Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

സഭാ ഡെസ്‌ക്കിൽ കയറിയുള്ള ശിവൻകുട്ടിയുടെ ചട്ടമ്പി ഡാൻസും സ്പീക്കർ കസേര മറിച്ചിട്ടും മൈക്കും തകർത്തുള്ള ഇ പി ജയരാജന്റെ 'കരുത്തൻ' പ്രകടനവും അങ്ങനെ എളുപ്പം മറക്കില്ല! നിയമസഭയിലെ കയ്യങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് കോടതിയുടെ പ്രഹരം; പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി; മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും ഉൾപ്പടെ ആറുപേർ പ്രതികളായ കേസിൽ വിനായായത് ചെന്നിത്തലയുടെ തടസ്സഹർജി

സഭാ ഡെസ്‌ക്കിൽ കയറിയുള്ള ശിവൻകുട്ടിയുടെ ചട്ടമ്പി ഡാൻസും സ്പീക്കർ കസേര മറിച്ചിട്ടും മൈക്കും തകർത്തുള്ള ഇ പി ജയരാജന്റെ 'കരുത്തൻ' പ്രകടനവും അങ്ങനെ എളുപ്പം മറക്കില്ല! നിയമസഭയിലെ കയ്യങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് കോടതിയുടെ പ്രഹരം; പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി; മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും ഉൾപ്പടെ ആറുപേർ പ്രതികളായ കേസിൽ വിനായായത് ചെന്നിത്തലയുടെ തടസ്സഹർജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി. യുഡിഎഫ് സർക്കാറിന്റെ കാലത്തു നടന്ന കേസിൽ പ്രതികളായ കേസിലാണ് സർക്കാറിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും, കേസ് പിൻവലിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവരുൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ.

സഭയിൽ ഒട്ടേറെ നാശനഷ്ടമുണ്ടായി എന്ന് കോടതി അഭിപ്രായപ്പെട്ടു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാൽ കേസ് പിൻവലിക്കുകയാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. കേസ് അടുത്ത മാസം 15 ന് കോടതി വീണ്ടും പരിഗണിക്കും. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്പീക്കറുടെ ചേംബറിൽ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ അന്നത്തെ ആറു എംഎൽഎ മാർക്കെതിരെ പൊതുമുതൽ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇ പി ജയരാജൻ,കെ ടി ജലീൽ കെ അജിത്,കെ കുഞ്ഞുമുഹമ്മദ്,സി കെ സദാശിവൻ,വി ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ. ഇതിനിടെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഇതിനെത്തുടർന്ന് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ തടസ്സഹർജിയാണ് നിർണായകമായത്.

പൊതുമുതൽ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന കേസാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവർ ഹർജി നൽകിയിരുന്നു.
നിയമസഭയിൽ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചു. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റേയും വാദം പൂർത്തിയായതിനെതുടർന്നാണ് കേസിൽ വിധി പ്രസ്താവിച്ചത്.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എംഎ‍ൽഎ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. സഭയ്ക്കുള്ളിൽ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നാാശം നഷ്ടം വരുത്തിയെന്നായിരുന്നു കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ അന്നത്തെ ആറു എംഎൽഎ മാർക്കെതിരെ പൊതുമുതൽ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആറ് എംഎ‍ൽഎ.മാർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. ജനപ്രതിനിധികൾക്കെതിരായ പരാതി പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് കേസ് ആദ്യം പരിഗണിച്ചത്. പിന്നീട് ഹൈക്കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം സി.ജെ.എം കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP