Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീലേഖ ഐപിഎസിന് അന്വേഷണത്തിനായി കൈമാറിയ കത്ത് സിബിഐ എന്തുകൊണ്ട് ഏറ്റെടുത്തില്ല? ജസ്റ്റിസ് ബസന്തിന് അയച്ച കത്തിൽ പറയുന്ന പ്രതികളെ കുറിച്ചും അന്വേഷിച്ചില്ല; കവിയൂർ പീഡനക്കേസിൽ സിബിഐയുടെ അന്വേഷണ വീഴ്ച ചോദ്യം ചെയ്ത് സിബിഐ കോടതി

ശ്രീലേഖ ഐപിഎസിന് അന്വേഷണത്തിനായി കൈമാറിയ കത്ത് സിബിഐ എന്തുകൊണ്ട് ഏറ്റെടുത്തില്ല? ജസ്റ്റിസ് ബസന്തിന് അയച്ച കത്തിൽ പറയുന്ന പ്രതികളെ കുറിച്ചും അന്വേഷിച്ചില്ല; കവിയൂർ പീഡനക്കേസിൽ സിബിഐയുടെ അന്വേഷണ വീഴ്ച ചോദ്യം ചെയ്ത് സിബിഐ കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കവിയൂർ പീഡനക്കേസിൽ ശ്രീകുമാരി എന്ന പെൺകുട്ടി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതിൽ പേരു വിവരം പറയുന്ന പ്രതികളെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്ന് തിരുവനന്തപുരം സിബിഐ കോടതി സിബിഐയോട് ചോദിച്ചു. 2014ൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി ശ്രീലേഖക്ക് അന്വേഷണത്തിനായി ഹൈക്കോടതി രജിസ്ട്രാർ മുഖേന കൈമാറിയ ആ കത്ത് എന്തു കൊണ്ടാണ് സി ബി ഐ കേരളാ പൊലീസിൽ നിന്ന് ഏറ്റെടുക്കാത്തതെന്നും ജഡ്ജി സനിൽകുമാർ ചോദിച്ചു. സിബിഐയുടെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ അനന്തകൃഷ്ണനോട് ഇക്കാര്യം ഉടൻ ചർച്ച ചെയ്ത് കോടതിയിൽ അറിയിക്കാനും പ്രോസിക്യൂട്ടർ മനോജ് കുമാറിനോട് കോടതി നിർദ്ദേശിച്ചു.

കവിയൂർ പീഡനക്കേസിൽ സിബിഐയുടെ നാലാം അന്തിമ റിപ്പോർട്ട് സ്വീകരിക്കണമോ അതോ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടണമോയെന്ന കാര്യം പരിഗണിക്കവേയാണ് കോടതിയിൽ നിന്ന് സിബിഐയുടെ അന്വേഷണ വീഴ്ചയെക്കുറിച്ചുള്ള ചോദ്യമുയർന്നത്.തുടരന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ പിതാവിന്റെ സഹോദരൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ക്രൈം മാഗസിൻ പത്രാധിപർ നന്ദകുമാറുമാണ് സി ബി ഐ കോടതിയെ സമീപിച്ചത്.

വിഷം പാൽക്കഞ്ഞിയിൽ കലക്കി പത്തനംതിട്ട ചുമത്ര ഭഗവതി ക്ഷേത്രമേൽ ശാന്തിയടക്കമുള്ള അഞ്ചംഗ നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പാൽക്കഞ്ഞി പാത്രം , വിഷക്കുപ്പി എന്നിവയിലെ വിരലടയാളം സി ബി ഐ എടുത്ത് പരിശോധന നടത്താത്തതിനെ ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തു. നാലാം തുടരന്വേഷണ റിപ്പോർട്ട് പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് നിറച്ച പോലെയാണ് സി ബി ഐ ചെയ്തിരിക്കുന്നത്. പിതാവ് ഫാനിൽ തൂങ്ങിയ നിലയിലും മറ്റുള്ളവർ താഴെ കട്ടിലിലും മറ്റുമായി കിടക്കുന്ന നിലയിലുമാണ്. രണ്ടു മൈനർ കുട്ടികളുടെ കഴുത്തിൽ ഞെക്കിയ പാടുകൾ ലോക്കൽ പൊലീസും സിബിഐയും ശാസ്ത്രീയ പരിശോധന നടത്തിയില്ല. നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഓടിട്ട വീടിന്റെ ഫോട്ടോ നന്ദകുമാർ കോടതിയിൽ ഹാജരാക്കി.

കൂട്ടമരണത്തിന് 72 മണിക്കൂറിനകം വച്ച് വീടിന്റെ വാതിലുകൾ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നതിനാൽ ബാഹ്യശക്തികൾ മരണത്തിന് പിന്നിലില്ലെന്നും ആത്മഹത്യയാണെന്നും സി ബി ഐ പറയുന്നു. എന്നാൽ ഗുണ്ടകൾക്ക് ഓടിളക്കി അകത്ത് പ്രവേശിച്ച് കൃത്യം നിർവ്വഹിച്ച ശേഷം വന്ന വഴിയേ തിരികെപ്പോകാനുള്ള സാധ്യത സിബി ഐ പരിശോധിച്ചില്ല. നമ്പൂതിരി കുടുംബം പാൽ കഞ്ഞിയിൽ കലക്കിക്കുടിച്ചതായ വിഷം മാരകമായതാണ്.അതിന്റെ ചെറിയ ഒരംശം കഴിച്ചയുടൻ മോഹാലസ്യപ്പെട്ടു വീഴുമെന്ന് കമ്പനി ഇന്റർനെറ്റിൽ ചെയ്ത പ്രോസ്‌പെക്റ്റസ് പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നതായും ഹർജിക്കാർ വാദിച്ചു.ഇത് സാധൂകരിക്കുന്ന കീടനാശിനി വിദഗ്ധ അസി.ഡയറക്ടർ റാഹിലയുടെ റിപ്പോർട്ട് സി ബി ഐ നാലാം തുടരന്വേഷണ റിപ്പോർട്ടിൽ ഹാജരാക്കിയത് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാരക വിഷം ചേർത്ത് പാൽക്കഞ്ഞി സ്വയമേവ കുടിച്ചാൽ ഉടൻ മോഹാലസ്യപ്പെടുന്നവർ എങ്ങനെ ഗൃഹനാഥന് ഫാനിൽ തൂങ്ങാനും അതിന് മുമ്പ് സ്വന്തം ചോരയിലുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തിൽ ഞെക്കാനും സാധിക്കും.

ഇത് കൂടാതെ അനഘയും പിതാവും വെവ്വേറെ എഴുതിയതായ രണ്ട് ആത്മഹത്യാ കുറിപ്പുകൾ സംഭവ സ്ഥലത്ത് നിന്ന് ലോക്കൽ പൊലീസ് കണ്ടെടുത്തതായി കാണിച്ച് കുമരകം പൊലീസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. അനഘ എഴുതിയതായ കത്തിൽ പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. അന്യ ജാതി, മതസ്ഥരല്ലാതെ നമ്പൂതിരി കുടുംബത്തിലെ ഒരാളുപോലും പിതാവിനെ തിരുമേനി എന്ന് അഭിസംബോധന ചെയ്യാറില്ല. കൂടാതെ അനഘ 'സ്റ്റേഷൻ' എന്ന പദം ഉപയോഗിച്ചതായി കാണുന്നു. ഈ വാക്ക് പൊലീസുകാർ ഉപയോഗിക്കുന്ന പദമാണ്. മരണത്തിന് രണ്ടു ദിവസം മുമ്പ് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ പിതാവ് നാരായണൻ നമ്പൂതിരിയെ വിളിപ്പിച്ച് ലതാനായരെ ഒളിവിൽ പാർക്കാൻ വീട്ടിൽ അഭയം കൊടുത്തതിനെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. ആ സമയം മകൾ അനഘയെ ലതാനായർ പൊലീസ് ഉന്നതരടക്കം ആർക്കൊക്കെ കാഴ്ചവച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കുമരകം പൊലീസ് ആരോപിക്കുന്ന കൂട്ട ആത്മഹത്യ സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ സി ഐ സുരേഷ് കുമാറടക്കമുള്ള പൊലീസിന്റെ പങ്കും സി ബി ഐ അന്വേഷിച്ചില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP