Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കകം തീരുമാനം എടുക്കണം; സംസ്ഥാന സർക്കാരിനും ഗവർണർക്കും സുപ്രീം കോടതി നിർദ്ദേശം; പേരറിവാളൻ കേസിൽ പുറപ്പെടുവിച്ച വിധി കണക്കിലെടുത്താവണം തീരുമാനം എന്നും കോടതി

മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കകം തീരുമാനം എടുക്കണം; സംസ്ഥാന സർക്കാരിനും ഗവർണർക്കും സുപ്രീം കോടതി നിർദ്ദേശം; പേരറിവാളൻ കേസിൽ പുറപ്പെടുവിച്ച വിധി കണക്കിലെടുത്താവണം തീരുമാനം എന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കല്ലുവാതുക്കൽ വ്യാജമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരിനും കേരള ഗവർണർക്കുമാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.

മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിർദ്ദേശം. മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളനെ വിട്ടയച്ച് കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും സുപ്രീംകോടതി സൂചിപ്പിച്ചു. പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ശുപാർശകളിന്മേൽ ഗവർണർമാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് വിധിയിൽ പറയുന്നുണ്ട്.

ഇത് സൂചിപ്പിച്ച ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, നിലവിൽ മണിച്ചനെ മോചിപ്പിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവ് ഒന്നും പുറപ്പെടുവിക്കുന്നില്ല എന്നും വ്യക്തമാക്കി. പകരം സംസ്ഥാന സർക്കാരിന് തീരുമാനം വിടുകയാണെന്നും നാലാഴ്ചയ്ക്കകം ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. നിർദ്ദേശം ഫലത്തിൽ ഗവർണർക്കും ബാധകമാണ് എന്നാണ് റിപ്പോർട്ട്.

മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. അതിനിടെ, മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്‌ച്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. 31 പേർ മരിച്ച ദുരന്തത്തിൽ ആറു പേർക്ക് കാഴ്ച പോയി. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്.

വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. കേസിൽ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിതരണക്കാരി ഹൈറുന്നീസ 2009 ൽ ശിക്ഷ അനുഭവിക്കവേ മരിച്ചു. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP