Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ ജോലിയും കുടുംബ വിസയും വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; നൈജീരിയക്കാരൻ കൊലാവോൾ ബൊബോയ്ക്ക് കോടതി കുറ്റപത്രം നൽകി; കൃത്യത്തിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാൻ കേസ് അട്ടിമറിച്ച് സൈബർ പൊലീസും

അമേരിക്കയിൽ ജോലിയും കുടുംബ വിസയും വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; നൈജീരിയക്കാരൻ കൊലാവോൾ ബൊബോയ്ക്ക് കോടതി കുറ്റപത്രം നൽകി; കൃത്യത്തിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാൻ കേസ് അട്ടിമറിച്ച് സൈബർ പൊലീസും

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലിയും കുടുംബ വിസയും വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കുറ്റപത്രം നൽകി. കേസിലെ മുഖ്യപ്രതിയും വ്യാജ യു.എസ്. പ്ലെയ്സ്മെന്റ് റിക്രൂട്ട്മെന്റ് സൈറ്റിൽ ജോബ് ഓഫർ നൽകി എച്ച്. ആർ. മേധാവിയെന്ന് ആൾമാറാട്ടം നടത്തിയ വ്യക്തിയുമായ കൊലാവോൾ ബൊബോ എന്ന 26 കാരനാണ് കോടതി കുറ്റപത്രം നൽകിയത്.

തട്ടിപ്പിനിരയായി 13 ലക്ഷം രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിനി നന്ദനയുടെ പരാതിയെ തുടർന്ന് സൈബർ പൊലീസ് ബൊബോയെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ബി ഫാം ബിരുദധാരിയായ യുവതിക്ക് യു.എസ്.എ. യിലെ ദോതൻ നഗരത്തിലെ ഫ്ലവേഴ്സ് എന്ന ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ലഭ്യമാക്കാമെന്നും കുടുംബസമേതം വിസ ശരിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ച് 13 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പ്രൊസിക്യൂഷൻ കേസ്.

പ്രതിയുടെ നിർദ്ദേശപ്രകാരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ് യുവതി പലപ്പോഴായി പണം നിക്ഷേപിച്ചത്. എന്നാൽ വീണ്ടും ഭീമമായ തുക ആവശ്യപ്പെട്ടതിൽ സംശയം തോന്നിയാണ് ഇവർ പൊലീസിനെ സമീപിച്ചത്. പ്രതിയുടെ എ.ടി.എം.കാർഡ് വിവരങ്ങൾ , ഇ - മെയിൽ , സി.സി.ടി.വി. ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിച്ച പൊലീസ് സംഘം ഇയാൾ മഹാരാഷ്ട്രയിലാണെന്ന് കണ്ടെത്തി. തുടർന്ന് മഹാരാഷ്ട്രയിലെത്തി തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളിൽ നിന്ന് നിരവധി സിം കാർഡുകൾ , ലാപ് ടോപ്പ് , ബാങ്ക് പാസ്ബുക്കുകൾ എന്നിവ പിടിച്ചെടുത്തു. ഇയാൾക്കൊപ്പം മറ്റു വിദേശികളും തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് അവകാശപ്പെട്ടെങ്കിലും പിന്നീട് അന്വേഷണം ഇയാളിൽ മാത്രം ഒതുക്കിയ സൈബർ പൊലീസ് ക്യത്യത്തിലുൾപ്പെട്ട മറ്റുള്ള പ്രതികളെ ഒഴിവാക്കി ഇയാൾക്കെതിരെ മാത്രം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. 2020 ജനുവരി 14 ന് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ മൂന്ന് മാസം കൊണ്ട് തിടുക്കത്തിൽ അന്വേഷണം പൂർത്തിയാക്കി മെയ് 6 ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് കൃത്യത്തിലുൾപ്പെട്ട ഉന്നതരെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ വേണ്ടിയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉന്നതരിലേക്ക് എത്തിയ അന്വേഷണം പൊടുന്നനെ നിലയ്ക്കുകയായിരുന്നു. ഡിവൈഎസ്‌പി : എൻ. ജിജി , സർക്കിൾ ഇൻസ്പെക്ടർ എച്ച്. മുഹമ്മദ് ഖാൻ എന്നിവരാണ് അറസ്റ്റും അന്വേഷണവും നടത്തിയത്. ബൊബോക്ക് ജാമ്യം നിഷേധിച്ച കോടതി കാരാഗൃഹത്തിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 419 (ആൾമാറാട്ടം വഴി ചതിക്കൽ) , 420 ( ചതിക്കുകയും കബളിപ്പിക്കപ്പെട്ടയാളെ നേരുകേടായി പ്രലോഭിപ്പിച്ച് പണം കൈക്കലാക്കൽ) , 465 ( വ്യാജരേഖ നിർമ്മിക്കൽ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ പോലെ ഉപയോഗിക്കൽ) എന്നീ വകുപ്പുകളും ഐ.റ്റി നിയമത്തിലെ വകുപ്പ് 66 (ഡി) , ഫോറിനഴ്സ് നിയമത്തിലെ 14 (ബി) , 3 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്ക് കോടതി കുറ്റപത്രം നൽകിയത്. വിചാരണ തടവുകാരനായ പ്രതിയെ നവംബർ 18 ന് ഹാജരാക്കാൻ കോടതി പൂജപ്പുര സെൻട്രൽ ജെയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP