Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഫർ സോൺ വിഷയത്തിലെ വിധി നടപ്പാക്കിയാൽ കൊച്ചി മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയെ വരെ ബാധിക്കും; ജനങ്ങളുടെ പുനരധിവാസം വലിയ പ്രതിസന്ധിയാകും; സുപ്രീം കോടതിയിൽ പുനഃ പരിശോധനാ ഹർജി നൽകി കേരളം

ബഫർ സോൺ വിഷയത്തിലെ വിധി നടപ്പാക്കിയാൽ കൊച്ചി മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയെ വരെ ബാധിക്കും; ജനങ്ങളുടെ പുനരധിവാസം വലിയ പ്രതിസന്ധിയാകും; സുപ്രീം കോടതിയിൽ പുനഃ പരിശോധനാ ഹർജി നൽകി കേരളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ പുനഃ പരിശോധനാ ഹർജി നൽകി. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധി പുനഃ പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് സെക്രട്ടറിയാണ് പുനഃപരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം ഹർജിയിൽ പറയുന്നു.

സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസിൽ മുഖേനയാണ് ഹർജി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബഫർ സോൺ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളം പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയാൽ കൊച്ചിയിലുള്ള മംഗളവനത്തിനു സമീപമുള്ള ഹൈക്കോടതിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാർ, നെയ്യാർ ,റാന്നി അടക്കം സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി സെറ്റിൽമെന്റുകളെ അടക്കം ബാധിക്കുമെന്നും ഹർജിയിൽ കേരളം വാദിക്കുന്നു. 106 പേജുകളുള്ളതാണ് ഹർജി.

നേരത്തെ ഈ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. നിയമ നടപടി വേണമെന്നും ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ഭൂ വിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണ് കേരളം. 30 ശതമാനം വനമേഖലയാണ്. 40 ശതമാനത്തോളം പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളുമുണ്ട്. വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാകും. ജന ജീവിതം ദുസ്സഹമാകും. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP