Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈം​ഗികച്ചുവയുള്ള വോയ്സ് മെസേജുകൾ ഉൾപ്പടെ യുവതി അയച്ചു കൊടുത്തത് ഭർത്താവിന്റെ സാന്നിധ്യത്തിൽ; പ്രണയപരവശയായി വീട്ടിലേക്ക് ക്ഷണിച്ചപ്പോഴും 20കാരന് സംശയം തോന്നിയില്ല; ഹണിട്രാപ്പിലൂടെ യുവ ദമ്പതികളടക്കം ഏഴുപേർ ചേർന്ന് തട്ടിയെടുത്തത് അരലക്ഷം രൂപയും ഫോണും ബൈക്കും എടിഎം കാർഡും; പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി

ലൈം​ഗികച്ചുവയുള്ള വോയ്സ് മെസേജുകൾ ഉൾപ്പടെ യുവതി അയച്ചു കൊടുത്തത് ഭർത്താവിന്റെ സാന്നിധ്യത്തിൽ; പ്രണയപരവശയായി വീട്ടിലേക്ക് ക്ഷണിച്ചപ്പോഴും 20കാരന് സംശയം തോന്നിയില്ല; ഹണിട്രാപ്പിലൂടെ യുവ ദമ്പതികളടക്കം ഏഴുപേർ ചേർന്ന് തട്ടിയെടുത്തത് അരലക്ഷം രൂപയും ഫോണും ബൈക്കും എടിഎം കാർഡും; പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ച് തേൻ കെണിയൊരുക്കി വിളിച്ചു വരുത്തി അന്യായ തടങ്കലിൽ വച്ച് ബിരുദ വിദ്യാർത്ഥിയിൽ നിന്ന് അര ലക്ഷം രൂപ കൂട്ടായ്മ കവർച്ച ചെയ്ത കണ്ണമ്മൂല തേൻ കെണി - കൂട്ടായ്മ കവർച്ചാ കേസിൽ യുവ ദമ്പതികളും കൗമാരക്കാരായ കൂട്ടാളികളുമടക്കം ഏഴ് പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പേട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് എല്ലാ പ്രതികളെയും ഓഗസ്റ്റ് 5 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. തേൻ കെണി - കൂട്ടായ്മ കവർച്ചാ കേസിലെ ഒന്നു മുതൽ ഏഴുവരെ പ്രതികളായ പേട്ട കണ്ണമ്മൂല തോട്ടു വരമ്പത്തുകൊല്ലൂർ വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ നന്ദൻകോട് സ്വദേശിനിയും ബിരുദ വിദ്യാർത്ഥിനിയുമായ ജിനു ജയൻ ( 20 ) , ജിനുവിന്റെ ഭർത്താവ് ബിടെക് ബിരുദധാരിയും ഇന്റീരിയർ ഡിസൈനറുമായ വിഷ്ണു ( 24 ) , കൂട്ടാളികളായ കടകംപള്ളി മാധവപുരം സ്വദേശികളായ അബിൻഷാ ( 22 ) , ആശിഖ് ( 22 ) , മൻസൂർ ( 20 ) , വഴയില സ്വദേശി സ്റ്റാലിൻ ( 20 ) , ചിറയിൻകീഴ് സ്വദേശി വിവേക് ( 20 ) എന്നിവരെ കോടതിയിൽ ഹാജരാക്കാനാണുത്തരവ്.

2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരത്തിലെ ബിരുദ വിദ്യാർത്ഥിയായ 20 കാരനെയും സുഹൃത്തിനെയും വീട്ടിൽ വിളിച്ചു വരുത്തി തടങ്കലിൽ വച്ച് മർദ്ദിച്ച ശേഷം മോട്ടോർ സൈക്കിളും 40,000 രൂപ വിലയുള്ള മൊബൈൽ ഫോണും അവർ സഞ്ചരിച്ചു വന്ന മോട്ടോർ സൈക്കിളും എ ടി എം കാർഡും തട്ടിയെടുത്ത് പണം അപഹരിച്ചെടുക്കുകയായിരുന്നു. ഏറെ നാളായി എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയുമായി ജിനു പ്രണയം നടിച്ച് ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്യുമായിരുന്നു. വിദ്യാർത്ഥിയുടെ വിശ്വാസം ആർജിക്കാനായി വോയ്സ് ക്ലിപ്പും അയച്ചു. ജിനു അയക്കുന്ന മെസ്സേജുകൾ , ടെക്സ്റ്റ് മെസേജുകൾ , വോയ്സ് ക്ലിപ്പുകൾ എന്നിവ ഭർത്താവ് വിഷ്ണുവിന്റെ സാന്നിധ്യത്തിലായിരുന്നു. കെണി അറിയാതെ വിദ്യാർത്ഥിയും സന്ദേശങ്ങളും ടെക്സ്റ്റ് മെസേജുകളും വോയ്സ് ക്ലിപ്പുകളും അയച്ചു. ഇതിനിടെ തന്റെ ഭർത്താവിന് ആക്സിഡന്റ് പറ്റിയെന്നും ചികിത്സക്ക് ഒരു ലക്ഷം രൂപാ ആവശ്യമുണ്ടെന്നും ജിനു വിദ്യാർത്ഥിയോട് പറഞ്ഞു. എന്നാൽ വിദ്യാർത്ഥിയായ തന്റെ പക്കൽ അത്രയും പണമില്ലെന്നും അറിയിച്ചു. സാരമില്ലെന്ന് മറുപടി പറഞ്ഞ ജിനു ലൈംഗികച്ചുവയുള്ള ചാറ്റിങ് തുടർന്നു. ജൂൺ 23 ന് വിദ്യാർത്ഥിയെ ജിനു തന്റെ വീട്ടിലേക്ക് സൗഹൃദ സന്ദർശനത്തിനായി ക്ഷണിച്ചു.

യുവതിയുടെ ക്ഷണം സ്വീകരിച്ച് സുഹൃത്തുമൊത്ത് എത്തിയ വിദ്യാർത്ഥിയെ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ പതിയിരുന്ന ഭർത്താവ് വിഷ്ണുവും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. യുവതി ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും സന്ദർശനത്തിന് പിന്നിൽ ദുരുദ്ദേശമുള്ളതായി ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനമേറ്റ വിദ്യാർത്ഥികൾ അന്ന് തന്നെ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പരാതി പ്രകാരം ഇരുകൂട്ടരേയും പൊലീസ് വിളിപ്പിച്ചെങ്കിലും ഇരുഭാഗവും തമ്മിൽ സ്റ്റേഷനിൽ വച്ച് പ്രശ്നം രമ്യമായി പരിഹരിച്ചതായി എസ് ഐ യുടെ നിർദ്ദേശ പ്രകാരം റൈറ്റർ എഴുതി ഒത്തുതീർപ്പാക്കി. സംഭവത്തിൽ മേൽനടപടി ആവശ്യമില്ലെന്ന ധാരണയിൽ രാജിയായി ഡയറക്റ്റ് പരാതി രജിസ്റ്ററിൽ ഒപ്പിട്ട് ഇരുവരും പിരിഞ്ഞു പോയി. എന്നാൽ സ്റ്റേഷനിൽ നിന്ന് പോയ ശേഷം വിദ്യാർത്ഥികളെ വീണ്ടും ജിനുവും ഭർത്താവ് വിഷ്ണുവും ബന്ധപ്പെടുകയും വോയ്സ് ക്ലിപ്പുകൾ സഹിതം ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി നൽകി പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്ലാത്ത പക്ഷം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ നൽകാൻ കഴിയില്ലെന്നും കുറച്ച് പണം നൽകാമെന്നും വിദ്യാർത്ഥികൾ സമ്മതിച്ചു. അത് അംഗീകരിക്കാൻ കൂട്ടാക്കാതെ വിഷ്ണുവും സംഘവും വീണ്ടും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി.

വിദ്യാർത്ഥികളെ അന്യായ തടങ്കലിൽ വച്ച് ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയും അവരുടെ പക്കലുണ്ടായിരുന്ന നാൽപതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോണും അവരുടെ മോട്ടോർ സൈക്കിളും തട്ടിയെടുത്തു. എ ടി എം കാർഡ് കരസ്ഥമാക്കിയ ശേഷം നാലക്ക പിൻ നമ്പർ ചോദിച്ച് മനസിലാക്കി രണ്ടു തവണയായി എ റ്റി എം കണ്ടറിൽ നിന്നും അര ലക്ഷം രൂപ പിൻവലിച്ചെടുത്തു. ഉടൻ തന്നെ കൃത്യത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ പ്രതികൾ സമർത്ഥമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. റോഡപകടത്തിൽ പരിക്ക് പറ്റിയതാണെന്ന് ഡോക്ടറെ തെറ്റിദ്ധരിപ്പിച്ച് ഒ പി. ചികിത്സ ലഭ്യമാക്കി പറഞ്ഞയച്ചു. സംഭവത്തെ പറ്റി പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയാണ് തിരിച്ചയച്ചത്.

പണം നഷ്ടപ്പെട്ട വിദ്യാർത്ഥികൾ വീണ്ടും പരാതിയുമായി സ്റ്റേഷനിലെത്തിയതിനെ തുടർന്നാണ് പൊലീസ് വിവരത്തിന് മൊഴി വാങ്ങി കേസെടുക്കാൻ തയ്യാറായത്. ജൂൺ 26 ന് ദമ്പതികളെയും കൂട്ടാളികളെയുമടക്കം ഏഴു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ലാണ് കേസിൽ പേട്ട പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 342 ( അന്യായ തടങ്കലിൽ വയ്ക്കൽ ) , 294 - ബി (അശ്ലീല പദപ്രയോഗം നടത്തി അസഭ്യം വിളിക്കൽ ) , 395 ( കൂട്ടായ്മ കവർച്ച ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP