Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകത്തിലെ മുസ്ലീമിന് കേരളത്തിൽ സംവരണത്തിന് അർഹത ഉണ്ടാവില്ല; താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി

കർണാടകത്തിലെ മുസ്ലീമിന് കേരളത്തിൽ സംവരണത്തിന് അർഹത ഉണ്ടാവില്ല; താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച്  സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കേരളത്തിൽ മുസ്ലിം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കർണാടക സ്വദേശി ബി. മുഹമ്മദ് ഇസ്മയിലിന്റെ നിയമനം റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവാണ് സുപ്രിംകോടതി ശരിവെച്ചത്. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല ഐ..ടി വിഭാഗത്തിലാണ് കർണാടക സ്വദേശിയായ ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നത്. എന്നാൽ പരാതിയെത്തിയതോടെ ഈ നിയമനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ കണ്ണൂർ സർവകലാശാലയും, മുഹമ്മദ് ഇസ്മയിലും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം ദേശിയ അടിസ്ഥാനത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ വാദം. മുസ്ലിം വിഭാഗം കേരളത്തിലും കർണാടകത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാൽ കർണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂർ സർവകലാശാലയിൽ പിന്നാക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലേക്ക് നിയമനം നൽകുന്നതിൽ തെറ്റില്ലെന്നും സർവകലാശാല സുപ്രീം കോടതിയിൽ വാദിച്ചു.

എന്നാൽ, ഒരു സംസ്ഥാനത്ത് എസ്.സി , എസ്.ടി , ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിക്ക് മറ്റൊരു സംസ്ഥാനത്ത് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് പിന്നാക്കക്കാരുടെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ അബ്ദുൾ ഹലീമിന്റെ അഭിഭാഷകർ വാദിച്ചു. ഇക്കാര്യം മുമ്പ് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖും, ബി. മുഹമ്മദ് ഇസ്മയിലിനുവേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്തും ഹാജരായി. അബ്ദുൾ ഹലീമിനുവേണ്ടി സീനിയർ അഭിഭാഷകരായ പി.എൻ രവീന്ദ്രൻ, ജോർജ് പൂന്തോട്ടം, അഭിഭാഷകരായ എംപി വിനോദ്, അതുൽ വിനോദ് എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP