Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്തെ കോടതികളിൽ വ്യാജ മുദ്രപ്പത്ര കുംഭകോണം: വമ്പൻ സ്രാവുകളെ ഒഴിവാക്കി പൊലീസ് കുറ്റപത്രം; വക്കീൽ ഗുമസ്ഥനടക്കം നാല് പ്രതികൾ ഹാജരാകണമെന്ന് കോടതി; അന്ത്യശാസനം, സിവിൾ കേസുകളിൽ കോടതി ഫീസായി വ്യാജ മുദ്രപ്പത്രങ്ങൾ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ

തലസ്ഥാനത്തെ കോടതികളിൽ വ്യാജ മുദ്രപ്പത്ര കുംഭകോണം: വമ്പൻ സ്രാവുകളെ ഒഴിവാക്കി പൊലീസ് കുറ്റപത്രം; വക്കീൽ ഗുമസ്ഥനടക്കം നാല് പ്രതികൾ ഹാജരാകണമെന്ന് കോടതി; അന്ത്യശാസനം, സിവിൾ കേസുകളിൽ കോടതി ഫീസായി വ്യാജ മുദ്രപ്പത്രങ്ങൾ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ ജില്ലാ കോടതിയിൽ സിവിൾ കേസുകളിൽ കോടതി ഫീസായി വ്യാജ ജുഡീഷ്യൽ മുദ്രപ്പത്രങ്ങൾ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സൂത്രധാരനായ വക്കീൽ ഗുമസ്ഥനടക്കം നാലു പ്രതികൾ ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം.

കേസിലെ എല്ലാ പ്രതികളും ഓഗസ്റ്റ് 9 ന് ഹാജരാകാനാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നൽകിയത്. ജുഡീഷ്യറിയിൽ നടന്ന തട്ടിപ്പു കേസിലെ പ്രതികളോട് 2021 ഫെബ്രുവരി 16 , മാർച്ച് 30 എന്നീ തീയതികളിൽ ഹാജരാകാനാവശ്യപ്പെട്ടിട്ടും ഹാജരാകാതെ അവധി നീട്ടി ചോദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.

വഞ്ചിയൂർ ജില്ലാ കോടതിയിലെ വക്കീൽ ഗുമസ്ഥൻ വിജയൻ എന്ന കെ. വിജയകുമാർ , വ്യാജ മുദ്രപത്രം കമ്പ്യൂട്ടർ സ്‌കാനറും പ്രിന്ററും ഉപയോഗിച്ച് അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്ത യു. സുധീർ , ബി. ബാബു രാജൻ , കെ. സുധീഷ് ചന്ദ്രൻ എന്നിവരാണ് മുദ്രപ്പത്ര തട്ടിപ്പ് കേസിൽ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ.

കേസിൽ പാപ്പനംകോട് എസ്റ്റേറ്റ് റോഡിൽ താമസിക്കുന്ന സ്റ്റാമ്പ് വെണ്ടർ കെ.എസ്.ശ്രീധരൻ നായരെ (81) ഒന്നാം പ്രതിയാക്കി പൊലീസ് എഫ് ഐ ആർ സമർപ്പിച്ചിരുന്നു. 2012 ഏപ്രിൽ 20 ന് എഫ് ഐ ആർ സമർപ്പിച്ചിരുന്നുവെങ്കിലും ഇയാൾ മരണപ്പെട്ടതിനാൽ പ്രതിസ്ഥാനത്ത് നിന്നും കുറവ് ചെയ്യുകയായിരുന്നു.

അതേ സമയം കേസന്വേഷണ ഘട്ടമായ ക്രൈം സ്റ്റേജിൽ സംഭവത്തിൽ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും തന്നെ നുണ പരിശോധനക്കും നാർക്കോ അനാലിസിസ് പരിശോധനക്കും വിധേയനാക്കണമെന്നുമാവശ്യപ്പെട്ട് അഡ്വക്കേറ്റ് ക്ലാർക്ക് വിജയകുമാർ സമർപ്പിച്ച ഹർജിയിൽ നിലപാടറിയിക്കാൻ കോടതി വിളിപ്പിച്ച വഞ്ചിയൂർ ക്രൈം എസ് ഐയും പ്രിൻസിപ്പൽ എസ് ഐയും കോടതിയിൽ ഹാജരാകാതെ മുങ്ങി. തുടർന്ന് കോടതി പ്രതിക്ക് ജാമ്യം നൽകുകയായിരുന്നു.

2012 ഏപ്രിൽ 13 നാണ് സംസ്ഥാനത്തെ നടുക്കിയ വ്യാജമുദ്രപ്പത്ര കുംഭകോണം പുറം ലോകമറിഞ്ഞത്. അഡ്വക്കേറ്റ് ക്ലാർക്ക് വിജയകുമാർ ഒരു അഭിഭാഷകന് വേണ്ടി ഫയൽ ചെയ്ത വിവിധ സിവിൾ കേസുകളിൽ (ഒറിജിനൽ സ്യൂട്ടുകളിൽ) കോർട്ട് ഫീസായി ഒരേ നമ്പരിലുള്ള രണ്ടു മുദ്രപ്പത്രങ്ങൾ ഹാജരാക്കി.



മുദ്രപ്പത്രങ്ങളുടെ പരിശോധനയിൽ ഒരേ വെണ്ടറുടെ പേരിലുള്ളതും ഒരേ നമ്പർ രേഖപ്പെടുത്തിയതുമായ രണ്ടു മുദ്രപ്പത്രങ്ങൾ അഡീഷണൽ സബ് കോടതി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് സംസ്ഥാന സർക്കാരിന് റവന്യൂ വരുമാനത്തിൽ ലഭിക്കേണ്ട ഒരു കോടി രൂപയുടെ സാമ്പത്തിക നഷ്ടവും കോടതി കേന്ദ്രീകരിച്ചുള്ള മുദ്രപ്പത്ര റാക്കറ്റിന്റെ വഞ്ചനാ കുറ്റവും കണ്ടെത്താനിടയായ കേസിന് തുമ്പുണ്ടാക്കിയത്.

ആധികാരികത സംശയിക്കപ്പെട്ട മുദ്രപ്പത്രങ്ങളിൽ കാണപ്പെട്ട വാട്ടർമാർക്ക് , സെക്യൂരിറ്റി ത്രെഡ് , ലാറ്റന്റ് ഇമേജ് (പ്രകാശത്തിന് കീഴിൽ ഒരു പ്രത്യേക സ്ഥാനത്തു പേപ്പർ വച്ച് നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന പ്രതിബിംബം) , പേപ്പർ കനം , മൈക്രോ ലെറ്ററിങ് (ചെറിയ അക്ഷരങ്ങൾ) എന്നിവ അസ്സൽ മുദ്രപ്പത്രങ്ങളുമായി ഒത്തു നോക്കി നടത്തിയ പരിശോധനയിൽ സുരക്ഷാ സവിശേഷതകളിൽ നേരിയ വ്യത്യാസം ഉള്ളതായി സൂപ്രണ്ടിന് ബോധ്യപ്പെട്ടു.

സൂപ്രണ്ട് വിവരം ശിരസ്തദാർ വഴി അന്നത്തെ ജില്ലാ ജഡ്ജി സുധീന്ദ്ര കുമാറിനെ ധരിപ്പിച്ചു. ആധികാരികത സംശയിക്കപ്പെട്ട രണ്ടു മുദ്രപ്പത്രങ്ങൾ പരിശോധിച്ച് അസ്സലാണോ വ്യാജനാണോയെന്ന് റിപ്പോർട്ട് നൽകാൻ ജില്ലാ ജഡ്ജി മുദ്രപ്പത്രങ്ങൾ അംഗീകൃത സ്റ്റാമ്പ് വെണ്ടർമാർക്ക് വിൽക്കുന്ന ജില്ലാ ട്രഷറി ഓഫീസറോടും സെക്യൂരിറ്റി പ്രസ്സിൽ നിന്നും മുദ്രപ്പത്രങ്ങൾ ശേഖരിച്ച് ട്രഷറികൾക്ക് നൽകുന്ന സ്റ്റാമ്പ് ഡിപ്പോയോടും ഉത്തരവിട്ടു. മുദ്രപത്രങ്ങൾ വ്യാജനാണെന്ന് ജില്ലാ ട്രഷറി ഓഫീസറും സ്റ്റാമ്പ് ഡിപ്പോ ഓഫീസറും ജില്ലാ ജഡ്ജിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

തുടർന്ന് ജില്ലാ കോടതി സമുച്ചയത്തിലെ സബ് കോടതികളിലും മുൻസിഫ് കോടതികളിലും അടുത്തിടെ കോർട്ട് ഫീസായി ഹാജരാക്കപ്പെട്ട മുദ്രപ്പത്രങ്ങളുടെ ആധികാരികത വിവരം ചോരാതെ രഹസ്യമായി പരിശോധിക്കാൻ കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രഹസ്യ പരിശോധനയിൽ സബ് കോടതിയിൽ മാത്രം 5, 20, 3 00 രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങൾ വിവിധ സിവിൾ കേസുകളിൽ ഹാജരാക്കിയതായി കണ്ടെത്തി. മുൻസിഫ് കോടതികളിൽ കോടതി ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധയിൽ തട്ടിപ്പ് 37, 500 രൂപയുടേതാണെന്നും കണക്കാക്കി. കണ്ടെത്തിയ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് അന്വേഷകർക്ക് ബോധ്യപ്പെട്ടു.



ഇടപാടുകാരുമായി വ്യവഹാരത്തിൽ ഉൾപ്പെട്ട ചില ന്യൂ ജെനറേഷൻ ബാങ്കുകളുടെ ലീഗൽ അഡൈ്വസർമാർ , വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും സർക്കാരും തമ്മിലുള്ള സ്വകാര്യ നിയമതർക്കങ്ങൾ പരിഹരിക്കുന്നതിൽ വിദഗ്ധരായ കുറച്ച് അഭിഭാഷകർ എന്നിവരാണ് കൂടുതലായി തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും അന്വേഷകർ കണ്ടെത്തി.

കൂടാതെ സിവിൾ കേസുകളിൽ കോർട്ടു ഫീസായി മുദ്രപ്പത്രങ്ങൾ ഹാജരാക്കിയ പല കക്ഷികളും കേരള ലീഗൽ സർവ്വീസസ് അഥോറിറ്റി നടത്തിയ അദാലത്തിൽ വച്ച് കേസ് ഒത്തുതീർപ്പാക്കിയ ശേഷം മുഴുവൻ കോടതി ഫീസും തിര്യെ റീഫണ്ട് വാങ്ങിയതായും കണ്ടെത്തി. ഇവയിൽ ചില കേസുകളിൽ സംസ്ഥാന ഖജനാവിൽ നിന്നും പണം തട്ടിയെടുക്കാനായി വാദി - പ്രതികളായി ഒത്തുകളിച്ച് കിട്ടാനില്ലാത്ത തുകക്ക് വ്യാജമായി കേസ് ഫയൽ ചെയ്ത് വ്യാജ മുദ്രപ്പത്രങ്ങൾ കോടതി ഫീസായി ഹാജരാക്കിയ ശേഷം അദാലത്തിൽ വച്ച് ഒത്തുതീർപ്പാക്കി കോടതി വിധി വാങ്ങി സർക്കാരിൽ നിന്നും പണം തട്ടിയെടുത്തതാകാമെന്നും ഉള്ള നിഗമനത്തിലെത്തി.

ജില്ലാ കോടതി ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പ്രാഥമിക സൂക്ഷ്മ പരിശോധനയിൽ 2009 മുതൽക്കേ വ്യാജമുദ്രപത്രങ്ങൾ ഹാജരാക്കിയതിന്റെ ചുരുളഴിയുകയായിരുന്നു. തുടർ പരിശോധനയിൽ ജില്ലാ കോടതിയിൽ ബോണ്ട് എക്‌സിക്യൂഷന് വേണ്ടി 37 കേസുകളിലും നെയ്യാറ്റിൻകര സിവിൾ കോടതികളിലും വ്യാജ മുദ്രങ്ങൾ ഹാജരാക്കിയതായി കണ്ടെത്തി. ജില്ലയിലെ അഞ്ച് സബ് കോടതികളിലും മുൻസിഫ് കോടതികളിലുമായി 150 കേസുകളിൽ വ്യാജ മുദ്രപത്രങ്ങൾ ഹാജരാക്കിയതായും കണ്ടെത്തി.

കണ്ടെത്തിയ വിവരങ്ങൾ അന്വേഷകർ റിപ്പോർട്ടാക്കി ജില്ലാ ജഡ്ജിക്ക് സമർപ്പിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ 2012 ഏപ്രിൽ 20 ന് ജില്ലാ ജഡ്ജിയുടെ ചേംബറിൽ വിളിച്ചു വരുത്തി കേസ് രജിസ്റ്റർ ചെയ്ത് ആഴത്തിലുള്ള അന്വേഷണം നടത്താൻ ഉത്തരവ് നൽകുകയായിരുന്നു.

ദേശസാൽകൃത ബാങ്കുകൾ , ഷെഡ്യൂൾഡ് ബാങ്കുകൾ , സ്വകാര്യ ബാങ്കുകൾ , സ്ഥാപനങ്ങൾ , വ്യക്തികൾ , സഹകരണ സംഘങ്ങൾ എന്നിവർ തങ്ങൾക്ക് സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കുടിശ്ശികയിനത്തിനും വായ്പത്തുക പലിശ സഹിതം തിരികെ കിട്ടുന്നതിനുമായി വിവിധ കോടതികളിൽ ഫയൽ ചെയ്ത നഷ്ടപരിഹാര സിവിൾ കേസുകളിലാണ് കോടി രൂപയുടെ തട്ടിപ്പിന് കളമൊരുക്കിയത്. ഒറിജിനൽ സ്യൂട്ട് (ഒ .എസ്) , ഒറിജിനൽ പെറ്റിഷൻ (ഒ.പി) , അപ്പീൽ കേസുകൾ , വിധി നടത്തു ഹർജികൾ , കോടികളുടെ പകർപ്പവകാശ ലംഘന നഷ്ടപരിഹാര കേസുകൾ , ട്രേഡ് മാർക്ക് അവകാശത്തർക്ക കേസുകൾ , വാടകക്കുടിശ്ശിക കേസുകൾ , ഭാഗപത്ര കേസുകൾ , ബാങ്ക് വായ്പാ കേസുകൾ , ഫൈനൽ ഡിക്രി (അന്തിമ വിധി നടപ്പിലാക്കൽ) അപേക്ഷകൾ തുടങ്ങിയ കേസുകളിലാണ് വാദിഭാഗം കോടതി ഫീസ് അടക്കേണ്ടത്.

ഇപ്രകാരം കോടിക്കണക്കിന് രൂപയുടെ അന്യായ സല (വ്യവഹാര തുക) പ്രതികളിലും പ്രതികളുടെ സ്ഥാവരജംഗമ സ്വത്തുക്കളിലും നിന്ന് ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് കേസുകൾ ഫയൽ ചെയ്യാറുണ്ട്. കേസ് ഫയൽ ചെയ്യുമ്പോൾ ആദ്യം വ്യവഹാര സലയുടെ കോർട്ട് ഫീസ് കണക്കാക്കി ആ കോർട്ടു ഫീസ് തുകയുടെ 10 ൽ 1 ഭാഗം കെട്ടി വയ്ക്കണം. തുടർന്ന് കോടതി പ്രതിക്ക് സമൻസയച്ചു വരുത്തി പ്രതി തർക്കം ബോധിപ്പിച്ചു കൊണ്ടോ അന്യായ (വാദിയുടെ കേസ്) വിവരം സമ്മതിച്ചു കൊണ്ടോ കോടതിയിൽ കാര്യ വിവര പത്രിക സമർപ്പിക്കും. തുടർന്ന് ഇഷ്യൂസ് (തർക്ക വിഷയം) കോടതി ഫ്രെയിം ചെയ്ത ശേഷം 15 ദിവസത്തിനകം ബാക്കി കോർട്ട് ഫീസ് വാദി കോടതിയിൽ കെട്ടി വക്കേണ്ടതുണ്ട്.

കേരളാ കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാലുവേഷൻ നിയമപ്രകാരം കോടതിയിൽ കെട്ടിവയ്‌ക്കേണ്ട കോർട്ട് ഫീസ് തുകക്ക് പകരമായാണ് തുല്യ തുകയ്ക്കുള്ള മുദ്രപ്പത്രം ഹാജരാക്കി മുദ്രവില തീർക്കുന്നത്. കോടതി ഫീസ് കുടിശ്ശിക ഇപ്രകാരം ഒടുക്കി മുദ്ര വില തീർത്ത് ഹാജരാക്കിയാലേ സിവിൾ കേസിൽ വാദിക്ക് വിധി ലഭിക്കുകയുള്ളു. ഇതിന്റെ മറവിലാണ് വ്യാപകമായി വിജയകുമാറിന്റെ സംഘമുൾപ്പെടുന്ന റാക്കറ്റ് ജില്ലയിലെ വിവിധ കോടതികളിൽ നിലവിലുള്ള സിവിൾ കേസുകളിലെ അഭിഭാഷകരിൽ നിന്ന് പണം വാങ്ങി വ്യാജമുദ്രപ്പത്രം ഹാജരാക്കിയത്.

10,000 രൂപക്ക് മുകളിൽ ഉള്ള തുകയ്ക്ക് മുദ്രപത്രം വാങ്ങുന്ന അഭിഭാഷകർക്ക് വെണ്ടറും അഡ്വ. ക്ലാർക്കും ആകർഷകമായി നിശ്ചിത ശതമാനം ഡിസ്‌കൗണ്ടും നൽകിയിരുന്നു. വെണ്ടർ ശ്രീധരൻ നായർ 4 ദശകങ്ങളായി വഞ്ചിയൂർ ജില്ലാ കോടതി സമുച്ചയത്തിൽ മുദ്രപ്പത്രവും കോർട്ട് ഫീ സ്റ്റാമ്പും റവന്യൂ സ്റ്റാമ്പുകളും വിൽപ്പന നടത്തി വരികയായിരുന്നു. വിജയകുമാറിന്റെയും കൂട്ടു പ്രതികളുടെയും വാസസ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ വ്യാജ മുദ്രപ്പത്രങ്ങൾ , അവ നിർമ്മിക്കാനുപയോഗിച്ച പ്രിന്റർ , സ്‌കാനർ തുടങ്ങിയ ഉപകരണങ്ങളും മറ്റു തെളിവുകളും പൊലീസിന് ലഭിച്ചു.

വ്യാജ മുദ്രപ്പത്രങ്ങളിലെ സീരിയൽ നമ്പരുകളും വെണ്ടർക്ക് നൽകുന്ന നാൾവഴി രജിസ്റ്ററും സംബന്ധിച്ച് സംസ്ഥാന ട്രഷറി വകുപ്പും ട്രഷറികളിലും സ്റ്റാമ്പ് ഡിപ്പോയിലും അന്വേഷണം നടത്തിയിരുന്നു.
2009 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികൾ വിലമതിക്കുന്ന വ്യാജമുദ്രപ്പത്രങ്ങൾ വിറ്റു പോയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ അനുമാനം. കേരളത്തിൽ ഒരു വർഷം ശരാശരി 1500 കോടി രൂപയുടെ മുദ്രപ്പത്രങ്ങൾ വിൽക്കുന്നുണ്ട്. കോടതി ആവശ്യങ്ങൾക്കുപയോഗിക്കാനുള്ള മുദ്രപ്പത്രങ്ങളിലൂടെ പ്രതിവർഷം 50 കോടിയിലധികം രൂപ സർക്കാരിന് ലഭിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ കീഴിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രവർത്തിക്കുന്ന ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിൽ നിന്നാണ് എല്ലാ സംസ്ഥാനങ്ങളും മുദ്രപ്പത്രങ്ങൾ വാങ്ങുന്നത്. സംസ്ഥാന ട്രഷറി വകുപ്പാണ് ഓരോ വർഷവും എത്രമാത്രം മുദ്രപ്പത്രങ്ങൾ വേണമെന്ന് കണക്കുകൂട്ടുന്നത്. ഇതനുസരിച്ച് വാങ്ങുന്ന മുദ്രപ്പത്രങ്ങൾ റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സെൻട്രൽ സ്റ്റാമ്പു ഡിപ്പോയിൽ സൂക്ഷിക്കുന്നു. സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് മുദ്രപ്പത്രങ്ങൾ വാങ്ങി ലൈസൻസുള്ള വെണ്ടർമാർക്ക് വിൽക്കുന്നതിന്റെ മേൽനോട്ടവും സംസ്ഥാന ട്രഷറി വകുപ്പിനാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും) , 255 ( ഗവൺമെന്റ് മുദ്രപ്പത്രം കപടാനുകരണം നടത്തൽ) , 256 (ഗവ. മുദ്രപ്പത്രത്തിന്റെ കപടാനുകരണത്തിനുള്ള ഉപകരണമോ സാമഗ്രിയോ കൈവശം വയ്ക്കൽ) , 258 (കപടാനുകരണം നടത്തിയുണ്ടാക്കിയ മുദ്രപത്രത്തിന്റെ വിൽപ്പന) , 260 (കപടാനുകരണം നടത്തിയുണ്ടാക്കിയതാണെന്നറിയാവുന്ന മുദ്രപ്പത്രം യഥാർത്ഥ സ്റ്റാമ്പായി ഉപയോഗിക്കൽ) , 420 ( ചതിക്കലും അതുവഴി കബളിപ്പിക്കപ്പെട്ടയാളെ നേരുകേടായി പ്രലോഭിപ്പിച്ച് പണം തട്ടിയെടുക്കലും) , 466 ( ഒരു വ്യവഹാരം ബോധിപ്പിക്കുകയോ പ്രതിവാദം ചെയ്യുകയോ ചെയ്യുന്നതിനോ നടപടികൾ എടുക്കുന്നതിനോ അന്യായപ്രകാരം വിധിക്കുവാൻ സമ്മതിക്കുന്നതിനോ ഉള്ള ഒരു അധികാരപത്രമോ മുക്ത്യാർ നാമമോ വ്യാജ നിർമ്മാണം നടത്തിയുണ്ടാക്കൽ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിത രേഖ അസ്സൽ രേഖ പോലെ ഹാജരാക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP