Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്മുഴുവൻ തോന്നിയ പോലെ സ്‌കൂളുകൾ അനുവദിക്കുന്നു; പിന്നെ ഒരു അന്വേഷണവും നടത്താത്തത് ലാഭക്കൊതിയന്മാർ മുതലാക്കുന്നു; സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്ന് ഹൈക്കോടതി; ഇനിയും ഒളിച്ചുകളിക്കാൻ നോക്കിയാൽ വെറുതെ വിടില്ലെന്നും മുന്നറിയിപ്പ്

നാട്മുഴുവൻ തോന്നിയ പോലെ സ്‌കൂളുകൾ അനുവദിക്കുന്നു; പിന്നെ ഒരു അന്വേഷണവും നടത്താത്തത് ലാഭക്കൊതിയന്മാർ മുതലാക്കുന്നു; സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്ന് ഹൈക്കോടതി; ഇനിയും ഒളിച്ചുകളിക്കാൻ നോക്കിയാൽ വെറുതെ വിടില്ലെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സി.ബി.എസ്.ഇയെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തോപ്പുംപടി അരൂജ സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ 34 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാത്ത സംഭവത്തിലാണ് കോടതി സിബിഎസ്ഇയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തോന്നിയ പോലെ നാടു മുഴുവൻ സ്‌കൂളുകൾ അനുവദിക്കുന്നു. പിന്നെ ഒരു അന്വേഷണവും സിബിഎസ്ഇ നടത്തുന്നില്ലെന്നും കോടതി വിമർശിച്ചു. സിബിഎസ്ഇയുടെ മൗനം ലാഭക്കൊതിയന്മാർ മുതലാക്കുകയാണ്. കുട്ടികളെ ചൂഷണം ചെയ്യാൻ ഇത്തരം സ്‌കൂളുകളെ നിങ്ങൾ അനുവദിക്കുകയാണോയെന്നും കോടതി ചോദ്യമുയർത്തി. സിബിഎസ്ഇ ഇനിയും ഒളിച്ചു കളിക്കാൻ നോക്കിയാൽ വെറുതേ വിടില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിവെച്ച് കളിക്കേണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി.

സിബിഎസ്ഇ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും ബോർഡിന് നൽകുന്ന അവസാന താക്കീതാണിതെന്നും കോടതി ഓർമപ്പെടുത്തി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സിബിഎസ്ഇയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മുൻ വർഷങ്ങളിൽ കുട്ടികളെ മറ്റ് സ്‌കൂളുകളിൽ പരീക്ഷ എഴുതിപ്പിച്ച സ്‌കൂളുകളുടെ പട്ടിക ഹാജരാക്കാൻ ഹർജിക്കാരോടും കോടതി നിർദ്ദേശിച്ചു.

കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് നൽകിയ ഹർജി പരിഗണിക്കവേയാണ് സിബിഎസ്ഇക്കെതിരേ കോടതി നിലപാടെടുത്തത്.

അഫിലിയേഷൻ ഉണ്ടെന്നു കാണിച്ച് അധ്യയന വർഷം പൂർത്തിയാക്കിയ 34 വിദ്യാർത്ഥികൾക്കാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പങ്കെടുക്കാനാൻ സാധിക്കാതെ പോയത്. ഇതിൽ 29 വിദ്യാർത്ഥികൾ ഈ സ്‌കൂളിലുള്ളവരും ആറു പേർ സമീപത്തെ വേറെ രണ്ട് സ്‌കൂളുകളിലും പഠിച്ചവരാണ്. മുൻ വർഷങ്ങളിൽ സമീപത്തെ അഫിലിലേയഷനുള്ള സ്‌കൂൾ വഴി അപേക്ഷിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയിരുന്നത്. ഇത്തവണ കൺസെന്റ് ലറ്റർ നൽകിയെങ്കിലും സിബിഎസ്ഇ അനുമതി നിഷേധിച്ചതോടെയാണ് സ്‌കൂൾ അധികൃതർ വെട്ടിലായത്.

സ്‌കൂൾ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും അടുത്ത ദിവസം പരിഗണിക്കാനായി മാറ്റിവച്ചത് വിനയായി. എന്നാൽ ഇക്കാര്യങ്ങൾ സമയത്ത് വിദ്യാർത്ഥികളെ അറിയിക്കാതിരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഹാൾടിക്കറ്റ് ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി അന്വേഷിച്ചപ്പോഴാണ് അഫിലിയേഷൻ ഇല്ലാത്ത വിവരം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിഷേധവുമായി മാതാപിതാക്കളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു.

പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാക്കിയ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് നടപടി. വഞ്ചനാക്കുറ്റം ചുമത്തി സ്‌കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസ്, ഇദ്ദേഹത്തിന്റെ ഭാര്യയും സ്‌കൂൾ മാനേജരുമായ മാഗി അരൂജ എന്നിവരെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

സിബിഎസ്ഇ അഫിലിയേഷൻ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ച പശ്ചാത്തലത്തിൽ സ്‌കൂൾ രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. അതേ സമയം തെറ്റു സംഭവിച്ചെന്നും വിദ്യാർത്ഥികളുടെ അടുത്ത വർഷത്തെ പഠന ചെലവെടുക്കാമെന്ന നിലപാടാണ് സ്‌കൂൾ അധികൃതർ കൈക്കൊണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP