Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയും ഇരയല്ലേ? മകന്റെ പരാതിക്ക് പിന്നിൽ അച്ഛനാണെന്ന് സംശയിച്ചുകൂടേ എന്ന് സുപ്രീം കോടതി; ശക്തമായ എതിർപ്പുമായി മകന്റെ അഭിഭാഷകർ; മകൻ ഇപ്പോൾ കള്ളനെന്ന് മുദ്ര കുത്തപ്പെടുന്നുവെന്നും വാദം; അമ്മ നിരപരാധിയെന്ന റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി രണ്ടാഴ്ചത്തേക്ക് മാറ്റി

കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയും ഇരയല്ലേ? മകന്റെ പരാതിക്ക് പിന്നിൽ അച്ഛനാണെന്ന് സംശയിച്ചുകൂടേ എന്ന് സുപ്രീം കോടതി; ശക്തമായ എതിർപ്പുമായി മകന്റെ അഭിഭാഷകർ; മകൻ ഇപ്പോൾ കള്ളനെന്ന് മുദ്ര കുത്തപ്പെടുന്നുവെന്നും വാദം; അമ്മ നിരപരാധിയെന്ന റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി രണ്ടാഴ്ചത്തേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കടയ്ക്കാവൂർ പോക്‌സോ കേസിൽ ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകൻ നൽകിയ ഹർജി രണ്ടാഴ്ചത്തേക്ക് മാറ്റി. പോക്‌സോ കേസിൽ ആരോപണവിധേയായ അമ്മയും ഇരയല്ലേയെന്ന് കോടതി ചോദിച്ചു. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. അമ്മയ്‌ക്കെതിരായ മകന്റെ പരാതിക്ക് പിന്നിൽ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്.

അതേസമയം കേസിൽ തന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് മകൻ വാദിച്ചു. ഇടക്കാല ഉത്തരവിനിടെ കേസ് റദ്ദാക്കിയെന്നും മകൻ കോടതിയെ അറിയിച്ചു. പരാതിക്ക് പിന്നിൽ അച്ഛനാണെന്ന ആരോപണം മകന്റെ അഭിഭാഷകൻ നിഷേധിച്ചു. മകൻ ഇപ്പോൾ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായാണ് അമ്മയും ഇരയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

അമ്മയ്ക്കെതിരായ പരാതിക്ക് പിന്നിൽ അച്ഛൻ അല്ലേ എന്ന കോടതിയുടെ ചോദ്യത്തെ മകന്റെ അഭിഭാഷകർ ശക്തമായി എതിർത്തു. കുട്ടി പതിമൂന്ന് ദിവസം ശിശു ക്ഷേമ സമിതിയുടെ കസ്റ്റഡിയിൽ ആയിരുന്നു. ഈ സമയത്ത് കൗൺസിലറിനോട് ആണ് പീഡന വിവരം പറയുന്നത്. തുടർന്ന് കൗൺസിലർ അക്കാര്യം പൊലീസിനെ അറിയിക്കുക ആയിരുന്നു. പരാതി നൽകുന്നതിന് പിതാവ് അനുകൂലം ആയിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജിയിൽ എന്തെങ്കിലും ഉണ്ടെന്ന് ബോധ്യമായേലേ നോട്ടീസ് അയക്കുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരെയും ബുദ്ധിമുട്ടിക്കാൻ നോട്ടീസ് അയക്കില്ലെന്നും കോടതി അറിയിച്ചു.

അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ നൽകിയ വാദം ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഇതിന് രണ്ടാഴ്ചത്തെ സമയം നൽകി. രണ്ടാഴ്ചത്തേക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, കേസിൽ വിചാരണ നേരിടാൻ അമ്മയോട് നിർദേശിക്കണമെന്നാണ് അഭിഭാഷക അൻസു കെ.വർക്കി മുഖേനെ ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം.

പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കേരളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കേസിൽ അറസ്റ്റിലായ അമ്മയ്ക്ക് പിന്നീട് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം നൽകുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടുകയും ഡിസംബറിൽ തിരുവനന്തപുരം പോക്സോ കോടതി കേസിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വീഡിയോ കാണുന്നത് അമ്മ കണ്ടുപിടിച്ചെന്നും ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP