടില്ലെന്നുമാണ് ഹരീഷ് സാൽവേ ഇതിനു മറുപടി നല്കിയത്. സെൻകുമാറിന്റെ സ്ഥാനമാറ്റത്തിനു മുമ്പ് സംസ്ഥാന സുരക്ഷാ കമ്മിഷനുമായി ആലോചിച്ചില്ലെന്നും ദവെ വാദിച്ചു. എന്നാൽ പൊലീസ് നിയമ പ്രകാരമാണ് സെൻകുമാറിനെതിരെ നടപടിയെടുത്തതെന്നും അതിനാൽ സംസ്ഥാന സുരക്ഷാ കമ്മിഷനുമായി ആലോചിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിനുവേണ്ട ഹരീഷ് സാൽവേയ്‌ക്കൊപ്പം ഹാജരായ പി.പി. റാവുവിന്റെ വിശദീകരണം. എന്നാൽ സുപ്രീംകോടതി ഇതിനോടു വിയോജിപ്പു പ്രകടിപ്പിക്കുകയും ഇന്ന് സെൻകുമാറിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയിൽ ഇത് പ്രതിഫലിക്കുകയുമായിരുന്നു.

ഹൈക്കോടതിയിൽ നടക്കുന്ന ലാവ്‌ലിൻ കേസിലെ ഭാവിയാകും ഇനി മുഖ്യമന്ത്രി പിണറായി വിജയനെ ആശങ്കപ്പെടുത്തുന്നത്. പിണറായിക്കുവേണ്ടി കേസ് വാദിച്ചിരുന്ന കേരളത്തിലെ മുതിർന്ന അഭിഭാഷകനായ എം.കെ. ദാമോദരന്റെ നിർദ്ദേശപ്രകാരമാണ് ഹരീഷ് സാൽവേയെ നിയമിക്കുന്നത്. സിബിഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഹരീഷ് സാൽവേയെ കേസ് ഏൽപ്പിക്കാനുള്ള തീരുമാനം ദാമോദരൻ മുന്നോട്ടു വയ്ക്കുകയും പിണറായി അംഗീകരിക്കുകയുമായിരുന്നു. ഒരു സിറ്റിങ്ങിനു തന്നെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സാൽവേയ്ക്കു പിണറായി എങ്ങനെ പ്രതിഫലം നല്കുമെന്ന വിഷയം നേരത്തേ ചർച്ചാവിഷയമായിരുന്നു.

സുപ്രീം കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനാണ് ഹരീഷ് സാൽവെ. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിഭാഷകനാണ് ഇദ്ദേഹം. സൽമാൻ ഖാൻ, ലളിത് മോദി, മുകേഷ് അംബാനി, രത്തൻ ടാറ്റ തുടങ്ങിവർക്കുവേണ്ടി ഹാജരാകാറുള്ള അഭിഭാഷകനാണ്. ഓരോ ദിവസത്തിനും ലക്ഷങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. റോഡരികിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്കു മദ്യലഹരിയിൽ വാഹനമോടിച്ചുകയറ്റി ഒരാളുടെ മരണത്തിനിടയാക്കിയ കേസിൽ അഞ്ചുവർഷം തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സൽമാൻഖാൻ ഒറ്റ രാത്രിപോലും ജയിലിൽ കിടക്കാതിരുന്നത് സാൽവേയുടെ നാക്കൊന്നിന്റെ മിടുക്കായിരുന്നു. രാജ്യത്തെ നിയമവിദഗ്ധരൊക്കെ വിധിയെഴുതി, സൽമാന് കൽത്തുറുങ്കിൽനിന്നു രക്ഷപ്പെടാനാവില്ലെന്ന്. പക്ഷേ, ഒരു രാത്രിപോലും സൽമാന് ആർതർ റോഡ് ജയിലിൽ കിടക്കേണ്ടി വന്നില്ല. പുഷ്പം പോലെ സൽമാൻ ജാമ്യം നേടി പുറത്തുവന്നു.

കോർപറേറ്റ് ഭീമന്മാരുടെയും സെലിബ്രിറ്റികളുടെയും പ്രമുഖരാഷ്ട്രീയക്കാരുടെയുമൊക്കെ രക്ഷകനാണ് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ കൂടിയായ ഹരീഷ് സാൽവേ. നാഗ്പൂരിൽ ജനിച്ച അദ്ദേഹം നിയമജീവിതത്തിന്റെ നീണ്ട വഴിത്താരകൾ ഭംഗിയായി പിന്നിട്ടാണ് ഈ നിലയിലെത്തിയത്. 2012-ൽ വോഡഫോണിനു വേണ്ടി കേന്ദ്ര സർക്കാരിനെതിരായി 11,000 കോടിയുടെ നികുതിക്കേസിൽ വാദിച്ചു ജയിച്ചത് ആർക്കും മറക്കാനാവില്ല. മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിൽ പ്രകൃതിവാതക ഇടപാടിൽ മുംബൈ കോടതിയിൽ കൊമ്പുകോർത്തപ്പോൾ മുകേഷിനെ രക്ഷിക്കാനുണ്ടായിരുന്നതു ഹരീഷ് സാൽവേയായിരുന്നു.

ഭോപ്പാൽ ദുരന്തക്കേസിലും ബാബാ രാം ദേവിന്റെ അനുയായികൾക്കെതിരേ പാതിരാവിൽ നടത്തിയ പൊലീസ് നടപടി സംബന്ധിച്ച കേസിലും പൊലീസിനു വേണ്ടി ഹാജരായതു ഹരീഷ് സാൽവേയാണ്. ഇറ്റാലിയൻ നാവികരുടെ കടൽ വെടിവയ്പു കേസിലും ഹാജരായതു മറ്റാരുമല്ല. ഇതൊന്നും വെറുതേയണെന്നു ധരിക്കേണ്ടാ. കോടതിയിൽ അദ്ദേഹത്തിന്റെ വായ് തുറക്കണമെങ്കിൽ ലക്ഷങ്ങൾ മറിയണം. ഒരു ദിവസത്തെ ഫീസ് തന്നെ 30 ലക്ഷം രൂപയാണ്. അംബാനിക്കേസിൽ ഹരീഷിനു വേണ്ടി മുകേഷ് ചെലവാക്കിയതു 15 കോടി രൂപയാണ്. ഇത്രയും പ്രതിഭാധനനായ അഭിഭാഷകനാണ് സെൻകുമാറിന്റെ കേസിൽ അടിയറവ് പറയേണ്ടിവന്നിരിക്കുന്നത്. സാർവേയ്‌ക്കേറ്റ തിരിച്ചടി പിണറായി വിജയനെയും സി.പി.എം നേതൃത്വത്തെയും തീർച്ചയായും ഇരുത്തിച്ചിന്തിപ്പിക്കും. വിചാരണക്കോടതി വെറുതേ വിട്ടുവെങ്കിലും പിണായി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ഹൈക്കോടതിയിൽ കേസു നടക്കുന്നത്. പിണറായിക്കെതിരേ ഒരു ചെറു പരാമർശമുണ്ടായാൽതന്നെ അത് സൃഷ്ടിക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

അതേസമയം സുപ്രീംകോടതി വിധിയിൽ ആഹ്‌ളാദം പ്രകടിപ്പിച്ച സെൻകുമാർ തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു. ''അഭിഭാഷകരായ ഹാരിസ് ബീരാൻ, ദുഷ്യന്ത് ദവെ പ്രശാന്ത് ഭൂഷൺ എന്നിവരോട് ഒരുപാട് നന്ദിയുണ്ടെന്ന് സെൻകുമാർ പറഞ്ഞു. സുപ്രിം കോടതിയിൽ കേസ് നോക്കിയിരുന്നത് ഹാരിസ് ബീരാനാണ്. അദ്ദേഹം വഴിയാണ് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ഹാജരാകുന്നത്. ഒരു പൈസപോലും വാങ്ങാതെയാണ് ദുഷ്യന്ത് ദവെ തനിക്ക് വേണ്ടി കേസ് വാദിച്ചത്. അദ്ദേഹത്തെപ്പൊലെ ഒരാൾക്ക് ഫീസ് നൽകി കേസ് നടത്താൻ എന്നപ്പോലൊരു ഉദ്യോഗസ്ഥന് സാധിക്കില്ല. അദ്ദേഹത്തിന്റെ ആ മനസ് കാരണമാണ് കേസ് നടന്നത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണും വളരെ ചെറിയ തുകവാങ്ങിയാണ് കേസിൽ ഹാജരായത്''. സെൻകുമാർ പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP