Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോതമംഗലം മാർത്തോമ ചെറിയപള്ളി പ്രവേശന തർക്കം: ഓർത്തഡോക്‌സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നൽകിയ ഉത്തരവ് ശരിവച്ച് ഹൈക്കോടതി; എതിർകക്ഷിക്ക് 50000 രൂപ യാക്കോബായ പക്ഷം നൽകാനും ഉത്തരവ്; പള്ളിയിൽ പ്രവേശിക്കാൻ ഏറ്റവും അടുത്ത ദിവസമെത്തുമെന്ന് തോമസ് പോൾ റമ്പാൻ

കോതമംഗലം മാർത്തോമ ചെറിയപള്ളി പ്രവേശന തർക്കം: ഓർത്തഡോക്‌സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നൽകിയ ഉത്തരവ് ശരിവച്ച് ഹൈക്കോടതി; എതിർകക്ഷിക്ക് 50000 രൂപ യാക്കോബായ പക്ഷം നൽകാനും ഉത്തരവ്; പള്ളിയിൽ പ്രവേശിക്കാൻ ഏറ്റവും അടുത്ത ദിവസമെത്തുമെന്ന് തോമസ് പോൾ റമ്പാൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് സഭാ വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകിയ കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പള്ളി ഭരിക്കുന്ന യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി. എതിർകക്ഷിക്ക് 50000 രൂപ ഹർജിക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി തള്ളിയ സാഹചര്യത്തിൽ ഏറ്റവും അടുത്ത ദിവസം കോതമംഗലം പള്ളിയിൽ പ്രവേശിക്കുന്നതിന് എത്തുമെന്നും ഉത്തരവ് പരിശോധിച്ചിട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി.

പള്ളി സ്ഥാപിച്ച കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ-ആചാരങ്ങളിൽ നിലനിൽക്കുന്നതാണെന്നും ഇത് തകർത്തുകൊണ്ട് എതിർപക്ഷത്തിന് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം നൽകണം എന്ന് മൂവാറ്റുപുഴ കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ് കോതമംഗലം ചെറിയ പള്ളിയിൽ നിലവിലുള്ള ഉള്ള പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് യാക്കോബായ പക്ഷം ചൂണ്ടിക്കാട്ടുന്നത്.

വർഷങ്ങൾ മുമ്പ് സഭയിൽ കലഹം ഉണ്ടാക്കി ഓർത്തഡോക്സ് വിഭാഗത്തിൽ ചേർന്ന പതിനാല് വീട്ടുകാർക്ക് മാത്രമായി ചെറിയപള്ളി വിട്ടു നൽകി കൊണ്ടുള്ള കോടതിവിധി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ഒരു കാരണവാശാലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് യാക്കോബായ വിശ്വാസികളുടെ നിലപാട്.

നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് കൈക്കലാക്കുന്നതിനുവേണ്ടിയാണ് ഇടവകയിൽ നിന്ന് വിഘടിച്ച് പോയവരെ മുൻ നിർത്തിയുള്ള നീക്കമെന്നും യാക്കോബായ പക്ഷം ആരോപിക്കുന്നു. ഹൈക്കോടതി വിധി അറിഞ്ഞപ്പോൾ തന്നെ കോതമംഗലത്തെ ജനപ്രതിനിധികളും വിവിധ സാമൂദായിക രാഷ്ട്രീയ കക്ഷി നേതാക്കളും നേതാക്കളും ചെറിയ പള്ളിയിലെത്തി നിലവിലെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകി.

വിവരം പുറത്തുവന്നത് മുതൽ പലഭാഗങ്ങളിൽ നിന്നും വിശ്വാസികൾ പള്ളിയിലേക്ക് എത്തുന്നുണ്ട്. യാക്കോബായ സഭയുടെ വിശ്വാസത്തെ ഹനിക്കുന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് കോതമംഗലത്ത് ഉയരുന്നത്.ഒരു കാരണവശാലും തങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കുകയില്ലെന്ന് ഉറച്ച നിലപാടിലാണ് യാക്കോബായ സഭയും വിശ്വാസികളും.മൂവാറ്റുപുഴ കോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവുമായി പൊലീസ് സഹായത്തോടെ പള്ളിയിൽ പ്രവേശിക്കുന്നതിനായി തോമസ്സ് പോൾ റമ്പാൻ മൂന്നുതവണ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ കനത്ത പ്രതിരോധത്തെത്തുടർന്ന് സാധ്യമായില്ല.മൂന്നാമത്തെ തവണ പള്ളിക്കുമുന്നിൽ കാറിൽ 26 മണിക്കൂറിലേറെ സമയം കഴിയുകയും ചെയ്തിരുന്നു.

പള്ളിയിൽ പ്രവേശിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന തന്നെ ആരോഗ്യനില മോശമായി എന്നുകാണിച്ച് പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും തനിക്ക് ശാരിരിക പ്രശാനങ്ങൾ ഒന്നുമില്ലന്നും റമ്പാൻ അന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയിരുന്നു.
കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷവും തനിക്ക് ആരോഗ്യപ്രശ്്നങ്ങളില്ലന്നും കളക്ടർ ഉൾപ്പെടെയുള്ളവരുടെ താൽപര്യപ്രകാരമാണ് താൻ ആശുപത്രിയിൽ കഴിയുന്നതെന്നും റമ്പാച്ചൻ മറുനാടനോട് പ്രതികരിച്ചിരുന്നു. അസുഖങ്ങൾ ഇല്ലാതിരുന്നിട്ടും പണച്ചിലവേറിയ പല ടെസ്റ്റുകളും ആശുപത്രി അധികൃതർ നടത്തിയെന്നും ഇതിന്റെ ബിൽതുക സർക്കാർവഹിക്കണമെന്ന ആവശ്യം നേരത്തെ ഇദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP