Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളിയൂർ മര്യാദാസ് കൊലക്കേസ്: പ്രതികളെ സെഷൻസ് കോടതി ചോദ്യം ചെയ്തു; കൊലുസു ബിനുവും കൂട്ടാളിയും മര്യാദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ചെന്ന് കേസ്; വീട്ടമ്മ ഇപ്പോഴും അബോധാവസ്ഥയിൽ

കോളിയൂർ മര്യാദാസ് കൊലക്കേസ്: പ്രതികളെ സെഷൻസ് കോടതി ചോദ്യം ചെയ്തു;  കൊലുസു ബിനുവും കൂട്ടാളിയും മര്യാദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ചെന്ന് കേസ്; വീട്ടമ്മ ഇപ്പോഴും അബോധാവസ്ഥയിൽ

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം : കോവളം കോളിയൂരിൽ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാൽസംഗം ചെയ്ത് ജഡാവസ്ഥയിലാക്കി സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ കൊലുസു ബിനുവിനെയും രണ്ടാം പ്രതിയായ ചന്ദ്രശേഖരൻ നായരെയും തിരുവനന്തപുരം അഡീ.സെഷൻസ് കോടതി ചോദ്യം ചെയ്തു. വിസ്താര വേളയിൽ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന വായ് മൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്തത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) ബി പ്രകാരമാണ് പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകൾ വച്ച് കൊണ്ട് അഡീ. സെഷൻസ് ജഡ്ജി മിനി. എസ്. ദാസ് ചോദ്യം ചെയ്തത്. പ്രതികൾ കൃത്യ സമയത്ത് ഉപയോഗിച്ച 2 മൊബൈൽ ഫോൺ നമ്പരുകളുടെ ടവർ ലൊക്കേഷൻ , സെൽ ഐഡി, സർവ്വീസ് പ്രൊവൈഡർ , ഉപഭോക്താവിന്റെ പേര്, വിവിധ ഉപയോക്താക്കൾ എന്നിവരുടെ പേര് വിവരം ക്രോഡീകരിച്ച് ബുധനാഴ്ച ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ തെളിവു നിയമപ്രകാരം വിവര സാങ്കേതിക വിദ്യാനിയമത്തിലെ വകുപ്പ് 65 ബി പ്രകാരം കാൾ ഡീറ്റെയിൽസ് റെക്കോഡിന്റെ ( സി.ഡി.ആർ ) സേവനദാതാക്കൾ സാക്ഷ്യപ്പെടുത്തിയ കത്തുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

അനവധി കവർച്ചാ കേസുകളിൽ പ്രതികളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കൊലുസു ബിനു എന്ന അനിൽകുമാർ ( 38 ) , തമിഴ്‌നാട് വേലൂർ ജില്ലയിൽ ഒടുകത്തൂർ വില്ലേജിൽ കോവിൽ തെരുവിൽ ചന്ദ്രൻ എന്ന ചന്ദ്രശേഖരൻ നായർ (48) എന്നിവരാണ് കവർച്ചാ കൊലപാതക - പീഡനക്കേസിലെ പ്രതികൾ.

2016 ജൂലൈ ഏഴിനാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. കോവളം കോളിയൂർ ചരുവിള പുത്തൻ വീട്ടിൽ മര്യാദാസിനെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. അർദ്ധരാത്രി ഭവനഭേദനം നടത്തി വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികൾ മര്യാദാസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് ഞെട്ടി നിന്ന ഭാര്യ ഷീജയെ പ്രതികൾ ക്രൂരബലാൽസംഗത്തിനിരയാക്കി ജഡാവസ്ഥയിലാക്കുകയും ഇവരെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു കൊണ്ടു പോവുകയുമായിരുന്നു.

മര്യാദാസും കുടുംബവും നടത്തി വന്ന കടയിൽ ചെന്ന പ്രതികൾ ഭാര്യ ഷീജയെ നോട്ടമിട്ടിരുന്നു. തുടർന്നാണ് മൃഗീയമായ ക്രൂര കൃത്യം നടത്തിയത്. ഷീജ ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതികൾ തമിഴ്‌നാട് മാർത്താണ്ഡത്തെ ജൂവലറിയിൽ വിറ്റു. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയിൽ ജൂവലറി മാനേജർ കോടതിയിൽ പ്രതികളെ തിരിച്ചറിഞ്ഞു. ജൂവലറിയിലെ സി സി റ്റിവി ദൃശ്യങ്ങൾ കോടതി ഹാളിൽ സ്‌ക്രീനിൽ പ്രദർശിപ്പിച്ചാണ് സാക്ഷി വിസ്താരം നടന്നത്.

സി സി റ്റി വി ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടന്നിട്ടില്ലായെന്നും ഐ റ്റി നിയമ പ്രകാരം ഹാർഡ് ഡിസ്‌ക്കും സിഡിയും പരിശോധിച്ച് സാക്ഷ്യപത്രം നൽകിയത് താനാണെന്നും കേസിലെ അറുപതാം സാക്ഷിയായ തൃശൂർ കേരള പൊലീസ് അക്കാഡമി (കേപ്പ ) ജോയിന്റ് ഡയറക്ടർ ഷാജി.പി. കോടതിയിൽ മൊഴി നൽകി. പ്രതികൾ കൃത്യസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ തങ്ങളുടെ വാസസ്ഥലങ്ങളിൽ ഒളിപ്പിച്ചു വച്ചത് പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോയി പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയിരുന്നു.

കൃത്യ വസ്ത്രങ്ങളായ ട്രാക്ക് സ്യൂട്ട് , പാന്റ്‌സ് , ടീ ഷർട്ട് , കൃത്യത്തിനുപയോഗിച്ച ആയുധമായ ചുറ്റിക എന്നിവയിൽ കാണപ്പെട്ട രക്തക്കറകളും കൊല്ലപ്പെട്ട മര്യാദാസിന്റെ ശരീരത്തിലും വസ്ത്രങ്ങളിലും കൊന്തമാലയിലും, ഷീജയുടെ വസ്ത്രങ്ങളിലും കാണപ്പെട്ട രക്തക്കറകൾ ഒന്നാണെന്ന് തന്റെ പരിശോധനയിൽ തെളിഞ്ഞ് സാക്ഷ്യപത്രം നൽകിയതായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിഫിക് ഓഫീസർ എ. ഷെഫീഖ് കോടതിയിൽ മൊഴി നൽകി. ഇരയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവങ്ങളുടെയും പുരുഷ ബീജത്തിന്റെയും പ്രതികളിൽ നിന്ന് ശേഖരിച്ച ബീജങ്ങളുടെയും ഡിഎൻഎ പരിശോധന നടത്തി ഒന്നാണെന്ന സാക്ഷ്യ പത്രം നൽകിയത് താനാണെന്നും തിരുവനന്തപുരം എഫ്. എസ്. എൽ : ഡി എൻ എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കെ.വി.ശ്രീവിദ്യ മൊഴി നൽകി.

രണ്ടാം പ്രതിയുടെ വാസ സ്ഥലത്ത് തെളിവെടുപ്പിന് കേരളാ പൊലീസിനെ സഹായിച്ചത് താനാണെന്ന് തമിഴ്‌നാട് പാപ്പാക്കുടി പൊലീസ് സ്റ്റേഷൻ മുൻ സബ്ബ് ഇൻസ്‌പെക്ടറും നിലവിൽ കമാന്റോ ഫോഴ്‌സ് സബ്ബ് ഇൻസ്‌പെക്ടറുമായ എസ്. രാമൻ മൊഴി നൽകി. പാപ്പാക്കുടി സ്റ്റേഷനിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ 2016 ൽ രജിസ്റ്റർ ചെയ്യപ്പെട്ട 3 ബൈക്ക് മോഷണക്കേസുകളുടെ രേഖകളും എസ് ഐ ഹാജരാക്കിയത് പ്രോസിക്യൂഷൻ ഭാഗത്തേക്കുള്ള 58 മുതൽ 60 വരെയുള്ള രേഖകളായി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു. എസ് ഐ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു.

എസ് ഐ ഹാജരാക്കിയ 3 കേസുകളുടെയും തമിഴ് ലിഖിതങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്ത് സാക്ഷ്യപത്രം അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസി. കമ്മീഷണർക്ക് നൽകിയത് താനാണെന്ന് തൈക്കാട് ഗവ. ട്രെയിനിങ് കോളേജ് തമിഴ് അസി. പ്രൊഫസർ ഡോ. എസ്. കുമാർ കോടതിയിൽ മൊഴി. രണ്ടാം പ്രതിയുടെ വാസസ്ഥലത്ത് വച്ച് തന്റെ സാന്നിദ്ധ്യത്തിൽ രണ്ടാം പ്രതി എടുത്ത് ഹാജരാക്കിത്തന്ന കൃത്യ വസ്ത്രങ്ങൾ കണ്ട് തയ്യാറാക്കിയ മഹസറിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ടി.സി. ഷാജിയും മൊഴി നൽകി. കേസിൽ നാളിതു വരെ 67 സാക്ഷികളെ വിസ്തരിക്കുകയും 49 തൊണ്ടി മുതലുകളും 77 രേഖകളും കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പത്തൊൻപതാം സാക്ഷി ടോമിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 449 ( മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിലേക്കായുള്ള ഭവനഭേദനം ) , 397 ( കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കവർച്ച ) , 307 ( വധശ്രമം ) , 302 ( കൊലപാതകം ) , 376 എ ( പീഡനത്തിനിരയായ ആൾക്ക് ജഡാവസ്ഥക്ക് ഇടവരുത്തൽ ) , 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP