Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കെവിനെ ഇല്ലാതാക്കിയത് ദുരഭിമാനക്കൊല തന്നെ; പതിനാലിൽ പത്ത് പ്രതികളും കുറ്റക്കാരെന്ന് വിധിച്ച് കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതി; നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഒന്നാം പ്രതി; നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെയുൾപ്പടെ നാല് പേരെ വെറുതെ വിട്ടു; ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും; പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കുമെന്ന് സൂചന

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കെവിനെ ഇല്ലാതാക്കിയത് ദുരഭിമാനക്കൊല തന്നെ; പതിനാലിൽ പത്ത് പ്രതികളും കുറ്റക്കാരെന്ന് വിധിച്ച് കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതി; നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഒന്നാം പ്രതി; നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെയുൾപ്പടെ നാല് പേരെ വെറുതെ വിട്ടു; ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും; പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കെവിൻ കൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്നും കോടതി കണ്ടെത്തി. അപൂർവങ്ങളിൽ അപൂർവ്വമാണ് കേസെന്നും കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതി വിധിയിൽ പറയുന്നു. മൊത്തം പതിനാല് പ്രതികളുണ്ടായിരുന്ന കേസിൽ പത്ത് പേർ കുറ്റക്കാരാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. വിധി മറ്റന്നാൾ ആയിരിക്കും പ്രഖ്യാപിക്കുക. ഇതിൽ നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പത്ത് പ്രതികളുള്ള കേസിൽ നാല് പ്രതികളെ വെറുതെ വിട്ടു.

കഴിഞ്ഞ ബുധനാഴ്ച വിധി പറയുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയാണോ അല്ലെയോ എന്നതിൽ വ്യക്തത വേണം എന്ന് പറഞ്ഞാണ് ജഡ്ജി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ദുരഭിമാനക്കൊലയാണ് എന്ന വാദത്തിൽ പ്രോസിക്യൂഷൻ ഉറച്ച് നിന്നു. കെവിൻ നീനുവുമായി പ്രണയത്തിലായിരുന്നപ്പോൾ തന്നെ വീട്ടുകാരുടെ ഭാഗത്ത് നിന്ന എതിർപ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ നീനുവിന്റെ സഹോദരൻ കെവിനെ വധിക്കുമെന്ന് പറഞ്ഞിരെുന്നുവെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്നും പ്രോസിക്യൂഷൻ വാദിച്ചു.

1,2,3,4,6,7,8,9,11,12 എന്നീ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോൾ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. നാലു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് വിധി വന്നശേഷം കെവിന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷിനോ ചാക്കോയും ഉൾപ്പടെ 14 പ്രതികളാണ് കെവിൻ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോൻ തുടങ്ങി യഥാക്രമം ഇഷാൻ, റിയാസ്, ചാക്കോ, മനു മുരളീധരൻ, ഷെഫിൻ, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസിൽ ഷെരീഫ്, ഷീനു ഷാജഹാൻ, ഷിനു നാസർ, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതിൽ ഒൻപതുപേർ ജയിലിലാണ്. അഞ്ചുപേർ ജാമ്യത്തിലും.

 

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷിനോ ചാക്കോയും ഉൾപ്പടെ 14 പേരായിരുന്നു കേസിലെ പ്രതികൾ. 258 പ്രമാണങ്ങൾ ഹാജരാക്കുകയും 114 സാക്ഷികളെയുമാണ് കേസിനായി കോടതി വിസ്തരിച്ചത്. അതിൽ ആറ് പേർ കൂറുമാറി.വധശിക്ഷ വരെ ലഭിക്കാവുന്നവ 10 വകുപ്പുകളാണ് പ്രധാനമായും ചുമത്തിയത്. 302-നരഹത്യ, 364 എ-തട്ടിയെടുത്തു വിലപേശൽ,120 ബി-ഗൂഢാലോചന,449 ഭവനഭേദനം,321 പരിക്കേൽപ്പിക്കൽ,342 തടഞ്ഞ് വെക്കൽ,506-2 ഭീഷണിപ്പെടുത്തൽ,427 നാശം വരുത്തൽ,201 തെളിവ് നശിപ്പിക്കൽ,34 പൊതു ഉദ്ദേശത്തോടെ ഒന്നിച്ച് ചേരൽ എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.രജിസ്റ്റർ വിവാഹത്തിന്റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

തുടർന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. അതിന്റെ തലേദിവസം നീനുവിന്റെ സഹോദരൻ ഷാനുവിന്റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിവായത്. നീനുവിന്റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളായിരുന്നു.

കെവിനെ കൊലപ്പെടുത്തുന്നതിന് കാരണം അയാൾ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നത് തന്നെയാണ് എന്ന് ആയിരുന്നു പ്രോസിക്യൂഷൻ വാദം. തങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരാണ് എന്നും കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടവനാണെന്നും അത്കൊണ്ട് തന്നെ കൊല്ലുമെന്നും ഇയാൾ പറയുന്ന ചില വാട്സാപ്പ് മെസേജുകളും പ്രോസിക്യൂഷൻ തെളിവായി കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. അതേ സമയം ഒരേ മതത്തിൽ പെട്ടവരാണ് എന്നും അത്കൊണ്ട് തന്നെ ദുരഭിമാനക്കൊല എന്ന സംഭവം ഉയരുന്നില്ലെന്നും ആണ് പ്രതിഭാഗം വാദിച്ചത്. ഒപ്പം തന്നെ വിവാഹം ഒരു മാസത്തിനുള്ളിൽ നടത്തിക്കൊടുക്കാം എന്ന് നീനുവിന്റെ അച്ഛൻ ചാക്കോ ഉറപ്പ് നൽകിയിരുന്നുവെന്ന് കെവിന്റെ സുഹൃത്തിന് അറിയാമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP