Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസി വിഷയത്തിൽ കോടതിയുടെ വിമർശനം ഏറ്റു; മാനം രക്ഷിക്കാൻ വിധിവരുംമുമ്പ് സ്വകാര്യബസുകൾക്ക് അനുമതി നൽകിയ ഉത്തരവു പിൻവലിച്ച് സർക്കാർ

കെഎസ്ആർടിസി വിഷയത്തിൽ കോടതിയുടെ വിമർശനം ഏറ്റു; മാനം രക്ഷിക്കാൻ വിധിവരുംമുമ്പ് സ്വകാര്യബസുകൾക്ക് അനുമതി നൽകിയ ഉത്തരവു പിൻവലിച്ച് സർക്കാർ

കൊച്ചി: 241 സൂപ്പർ ക്ലാസ് റൂട്ടുകളിൽ പെർമിറ്റ് ഇനി കെഎസ്ആർടിസിക്കു മാത്രം. സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവു സർക്കാർ പിൻവലിച്ചു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വകാര്യമേഖലയ്ക്കുവേണ്ടി കോർപ്പറേഷനെ തീറെഴുതി നൽകുകയാണോ എന്ന് കോടതി ആരാഞ്ഞിരുന്നു. സൂപ്പർ ക്ലാസിന്റെ കാര്യത്തിൽ സർക്കാർ നിലപാട് ഉടൻ അറിയിക്കണമെന്ന് കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലും ഇക്കാര്യത്തിൽ സർക്കാരിനുവേണ്ട ഉപദേശം നൽകിയിരുന്നു. ഇതെത്തുടർന്നാണ് മാനം രക്ഷിക്കാൻ സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവു പിൻവലിച്ച് സർക്കാർ കോടതി തടിയൂരിയത്.

പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ നൽകിയ ഹർജി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം കോടതി സർക്കാരിനോടു കെഎസ്ആർടിസിയുടെ കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്. അഡ്വ. ജോൺസൺ മനയനാനിയാണ് കേസിൽ ഹാജരായത്. എന്നാൽ, ഇക്കാര്യം മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം മുക്കിയിരുന്നു.

രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ച് കെഎസ്ആർടിസിയുടെ ചരമഗീതം പാടാൻ ഉതകുന്ന ഒരു ഓർഡിനൻസിനെതിരെ സമർപ്പിച്ച ഹർജിയിൽ കോടതി എടുത്ത നിലപാട് പത്രക്കാരുടെ പിണക്കം മൂലം ആദ്യം പുറം ലോകം അറിയാതെ പോയിരുന്നു. അത് വിവാദവുമായി. കഴിഞ്ഞ ദിവസം ഹൈക്കോടതി അതി നിർണ്ണായക നിരീക്ഷണങ്ങൾ കേസിൽ നടത്തിയപ്പോൾ ഈ വാർത്ത മുക്കാൻ മാദ്ധ്യമങ്ങൾക്കു കഴിഞ്ഞില്ല. ഇതോടെ പരാതിക്കാരന്റെ പേരുമാറ്റിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. അങ്ങനെ കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയെ പരാതിക്കാരാക്കിയാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്.

കെഎസ്ആർടിസി ഏറ്റെടുക്കുന്ന സൂപ്പർ ക്ലാസ്സ് സ്വകാര്യ ബസ്സുകൾക്ക് നിയമ വിരുദ്ധമായി പെർമിറ്റ് നീട്ടി കൊടുക്കുന്നതിനെതിരെ ഫയൽ ചെയ്ത കേസിൽ ഇന്നലെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഇന്നു പത്ര വാർത്തയായിരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ 25 വർഷമായി കേസു നടത്തിയ ഡിജോ കാപ്പനെയും അദ്ദേഹം നേതൃത്വം നൽകുന്ന സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസ്സോസിയേഷനെയും അവരുടെ കേസ് ഹൈക്കോടതിയിൽ വാദിക്കുന്ന ജോൺസൺ മനയാനിയെയും ഇന്നത്തെ പത്ര വാർത്തകളിൽ നിന്നും ഒഴിവാക്കിയത് കോടതി റിപ്പോർട്ടിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഇവർ ഹൈക്കോടതിയിൽ കേസ് നടത്തുന്നതിന്റെ പേരിൽ ആണ്.

കോർപ്പറേഷന്റെ ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകൾക്കും പങ്കുണ്ടെന്നും അവകാശങ്ങൾക്കുവേണ്ടി മാത്രമാണ് യൂണിയനുകൾ ശ്രമിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട കാര്യമുണ്ടോ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ലാഭമുണ്ടാക്കുന്ന തൊഴിലാളികൾക്കേ പെൻഷൻ അവകാശപ്പെടാനാകൂവെന്നും പരാമർശമുണ്ടായി.

കെഎസ്ആർടിസി നിരക്കുവർധനയുടെ ഗുണഭോക്താക്കൾ സ്വകാര്യ ബസുടമകളാണെന്നും കോടതി നിരീക്ഷിച്ചു. സെസ് നിരക്കു വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. സ്വകാര്യബസുകൾക്ക് ഇക്കാര്യത്തിൽ വർധന നിലവിൽ വരാത്തത് കെഎസ്ആർടിസിക്കു കനത്ത തിരിച്ചടിയാകുമെന്നത് വ്യക്തമായിരുന്നു. ഈ നിലപാട് സ്വകാര്യ ബസുടമകളെ സഹായിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസുമാരായ തോട്ടത്തിൽ ബി രാധാകൃഷ്ണനും ബാബു മാത്യു പി ജോസഫും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞ ദിവസം വിലിയിരുത്തിയിരുന്നു. സൂപ്പർ ക്ലാസ് റൂട്ടുകളുടെ കാര്യത്തിലും സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നടപടിയാണോ സ്വീകരിച്ചതെന്നും ആരാഞ്ഞു.

റൂട്ടുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്കു മുൻപ് നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് സർക്കാർ തീരുമാനം അറിയിച്ചത്. നേരത്തെ തീരുമാനമെടുക്കാൻ മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു.

എന്തായാലും സർക്കാരിനെതിരെ ഹൈക്കോടതി വീണ്ടും ആഞ്ഞടിക്കുന്നതിനുമുമ്പ് സ്വകാര്യ മേഖലയ്ക്ക് സൂപ്പർ ക്ലാസ് പെർമിറ്റ് നൽകാനുള്ള അനുമതി പിൻവലിച്ച് തടിയൂരുകയായിരുന്നു സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP