Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

പോക്‌സോ നിമയത്തിന്റെ 11-ാം വാർഷിക ദിനം; കുറ്റകൃത്യം നടന്ന് 110-ാം ദിവസം; വിചാരണ പൂർത്തിയാക്കിയത് 26 ദിവസം കൊണ്ട്; പോക്‌സോ കേസിൽ വധശിക്ഷ ആദ്യമെന്നും റിപ്പോർട്ട്; ഇത് ആലുവ കോടതിയിലെ അപൂർവ്വതകൾ; ജഡ്ജി കെ സോമൻ പുതിയ നീതിന്യായ ചരിത്രം രചിച്ചപ്പോൾ

പോക്‌സോ നിമയത്തിന്റെ 11-ാം വാർഷിക ദിനം; കുറ്റകൃത്യം നടന്ന് 110-ാം ദിവസം; വിചാരണ പൂർത്തിയാക്കിയത് 26 ദിവസം കൊണ്ട്; പോക്‌സോ കേസിൽ വധശിക്ഷ ആദ്യമെന്നും റിപ്പോർട്ട്; ഇത് ആലുവ കോടതിയിലെ അപൂർവ്വതകൾ; ജഡ്ജി കെ സോമൻ പുതിയ നീതിന്യായ ചരിത്രം രചിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശിശുദിനത്തിൽ ചരിത്ര വിധി. പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ 11-ാം വാർഷികദിനത്തിലാണ് ആലുവ കേസിന്റെ വിധിയെന്നതും പ്രത്യേകത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോൾ അഫ്‌സാക് ആലത്തിന് വധശിക്ഷയും. പോക്‌സോ കോടതി ജഡ്ജി കെ സോമന്റെ അതിശക്തമായ ഇടപെടലുകളാണ് കേസിൽ വിചാരണ വേഗത്തിലാക്കിയതും അതിവേഗ വിധിയുണ്ടായതും. കുറ്റവാളികളെ എപ്രകാരം വിചാരണയ്ക്ക് വിധേയമാക്കണമെന്നതിന് തെളിവായിരുന്നു ജഡ്ജി സോമന്റെ കോടതി നടപടികൾ.

അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും ആണ് ജഡ്ജി കെ സോമൻ വിധിച്ചത്. കുറ്റകൃത്യം നടന്ന ശേഷം അതിവേഗ വിചാരണ പൂർത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ പ്രതിക്കു ശിക്ഷ വിധിച്ചത്.

തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം തടവ്, കുട്ടിക്ക് ലഹരിപദാർഥം നൽകിയതിന് മൂന്നു വർഷം തടവ്, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ. കൃത്യം നടന്ന് 35-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. രണ്ട് മാസത്തിനു ശേഷം ഒക്ടോബർ നാലിന് വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി. 30-ാം ദിവസമാണ് കുറ്റക്കാരനെന്ന വിധി പ്രസ്താവിക്കുന്നത്. കുറ്റകൃത്യം നടന്ന് 110-ാം ദിവസം ശിക്ഷാ വിധിയും.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. പത്തുമണിയോടെ തന്നെ ജഡ്ജി കെ.സോമൻ കോടതിയിലെത്തി. പിന്നാലെ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് അടക്കമുള്ളവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കോടതിയിൽ വന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതിയെ ബോധിപ്പിക്കാനായെന്നായിരുന്നു പ്രോസിക്യൂട്ടറുടെ പ്രതികരണം. അൽപസമയത്തിനകം പ്രതി അസ്ഫാക് ആലത്തിനെയും കോടതിയിൽ എത്തിച്ചു. മകളെ പിച്ചിച്ചീന്തിയ ക്രൂരന് കോടതി ശിക്ഷ വിധിക്കുന്നത് കേൾക്കാനായി അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. ഏവരേയും സാക്ഷിയാക്കി ജഡ്ജി വധശിക്ഷ വിധിച്ചു. കോടതിക്ക് പുറത്ത് കൈയടിയും. അത് ജഡ്ജിയായ കെ സോമന്റെ അസാധാരണ നീതി ബോധത്തിനുള്ളതായിരുന്നു.

വധശിക്ഷ നൽകിയത് മാത്രമല്ല. അതിവേഗം കേസ് വിചാരണ പൂർത്തിയാക്കി. കുറ്റകൃത്യം നടന്ന് 100-ാം ദിനം കുറ്റവാളിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ നീതിബോധം. വിധി പറയാൻ ശിശുദിനം തിരഞ്ഞെടുത്തും ഈ വിധിയെ കുട്ടികൾക്കെല്ലാമുള്ള സമ്മാനമാക്കി മാറ്റുകയാണ് ജഡ്ജി. ഇനിയൊരു കുട്ടിയും ഇത്തരത്തിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടരുതെന്ന് ആഗ്രഹിച്ച സമൂഹത്തിനും ആശ്വാസമായി സോമന്റെ വിധി ന്യായം. പൊലീസ് ജീപ്പിൽനിന്ന് കോടതിക്കുള്ളിലേക്ക് പ്രതിയെ കൊണ്ടുപോകുന്നതിനിടെ തിക്കിലും തിരക്കിലും ഇയാളുടെ ചെരിപ്പുകളും മാസ്‌കും നിലത്തുവീണു. വൻ പൊലീസ് സന്നാഹമാണ് കോടതി വളപ്പിലുണ്ടായിരുന്നത്.

കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പൊലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബർ നാലിന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ശിക്ഷാവിധിക്ക് മുൻപായി പ്രതിയുടെ മാനസികനില കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം, പെൺകുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ ഹാജരാക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് പ്രതിയുടെ ഭാഗവും കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. പോക്സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ പ്രതിക്കുമേൽ സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. ഗുരുതര സ്വഭാവമുള്ള 3 പോക്സോ കുറ്റങ്ങൾ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കൽ തുടങ്ങിയ13 കുറ്റങ്ങൾ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്. ഇതൊന്നും കോടതി അംഗീകരിച്ചില്ല.

ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോർഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. ജൂലൈ 28 ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കികൊലപ്പെടുത്തിയെന്നാണ് കേസ്.

ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP