Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനയ്യകുമാറിനും കൂട്ടുകാർക്കുമെതിരായ കേസുകൾ തള്ളിപ്പോകും; സർക്കരിനെ വിമർശിക്കുന്നലവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി; വിമർശിക്കുന്നവർക്കെതിരായ പൊലീസ് നടപടി വിലപോകില്ല

കനയ്യകുമാറിനും കൂട്ടുകാർക്കുമെതിരായ കേസുകൾ തള്ളിപ്പോകും; സർക്കരിനെ വിമർശിക്കുന്നലവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി; വിമർശിക്കുന്നവർക്കെതിരായ പൊലീസ് നടപടി വിലപോകില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റങ്ങളും അപകീർത്തി കേസുകളും ചാർത്തുന്നത് ശരിയായ നടപടിയല്ലെന്ന സുപ്രീം കോടതി വിധിയോടെ ജെഎൻയു വിവാദങ്ങളുടെ പേരിലെ കേസുകൾ റദ്ദാകുമെന്ന് വിലയിരുത്തൽ. ഇക്കാര്യത്തിൽ കേദാർനാഥ് വിധിയിലെ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ അധികാരികളും ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.

രാജ്യദ്രോഹ കുറ്റങ്ങളും അപകീർത്തി നിയമങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കൂടം കുളം സമര സമിതി നേതാവ് എസ്‌പി ഉദയകുമാറും കോമൺ കോസ് എന്ന സന്നദ്ധ സംഘടനയും സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസുമാരായ ദീപക് മിശ്ര, യുയു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. ജനങ്ങളെ ഭയപ്പെടുത്തി എതിരഭിപ്രായം ഇല്ലാതാക്കുക എന്ന് ലക്ഷ്യത്തോടെ സർക്കാരുകൾ രാജ്യദ്രോഹ കുറ്റ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് സംഘടനയ്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. ഇത് കോടതി അംഗീകരിച്ചു. ഇതോടെയാണ് രാജ്യം മുഴുവൻ ചർച്ചയായ ജെഎൻയു കേസിലും കനയ്യകുമാറിനും മറ്റും ആശ്വാസം കിട്ടുന്നത്.

ഇത് കേദാർനാഥ് കേസിലെ വിധിയുടെ നഗ്‌നമായ ലംഘനമാണ്. കൂടംകുളം ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കാർട്ടൂണിസ്റ്റ് അസീം ത്രിവേദി അടക്കമുള്ളവർക്കെതിരെ രാജ്യദ്രോഹം ചുമത്തിയത് ഉൾപെടെ പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ 1962ലെ കേദാർനാഥ് കേസിലെ ഭരണഘടനാബെഞ്ച് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കോടതി. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച കേസുകളുമായി ബന്ധപ്പെട്ട എല്ലാ അധികൃതരും കേദാർനാഥ് കേസിലെ വിധി അനുസരിക്കുവാൻ ബാധ്യതയുള്ളവരായിരിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യദ്രോഹം സംബന്ധിച്ച സെക്ഷൻ 124 എ നിയമം അക്രമമോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ സംഭവങ്ങളുടെ പേരിൽ മാത്രമേ ചുമത്താവൂ എന്നാണ് കേദാർനാഥ് കേസിൽ ഭരണഘടനാബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്.

സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്നത് അപകീർത്തികരമോ രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി വീണ്ടും ആവർത്തിക്കുകയാണ്. രാജ്യദ്രോഹ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോടതി നിർദേശിച്ചു. കലാപമോ കലാപത്തിന് നേരിട്ടുള്ള ആഹ്വാനമോ മാത്രമേ രാജ്യദ്രോഹക്കുറ്റമാകൂവെന്ന കേദാർ സിങ് കേസിലെ വിധി കർശനമായി പാലിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഏതൊക്കെ സന്ദർഭങ്ങളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടതെന്ന് 1962ലെ കേദാർനാഥ് സിങ്-ബിഹാർ സർക്കാർ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും നിയമം ദുരുപയോഗം ചെയ്യപ്പെട്ടാൽ, അതിന് ഇരയായവർക്ക് തങ്ങളെ നേരിട്ട് സമീപിക്കാമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഒരു വ്യക്തിയെ രാജ്യദ്രോഹത്തിന് ശിക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ ചെയ്തികൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുംവിധം അക്രമങ്ങൾക്കും ക്രമസമാധാനത്തകർച്ചയ്ക്കും വഴിവച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട് എന്ന് കേദാർനാഥ് സിങ് എന്ന വ്യക്തിയും ബിഹാർ സർക്കാരും തമ്മിൽ നടന്ന കേസിന്റെ വിധിപ്രസ്താവത്തിൽ (1962) സുപ്രീംകോടതി നിർദേശിക്കുന്നുണ്ട്. 'നിയമവിധേയമായി നിലവിൽവന്ന സർക്കാരിനെതിരെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ മറ്റേതെങ്കിലും പ്രവൃത്തിയിലൂടെയോ വിദ്വേഷമോ വൈരാഗ്യമോ വിപ്രതിപത്തിയോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്നതാണ്' നിലവിൽ ഐ.പി.സി. 124 (എ) അനുസരിച്ച് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ ഈ നിയമം കൊളോണിയൽ ഭരണകാലത്തെ സൃഷ്ടിയാണെന്നും അതുകൊണ്ടുതന്നെ ജനാധിപത്യ ഇന്ത്യയിൽ ഈ നിയമത്തിന് കീഴിൽ ശിക്ഷിക്കുമ്പോൾ അത് വളരെ സൂക്ഷിച്ചുവേണം എന്ന് സുപ്രീംകോടതി നിർദേശിക്കുന്നുണ്ട്. 'സർക്കാരിന്റെ നയങ്ങളെയോ പദ്ധതികളെയോ പ്രവൃത്തികളെയോ എത്ര കടുത്ത ഭാഷയിലായാലും വിമർശിക്കുന്നത്, രാജ്യദ്രോഹമല്ല. ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ രാജ്യദ്രോഹ നിയമം ഒരിക്കലും ഉപയോഗിക്കാൻ പാടില്ല എന്നും അക്രമത്തിനും ക്രമസമാധാനത്തിനും വഴിവെക്കുന്നപക്ഷം അഭിപ്രായ സ്വാതന്ത്ര്യത്തെ യുക്തിസഹമായ വിധം നിയന്ത്രിക്കാമെന്നും സുപ്രീം കോടതി ഈ കേസിന്റെ വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.

സാമൂഹിക പ്രവർത്തകർക്കും ബുദ്ധി ജീവികൾക്കും വിദ്യാർത്ഥികൾക്കും പത്രപ്രവർത്തകർക്കും എതിരെ വ്യാപകമായി രാജ്യദ്രോഹകുറ്റം ചുമത്തുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ൽ മാത്രം ഇത്രം 47 കേസുകൾ ചുമത്തി. 58 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ ആംനെസ്റ്റി ഇന്റർ നാഷണലിന് എതിരെ കേസെടുത്തു. കേഥാർനാഥ് സിങ് വിധിക്കു ശേഷം നിയമം ഭേദഗതി ചെയ്തിട്ടില്ലെന്നും വിധിയെക്കുറിച്ച് പൊലീസ് കോൺസ്റ്റബിളുമാർ മനസിലാക്കാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. കോൺസ്റ്റബിളുമാരല്ല സംസ്ഥാനമാണ് കാര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രാജ്യദ്രോഹ കുറ്റം ദുരുപയോഗം ചെയ്യുന്നതിനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിമാകർക്കും പൊലീസ് മോധാവികൾക്കും നിർദ്ദേശം നൽകണമെന്ന ഹരജി തീർപ്പാക്കി. ഇതിനു വേണ്ടി പ്രത്യേകം ഹരജി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

ബംഗളൂരുവിൽ ആംനെസ്റ്റി ഇന്ത്യ സംഘടിപ്പിച്ച പരിപാടിക്കിടയിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചെന്ന് ആരോപിച്ച് സംഘടനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. പാക്കിസ്ഥാൻ നരകമാണെന്ന പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ പ്രസ്താവന തിരുത്തിയ മുൻ കോൺഗ്രസ് എംപിയും നടിയുമായ രമ്യക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ചില സംഘപരിവാർ അനുകൂലികളും പരാതി നൽകിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയ പകപോക്കലിന് ആയുധമാക്കുന്നെന്നാണ് ഹർജിയിലെ വാദം. സർക്കാരിന് നേരെ ക്രിയാത്മക വിമർശം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെയും ബുദ്ധിജീവികളെയും വിദ്യാർത്ഥിനേതാക്കളെയും കുടുക്കാൻ രാജ്യദ്രോഹനിയമത്തെ കരുവാക്കുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP