Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിഗ സ്‌ക്രെമേന വധക്കേസ്: പ്രതികൾ ലൈംഗിക വേഴ്ചയ്ക്ക് പ്രാപ്തരെന്ന് ഡോക്ടർമാർ; ലൈംഗികക്ഷമതാ പരിശോധനയിൽ അനുകൂല ഫലമെന്നും കോടതിയിൽ മൊഴി; കേസിൽ വിചാരണ തുടരുന്നു

ലിഗ സ്‌ക്രെമേന വധക്കേസ്: പ്രതികൾ ലൈംഗിക വേഴ്ചയ്ക്ക് പ്രാപ്തരെന്ന് ഡോക്ടർമാർ; ലൈംഗികക്ഷമതാ പരിശോധനയിൽ അനുകൂല ഫലമെന്നും കോടതിയിൽ മൊഴി; കേസിൽ വിചാരണ തുടരുന്നു

അഡ്വ പി നാഗരാജ്

 തിരുവനന്തപുരം: കോവളം ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ, ലാത്വിയൻ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികൾ ലൈംഗിക വേഴ്ചക്ക് പ്രാപ്തരല്ലെന്ന് പറയാൻ കാരണമില്ലെന്ന് രണ്ടു ഡോക്ടർമാർ സാക്ഷി മൊഴി നൽകി. പൊട്ടൻസി ടെസ്റ്റിൽ (ലൈംഗിക ക്ഷമത പരിശോധന) പ്രതികളിൽ സെക്കന്ററി സെക്ഷ്വൽ ക്യാരക്‌റ്റേഴ്‌സ് (ലിംഗ ഉദ്ധാരണം) പ്രകടമെന്നും ഡോക്ടർമാർ മൊഴി നൽകി. പ്രതികളിൽ നിന്നും ശുക്ലം, തലമുടി, പുബിക് ഹെയർ (തുടകൾക്കിടയിലെ സ്വകാര്യ ഭാഗത്തെ മുടി), നെയിൽ ക്ലിപ്പിങ്‌സ് എന്നിവ തങ്ങൾ ശേഖരിച്ച് സീൽഡ് കവറിൽ കെമിക്കൽ ലാബിലേക്ക് പരിശോധനക്കായി പൊലീസിനെ ഏൽപ്പിച്ചതായും ഡോക്ടർമാർ മൊഴി നൽകി.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് മെഡിസിൻ വിഭാഗം അസി.പ്രൊഫസറും പൊലീസ് സർജന്മാരുമായ ഡോ.അജിത്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. വിശാൽ വിൻസെന്റ് എന്നിവരാണ് ദേഹപരിശോധനയും ലിംഗശേഷി പരിശോധനയും നടത്തി പ്രതികൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിവുണ്ടെന്ന പൊട്ടൻസി ടെസ്റ്റ് റിസൾട്ട് റിപ്പോർട്ടുകൾ നൽകിയത്. ഒന്നാം പ്രതി ഉമേഷിന്റെ ദേഹത്തിൽ കാണപ്പെട്ട പരിക്കുകൾ ജ്യേഷ്ഠനുമായി വഴക്കു കൂടിയപ്പോൾ വന്ന പരിക്കുകളാണെന്ന് പ്രതി പറഞ്ഞതായും ഡോക്ടർ അജിത് കുമാർ മൊഴി നൽകി. പൊട്ടൻസി റിപ്പോർട്ടും വൂണ്ട് സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ ഭാഗം 20 മുതൽ 23 വരെയുള്ള രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മുമ്പാകെയാണ് നിർണ്ണായക മൊഴി വന്നത്.

കഴിഞ്ഞ ദിവസം കൂറുമാറി പ്രതിഭാഗം ചേർന്ന അസി. ചീഫ് കെമിക്കൽ എക്‌സാമിനർ അശോക് കുമാറിന്റെ മൊഴി തള്ളിയാണ് ഡോക്ടർ ഇന്ത്യൻ തെളിവു നിയമപ്രകാരം കോടതി സ്വീകരിക്കുന്ന നിർണ്ണായക വിദഗ്ദ്ധാഭിപ്രായ സാക്ഷിമൊഴി നൽകിയത്. സാക്ഷി വിസ്താര വിചാരണയിലുട നീളം കഴിഞ്ഞ ദിവസം പ്രതിഭാഗം ചേർന്ന കെമിക്കൽ എക്‌സാമിനറെ പൊളിച്ചടുക്കി ഡോക്ടർ മൊഴി നൽകിയത്. മാർച്ച് 14 ന് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് 37ദിവസം പിന്നിട്ട് ഏപ്രിൽ 20 ന് അഴുകി ജീർണിച്ച് ശരീരഭാഗങ്ങൾ വേർപെട്ട് താഴെ വീണ് തെളിവുകൾ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.

ലിഗയുടെ സഹോദരി ഇൽസ കണ്ണുകൾ ഈറനണിഞ്ഞാണ് വിചാരണ കേട്ടത്. വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്. 2018 മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കുറ്റപത്ര പ്രകാരം പ്രോസിക്യൂഷൻ കേസ് ഇപ്രകാരമാണ്. ലാത്വിയൻ പൗരയായ യുവതി വിഷാദ രോഗത്തിന് ആയുർവ്വേദ ചികിത്സക്കായി സഹോദരിയായ രണ്ടാം സാക്ഷിയോടൊപ്പം അയർലന്റിൽ നിന്നും 2018 ഫെബ്രുവരി 3 ന് കേരളത്തിലെത്തി. ഫെബ്രുവരി 21 മുതൽ പോത്തൻകോട് അരുവിക്കരക്കോണം ധർമ്മ ആയുർവേദിക് സെന്റർ ഫോർ അഡ്വാൻസ്ഡ് ഹീലിങ് - ൽ ചികിത്സയിലിരിക്കെ മാർച്ച് 14 രാവിലെ 7.15 മണിയോടെ ഓട്ടോറിക്ഷയിൽ കയറി 8.15 ന് കോവളം ഗ്രോവ് ബീച്ചിൽ ഒറ്റക്ക് വന്നിറങ്ങി. വഴിയേ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒറ്റക്ക് നടന്ന് പകൽ 9 മണിയോടെ കോവളം പനത്തുറ പണിതീരാത്ത ഓഡിറ്റോറിയത്തിന് തെക്കുവശം എത്തിച്ചേർന്ന യുവതിയെ കണ്ട് രണ്ടാം പ്രതി പിന്തുടർന്ന് സ്ഥലവാസിയും സുഹൃത്തുമായ ഒന്നാം പ്രതി ബോട്ടുപയോഗിക്കുന്നതും ബോട്ട് സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയ സമയം പ്രതികൾ പരസ്പരം ആശയ വിനിമയം നടത്തി യുവതിയെ ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള പ്രതികൾ യുവതിയുടെ സിഗരറ്റ് ഉപയോറിക്കുന്ന സ്വഭാവം മനസിലാക്കി ഗഞ്ചാവ് ബീഡിയിൽ ഗഞ്ചാവ് നിറച്ചതാണെന്ന് അറിയിക്കാതെ നല്ലതെന്ന് വിശ്വസിപ്പിച്ച് യുവതിക്ക് നൽകി ലഹരിക്ക് വിധേയയാക്കി.

തുടർന്ന് മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തരാമെന്ന് പറഞ്ഞ് വശീകരിച്ച് ആൾ പാർപ്പില്ലാത്ത കോൺക്രീറ്റ് വീടിന്റെ സമീപത്ത്' എത്തിച്ച് അവിടെ വച്ചും ഗഞ്ചാവ് ബീഡി നൽകി ലഹരിക്ക് വിധേയയാക്കിയും വശീകരിച്ച് അവിടെ നിന്നും ശവശരീരം കാണപ്പെട്ട ആൾപ്പാർപ്പില്ലാത്തതും പ്രതികൾ മാത്രം വ്യാപരിക്കുന്നതുമായ ചാട്ടങ്ങ മരങ്ങളും വള്ളിപ്പടർപ്പുകളും ചതുപ്പുകളും ഉള്ള കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശാഖകളായി പിരിഞ്ഞ് ചരിഞ്ഞു കിടക്കുന്ന ചീലാന്തി മരത്തിന്റെ ചുവട്ടിൽ വച്ച് വീണ്ടും ഗഞ്ചാവ് നിറച്ച ബീഡി നൽകി കൂടുതൽ ലഹരിക്ക് വിധേയയാക്കിയും തന്നത്താൻ കരുതാൻ ശക്തിയില്ലാതിരുന്ന യുവതിയെ ധരിച്ചിരുന്ന ലെഗ്ഗിങ്‌സ് ,അടിവസ്ത്രം എന്നിവ ഊരിമാറ്റി അന്നേ ദിവസം വൈകുന്നേരം 4 നും 5 നും ഇടക്കുള്ള സമയം ലഹരിക്കടിമയാക്കപ്പെട്ട നിലയിലാക്കിയ യുവതിയുടെ സമ്മതമില്ലാതെ പ്രതികൾ മാറി മാറി ലൈംഗിക വേഴ്ചക്ക് വിധേയയാക്കി ബലാൽസംഗം ചെയ്ത് കാമ സംതൃപ്തി വരുത്തി.

തുടർന്ന് അന്നേ ദിവസം വൈകി 5.30 മണിയോടെ സ്വബോധം വീണ്ടെടുത്ത യുവതി തന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയിരിക്കുന്നത് കണ്ട് ക്ഷുഭിതയായി പെട്ടന്ന് ലെഗ്ലിങ്‌സ് ഇട്ട് സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ , യുവതി ജീവനോടെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടാൽ സംഭവം പുറത്തറിയുമെന്ന് ഭയന്ന പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്ത് നിന്നും പോകാൻ അനുവദിക്കാതെ അന്യായ തടസം ചെയ്തും ഒന്നാം പ്രതി യുവതിയുടെ കഴുത്തിൽ പുറകുവശത്തു നിന്നും കൈമുട്ടുമടക്കി ശക്തിയായി ഞെരിച്ചമർത്തി. തുടർന്ന് താഴെ വീണു ചലനമറ്റു കിടന്ന യുവതിയുടെ മുഖത്തും വായിലേക്കും സമീപത്തുള്ള ആറ്റിൽ നിന്നും രണ്ടാം പ്രതി ഒരു കുപ്പിയിൽ വെള്ളം ഒഴിച്ച് നോക്കിയും അതേ അവസ്ഥയിൽ തുടർന്ന യുവതിയുടെ മരണം ഉറപ്പിക്കുന്നതിനും കണ്ടാൽ ആത്മഹത്യയെന്ന് തോന്നൽ ഉണ്ടാക്കി എളുപ്പത്തിലാരും ശ്രദ്ധിക്കാത്ത വിധത്തിൽ ചാട്ടങ്ങ മരങ്ങൾക്കിടയിലേക്ക് പ്രതികൾ ചേർന്ന് എടുത്തു കൊണ്ടുപോയി വള്ളിയിൽ തറയിൽ നിന്നും 2 മീറ്റർ 48 സെ.മീ. ഉയരത്തിൽ പള്ളി ഭാഗത്ത് കുരുക്കുണ്ടാക്കി പ്രതികൾ ഒരുമിച്ച് കെട്ടി തൂക്കിയും മൃതദേഹം കണ്ടൽക്കാട്ടിൽ ഒളിപ്പിച്ച് ദിവസങ്ങളോളം പുറത്തറിയാതെ അഴുകി ജീർണ്ണിച്ച് കിടന്ന് ശരീരഭാഗങ്ങൾ വേർപെട്ട് താഴേക്ക് വീണ് തെളിവുകൾ നശിപ്പിക്കുന്നതിന് ഇടവരുത്തിയും ചെരിപ്പുകൾ ആറ്റിലേക്ക് വലിച്ചെറിഞ്ഞും അടിവസ്ത്രം സമീപത്തുള്ള ചതുപ്പിൽ ചവുട്ടി താഴ്‌ത്തിയും തെളിവുകൾ നശിപ്പിച്ചു.

മറ്റ് സ്ഥലവാസികളും സുഹൃത്തുക്കളും ഈ സ്ഥലത്തേക്ക് ചെല്ലാതിരിക്കാൻ മന:പ്പൂർവ്വമായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കളവായ വസ്തുതകൾ പറഞ്ഞു. യുവതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടും സംഭവം പുറത്തറിയാതിരിക്കാൻ തെറ്റായ വിവരങ്ങൾ പ്രദേശവാസികളെ ധരിപ്പിച്ചു പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് അവരുടെ പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി പ്രവർത്തിച്ച് കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്. കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആൾ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കൽ) , 342 ( അന്യായമായി തടഞ്ഞു വയ്ക്കൽ) , 376 എ (പീഡനത്തിനിരയായ ആൾക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യൽ) , 376 ഡി (കൂട്ടബലാൽസംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നൽകുകയും ചെയ്യൽ) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി ചെയ്യുന്ന കൃത്യങ്ങൾ) , എൻ ഡി പിഎസ് സെക്ഷൻ 20 (ബി) എന്നീ കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്. യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്.

സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികൾ ആദ്യം മൊഴി നൽകാൻ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ തിരുവല്ലം പൊലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടൻ അന്വേഷിച്ചിരുന്നെങ്കിൽ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തിൽ ഇടപെട്ടതോടെയാണ് പരാതിക്ക് മേൽ കിടന്നുറങ്ങിയ തിരുവല്ലം പൊലീസിന് അനക്കം വച്ചത്. ഒടുവിൽ ദിവസങ്ങൾ പഴകി കഴുത്തു വേർപെട്ട് കാട്ടു വള്ളി പടർപ്പിൽ ഉടൽ വേർപെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പൊലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനതിർത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പൊലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താൻ വൈകിയത്. സ്റ്റേഷനതിർത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാൻ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പൊലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP