Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം ലീഗിന് എതിരെ ഹർജി നൽകിയ ആൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തി; ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നു എന്നും വാദം; ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി; ലീഗിന് ആശ്വാസമായി കോടതി നിരീക്ഷണം

മുസ്ലിം ലീഗിന് എതിരെ ഹർജി നൽകിയ ആൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തി; ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നു എന്നും വാദം; ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി; ലീഗിന് ആശ്വാസമായി കോടതി നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പേരിലും കൊടിയിലും മതചിഹ്നങ്ങളുപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ലീഗിന് ആശ്വാസം നൽകുന്ന കോടതി നിരീക്ഷണം. ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചു. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്‌നയാണ് കേസ് പരിഗണിക്കുന്നതിനിടെ വ്യക്തമാക്കിയത്.

എഴുപത്തിയഞ്ച് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പാർട്ടികളാണെന്നും രാജ്യത്തിന്റെ പുരോഗതിക്ക് അടക്കം നിർണ്ണായക സ്വാധീനം ഈ പാർട്ടികൾ വഹിച്ചതാണെന്നും മുസ്ലിം ലീഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു.ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കാവുന്നതാണ്. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടന ബെഞ്ചിന് വിടണമെന്നും കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഈക്കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് എം ആർ ഷാ വിശദമാക്കി.

കേസിലെ ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും എതിർകക്ഷികൾ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്‌ന പറഞ്ഞത്. ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആരോപിച്ചിരുന്നു. ശിവസേന, അകാലിദൾ അടക്കം മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന പാർട്ടികളെയും ഉൾപ്പെടുത്തണമെന്ന് ദവേ ആവശ്യപ്പെട്ടു.

എന്നാൽ ആരെയും ലക്ഷ്യം വച്ചുള്ളതല്ല ഹർജിയെന്നാണ് ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിക്കായി ഹാജരായ ബിജെപി വക്താവും അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ പറഞ്ഞത്. എല്ലാ വിഷയങ്ങളും പരിഗണിക്കുമെന്നും കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ മുസ്ലിം ലീഗ് നൽകിയ സത്യവാങ്മൂലം എല്ലാ കക്ഷികൾക്കും നൽകാൻ കോടതി നിർദ്ദേശം നൽകി. ഹർജികൾ അടുത്ത മാസം ഇരുപതിലേക്ക് വിശദമായ വാദം കേൾക്കാൻ മാറ്റി.

നേരത്തെ, മതേതരത്വം ഭരണഘടനയിൽ ഉൾപ്പെടുത്തുകയും അതിനുവേണ്ടി പ്രവർത്തിക്കുകയുംചെയ്യുന്ന പാർട്ടിയാണ് ലീഗ് എന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

ഹർജിക്കാരനായ ജിതേന്ദ്ര നാരായൺ ത്യാഗി എന്ന വസീം റിസ്വി മതഭ്രാന്തനും മതത്തിന്റെ പേരിൽ വ്യക്തികൾ തമ്മിൽ വിദ്വേഷം വളർത്തുന്നയാളുമാണ്. 2021 ഡിസംബറിൽ നടന്ന ധരംസൻസദിൽ നടത്തിയ വിദ്വേഷപ്രസംഗത്തിന് ഇയാളെ അറസ്റ്റുചെയ്തിരുന്നെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സമാനമായ വിഷയങ്ങളുന്നയിച്ച് അശ്വിനികുമാർ ഉപാധ്യായയുടെ ഹർജി ഡൽഹി ഹൈക്കോടതിക്ക് മുമ്പാകെയുണ്ട്. തിരഞ്ഞെടുപ്പുകമ്മീഷൻ അതിൽ മറുപടി നൽകിയിട്ടുമുണ്ട്. അതിനാൽ, ബാലിശവും ഉപദ്രവകരവുമായ ഹർജി തള്ളണം.

മുസ്ലിംലീഗിലെ ഒട്ടേറെ അംഗങ്ങൾ മുസ്ലിം സമുദായക്കാരല്ല. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ലീഗിന് ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട നൂറിലേറെ ജനപ്രതിനിധികളുണ്ട്. ഇവരെല്ലാം ലീഗിന്റെ കോണി ചിഹ്നത്തിലാണ് മത്സരിച്ചത്. കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ ഹിന്ദുവായ യു.സി. രാമനായിരുന്നു ലീഗിന്റെ സ്ഥാനാർത്ഥി. ലീഗിന്റെ കെ.പി. രാമൻ മഞ്ചേരി, കുന്ദമംഗലം സീറ്റുകളിൽ നേരത്തേ ജയിച്ച് എംഎ‍ൽഎ. ആയിരുന്നു. മഞ്ചേരിയിൽ മൂന്നുതവണ ലീഗിന്റെ എം. ചടയനും എംഎ‍ൽഎ. ആയിട്ടുണ്ട്.

ലീഗ് നേതാക്കളായ എം. മുഹമ്മദ് ഇസ്മയിൽ, അഡ്വ. വി. പോക്കർ, കെ.ടി. അഹമ്മദ് ഇബ്രാഹിം എന്നിവർ ഭരണഘടനാ നിർമ്മാണസഭയിൽ അംഗങ്ങളായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ മതസൗഹാർദത്തിനായി ലീഗ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1952-ൽ കോഴിക്കോട്ടെ പയ്യോളിയിൽ സാമുദായിക കലാപത്തിലേക്കു നീളാവുന്ന സംഭവത്തിൽ ലീഗ് നേതാക്കൾ കാര്യക്ഷമമായ ഇടപെടൽ നടത്തി. ഇതുപോലെ 1953-ൽ നടുവട്ടത്തും 1967-ൽ തളി ക്ഷേത്രം സംഭവത്തിലും പിന്നീട് ബാബറി മസ്ജിദ് തകർക്കലിനുശേഷം '90-കളിലും ഇത്തരം ഇടപെടലുകൾ ലീഗ് നടത്തിയിട്ടുണ്ട്. ബാബറി സംഭവത്തിനുശേഷം സംയമനംപാലിക്കാൻ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കേരളസമൂഹത്തോട് തുടർച്ചയായി ആഹ്വാനംചെയ്തു.

ലീഗ് നേതാവായ ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ സംസ്‌കൃത സർവകലാശാല സ്ഥാപിക്കാൻ നടപടിയെടുത്തത്. സമൂഹത്തിൽ സൗഹാർദമുണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. മതനിരപേക്ഷവും രാഷ്ട്രീയചായ്വ് ഇല്ലാതെയുമാണ് ലീഗ് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP