Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം; സുപ്രീം കോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാൻ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് സുപ്രീംകോടതി; ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര: കണ്ടനാട് പള്ളിയിലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി; സുപ്രീം കോടതി ഉത്തരവുകൾ കേരളത്തിൽ നിരന്തരം ലംഘിക്കപ്പെടുന്നതായി നിരീക്ഷണം; കട്ടച്ചിറ പള്ളിത്തർക്ക കേസിലെ പുനഃപരിശോധനാ ഹർജിയും തള്ളി; സഭാ തർക്കത്തിൽ വീണ്ടും ജയം ഓർത്തഡോക്‌സിന്

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം; സുപ്രീം കോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാൻ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് സുപ്രീംകോടതി; ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര: കണ്ടനാട് പള്ളിയിലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി; സുപ്രീം കോടതി ഉത്തരവുകൾ കേരളത്തിൽ നിരന്തരം ലംഘിക്കപ്പെടുന്നതായി നിരീക്ഷണം; കട്ടച്ചിറ പള്ളിത്തർക്ക കേസിലെ പുനഃപരിശോധനാ ഹർജിയും തള്ളി; സഭാ തർക്കത്തിൽ വീണ്ടും ജയം ഓർത്തഡോക്‌സിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സഭാതർക്കവുമായി ബന്ധപ്പെട്ട എറണാകുളം കണ്ടനാട് പള്ളിക്കേസിൽ ഹൈക്കോടതിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി വിമർശനം. കണ്ടനാട് സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്കു പ്രാർത്ഥന നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതു ചോദ്യംചെയ്ത് ഓർത്തഡോക്‌സ്വിഭാഗം നൽകിയ പ്രത്യേകാനുമതി ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

മലങ്കരസഭയ്ക്കു കീഴിലുള്ള പള്ളികൾ സഭാഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നുകാട്ടി ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധിവന്നത്. ഇതുമായി ബന്ധപ്പെട്ട് ഹർജികൾ പിന്നീടു വന്നപ്പോഴെല്ലാം സുപ്രീംകോടതി പഴയനിലപാട് ആവർത്തിച്ചു. ഇതിന്റെ ലംഘനമായിരുന്നു ഹൈക്കോടതി വിധി. തൽസ്ഥിതി തുടരാനുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കുന്നത്. സുപ്രീംകോടതി വിധി മറടികടന്ന് ഉത്തരവ് ഇറക്കാൻ ഹൈക്കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യമാണ് സുപ്രീംകോടതി പറയുന്നത്. ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരും. സുപ്രീംകോടതി ഉത്തരവുകൾ കേരളത്തിൽ നിരന്തരം ലംഘിക്കപ്പെടുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം എന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാൻ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് സുപ്രീംകോടതി ചോദിച്ചു. ജുഡിഷ്യൽ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേ. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി. കണ്ടനാട് പള്ളിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഉത്തരവുകൾ കേരളത്തിൽ നിരന്തരം ലംഘിക്കപ്പെടുന്നതായും ജസ്റ്റിസ് അരുൺ മിശ്ര കുറ്റപ്പെടുത്തി.

കട്ടച്ചിറ പള്ളിത്തർക്ക കേസിൽ യാക്കോബായ സഭ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും സുപ്രിം കോടതി തള്ളി. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം കട്ടച്ചിറ പള്ളി ഭരിക്കപ്പെടണമെന്ന വിധിയെയാണ് യാക്കോബായ സഭ ചോദ്യം ചെയ്തത്. എന്നാൽ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സഭാ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പാക്കുന്നത് വൈകിയിരുന്നു. വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രിം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ 27 ന് സുപ്രിം കോടതി വിധി നടപ്പാക്കിയത്. കനത്ത പൊലീസ് സുരക്ഷയിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥയുണ്ടായി. യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞതും സംഘർഷത്തിനിടയാക്കി. ഇതിനിടെ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു. വൻ പൊലീസ് സുരക്ഷയിൽ ആലപ്പുഴ സബ് കളക്ടറുടെ നേതൃത്വത്തിലാണ് കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയത്. അതേ സമയം ഏകപക്ഷീയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചിരുന്നു.

മലങ്കരസഭയ്ക്കു കീഴിലെ പള്ളികൾ 1934-ലെ സഭാഭരണഘടനപ്രകാരം ഭരിക്കണമെന്നുകാട്ടി, ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി 2017-ൽ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിന്നെയും കേസുകൾ വന്നെങ്കിലും 2017-ലെ വിധിയുടെ ചുവടുപിടിച്ച് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് ഉത്തരവുകൾ വന്നത്. സഭാതർക്കം തുടർന്നതോടെ, വിധി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പലതവണ സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്തു. വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നുവരെ മുന്നറിയിപ്പു നൽകിയിരുന്നു.

നേരത്തെ പിറവം വലിയ പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഓർത്തഡോക്‌സ് യാക്കോബായ സഭാ നേതൃത്വങ്ങൾ സഹകരിക്കണമെന്ന് കലക്ടർ മുഹമ്മദ് സഫിറുല്ല ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലായിരുന്നു കലക്ടറുടെ പ്രതികരണം. വിധി നടപ്പാക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 11ന് വിശദീകരണം നൽകണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന നിർദ്ദേശമനുസരിച്ച് സമാധാനപരമായി നടപടികൾ പൂർത്തിയാക്കുന്നതിന് ഇരു വിഭാഗവും സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. സുപ്രീം കോടതി വിധി വന്നിട്ട് 7 മാസത്തോളമായതായി ഓർത്തഡോക്‌സ് സഭാംഗങ്ങൾ ചൂണ്ടിക്കാട്ടി. ബാലിശമായ വാദങ്ങൾ നിരത്തി വിധി നടപ്പാക്കുന്നത് ഇനിയും വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങൾ സംഘർഷത്തിനില്ലെന്നും സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേൽ വിശദമാക്കി.

അതേ സമയം സുപ്രീം കോടതി വിധിയിൽ അധികാര കൈമാറ്റം സംബന്ധിച്ച് വ്യക്തമായ നിർദ്ദേശമില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പൊലീസ് തിരക്കിട്ട് ബലപ്രയോഗത്തിലൂടെ തങ്ങളെ പുറത്താക്കുന്നതിനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ് പറഞ്ഞു. ഈ തർക്കത്തിൽ നിർണ്ണായക ഇടപെടലാണ് സുപ്രീംകോടതി ഇന്ന് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP