Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ ദുരൂഹ മരണം; സിബിഐ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്; ഫെബ്രുവരി 8 ന് റിപ്പോർട്ട് ഹാജരാക്കണം; സിബിഐ ഏറ്റെടുത്തത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും 10 വർഷങ്ങൾക്ക് മുമ്പ് എഴുതി തള്ളിയ കേസ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ ദുരൂഹ മരണം; സിബിഐ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്; ഫെബ്രുവരി 8 ന് റിപ്പോർട്ട് ഹാജരാക്കണം; സിബിഐ ഏറ്റെടുത്തത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും 10 വർഷങ്ങൾക്ക് മുമ്പ് എഴുതി തള്ളിയ കേസ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പത്തു വർഷങ്ങൾക്ക് മുമ്പ് അന്വേഷണം അട്ടിമറിച്ച് എഴുതിത്ത്ത്തള്ളിയ ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനിൽ നടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ മരണത്തിൽ തുടരന്വേഷണം നടത്താൻ സിബിഐയോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഫെബ്രുവരി 8 ന് തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും സി ജെ എം ആർ. രേഖ തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്‌പിക്ക് നിർദ്ദേശം നൽകി.

സി ബി ഐ കുറ്റപത്രവും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച കോടതി അന്വേഷണത്തിൽ മിസ്സിങ് ലിങ്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും സംഭവം സംബന്ധിച്ച് ശരിയായ രീതിയിലും പൂർണ്ണമായും സിബിഐ കേസന്വേഷിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് സിബി ഐ കുറ്റപത്രം അംഗീകരിക്കാതെ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഉപേക്ഷയിലുള്ള മരണക്കുറ്റം മാത്രം ചുമത്തി സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് 2021 ജനുവരി 4 നാണ്. കുറ്റപത്രം നിരസിച്ച കോടതി തുടരന്വേഷണം നടത്താനും റിപ്പോർട്ട് 2021 മാർച്ച് 25 ന് ഹാജരാക്കാൻ ഉത്തരവിട്ടു. തുടർന്ന് 4 തവണ കേസ് പരിഗണിച്ചിട്ടും സിബിഐ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ല. തുടർന്നാണ് ഫെബ്രുവരി 8 ന് ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയത്.

പള്ളി വികാരിയും കൃപാ ഭവൻ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സൺഡേ സ്‌ക്കൂൾ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാദർ മാത്തുക്കുട്ടിയെന്നും മാത്തുക്കുട്ടി ആന്റണിയെന്നും അറിയപ്പെടുന്ന ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം , ക്യാമ്പു നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റർ സ്‌നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേർത്ത് ഉപേക്ഷയാലുള്ള മരണക്കുറ്റം (ഐപിസി 304 എ) മത്രം ചുമത്തിയാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റപത്രമാണ് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ആലപ്പുഴ ആക്‌സപ്റ്റ് കൃപാ ഭവനിൽ വ്യക്തിത്വ വികസന സൺഡേ സ്‌ക്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയെ കൃപാ ഭവൻ വളപ്പിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രതിഭാഗം ചേർന്ന് തെളിവുകൾ നശിപ്പിച്ച് 10 വർഷം പിന്നിട്ടശേഷമാണ് പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി : റ്റി.എഫ്. സേവ്യറിന്റെ കേസന്വേഷണം നിരീക്ഷിക്കാത്തതിന് മുൻ ആലപ്പുഴ ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ഷിജു ഷെയ്ക്കിനെ 2011 ജൂലൈ 6 ന് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. നീതിയുക്തമായ അന്വേഷണം പരിരക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും സമയബന്ധിതമായ റിപ്പോർട്ടുകൾ വിളിച്ചു വരുത്താത്തതിനും നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉത്തരവുകളും നൽകാത്തതിനുമാണ് മജിസ്‌ട്രേട്ടിനെ ഹൈക്കോടതി ശാസിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 156 (3) പ്രകാരം മജിസ്‌ട്രേട്ടിൽ നിക്ഷിപ്തമായ കേസന്വേഷണ നിരീക്ഷണ അധികാരം നേരാംവണ്ണം വിനിയോഗിക്കാത്തതിനാണ് ഹൈക്കോടതി വിമർശനമുണ്ടായത്.

2010 ഒക്ടോബർ 17 നാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സംഭവം നടന്നത്. ആലപ്പുഴ കൈതവന ഏഴരപ്പറയിൽ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപത ക്രിസ്ത്യൻ സഭക്കു കീഴിലുള്ളതാണ് ആലപ്പുഴ പക്കി ജംഗ്ഷന് സമീപമുള്ള ആക്‌സപ്റ്റ് ക്യാപാഭവൻ. 2010 ഒക്ടോബർ 15 ന് സൺഡേ സ്‌കൂൾ വ്യക്തിത്വ വികസന ക്യാമ്പിനെത്തിയ 11 അംഗ വിദ്യാർത്ഥി സംഘത്തിലെ ഒരംഗമായ ശ്രേയയാണ് മൂന്നാം നാൾ 17 ന് കൃപാ ഭവൻ വളപ്പിൽ തന്നെയുള്ള കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.11 കുട്ടികളും ഒരു കന്യാസ്ത്രീയും കിടന്നുറങ്ങിയിരുന്ന മുറിയിൽ നിന്നും ഈ കുട്ടിയെ കാണാതായിട്ട് നേരം വെളുത്ത് 8.30 മണിക്കാണ് ബന്ധപ്പെട്ടവർ അറിയുന്നത്.

അതേ സമയം വീട്ടുകാരെ അറിയിക്കാതെയും പൊലീസിൽ അറിയിക്കാതെയും ഫയർഫോഴ്‌സിനെ മാത്രം വരുത്തി മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസിലറിയിക്കാതെയും പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കാതെയും നിയമവിരുദ്ധമായി മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെ മൃത ശരീരത്തിലുണ്ടായിരുന്ന രക്തം മുഴുവൻ തുടച്ചു വൃത്തിയാക്കി. വായിലും മൂക്കിലും തിരുകിയിരുന്ന രക്തം പുരണ്ട പഞ്ഞി ധൃതിപ്പെട്ട് മാറ്റി കഴുകി വൃത്തിയാക്കിയാണ് മൃതശരീരം ആശുപത്രിയിലെത്തിച്ചത്.

വീട്ടുകാരെ വിളിച്ചു വരുത്തുന്നതിന് പകരം അവരെ ഒഴിവാക്കി വികാരിയുടെ ബന്ധുവായ കൃപാ ഭവന്റെ സഹായിയായി പ്രവർത്തിച്ചു വരുന്ന 60 വയസ്സുള്ള അപ്പച്ചൻ എന്നയാളെ തിടുക്കത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസിൽ മൊഴി കൊടുപ്പിച്ചതും സംശയമുണർത്തിയിരുന്നു. ശ്രേയക്ക് ഉറക്കത്തിൽ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീർക്കാൻ കുട്ടി രാത്രി നടന്ന് കുളത്തിൽ വീണ് മുങ്ങി മരിച്ചതാണെന്ന തരത്തിലാണ് അപ്പച്ചനെകൊണ്ട് കോൺവെന്റധികൃതർ പ്രഥമ വിവരമൊഴി കൊടുപ്പിച്ചത്.

എന്നാൽ ഉറക്കത്തിൽ എണീറ്റു നടക്കുന്ന സ്വഭാവം ശ്രേയക്കില്ലെന്ന വസ്തുതയുമായി മാതാപിതാക്കൾ ശക്തമായി രംഗത്തുവന്നു. മാതാപിതാക്കളും നാട്ടുകാരും പറയുന്ന ദ്യശ്യങ്ങൾ പത്ര ദൃശ്യമാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. ഒരു കാരണവശാലും ഉറക്കത്തിൽ നടന്ന് കുളത്തിൽ മരണം സംഭവിക്കില്ലെന്നും കുളത്തിൽ ചെന്ന് വീഴണമെങ്കിൽ പല വഴികളും ജലസംഭരണി ടാങ്കും മറ്റു പല വഴികളും കുട്ടി തരണം ചെയ്താൽ മാത്രമേ കുളത്തിന്റെ അടുത്തെങ്കിലും എത്തുവാൻ സാധ്യതയുള്ളു. ഉറക്കത്തിൽ നടക്കുന്ന സ്വഭവമുള്ള കുട്ടി ഒരിക്കലും എവിടെയും തട്ടിത്തടയാതെയും വീഴാതെയും അവിടെയെത്തുക സാധ്യമല്ലെന്നിരിക്കെ പ്രതികൾ കള്ളക്കഥ മെനഞ്ഞതാണെന്നു മാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച് അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയർന്നു.

പ്രേത വിചാരണ (ഇൻക്വസ്റ്റ് റിപ്പോർട്ട് ) തയ്യാറാക്കിയത് അധികാര പരിധിയില്ലാത്ത ആലപ്പുഴ നോർത്ത് സർക്കിൾ ഇൻസ്‌പെക്ടർ കെ.എ.തോമസായിരുന്നു. ശ്രേയയുടെ മരണം കൊലപാതകമാണെന്നും നേരാംവണ്ണം ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി. പെൺകുട്ടികൾ താമസിച്ചിരുന്ന മുറി പൂട്ടാൻ പറ്റുന്നില്ലെന്ന് പറഞ്ഞിട്ടും ഫാ.മാത്തുക്കുട്ടിയും സിസ്റ്റർ സ്‌നേഹയും നന്നാക്കിയില്ലെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി. അസമയത്തു പട്ടി കുരക്കുന്നത് കേട്ടതായും ജീവനക്കാരി പറയുന്നു. മാത്തുക്കുട്ടിയും സ്‌നേഹയും ചുമതല വഹിച്ച സ്ഥാപനത്തിൽ ഇത്രയും വലിയ കുറ്റകൃത്യം നടന്നിട്ടും ആലപ്പുഴ സൗത്ത് പൊലീസ് പ്രതി കോളത്തിൽ ആരെയും പ്രതി ചേർക്കാതെ നിസാര വകുപ്പായ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 (അസ്വാഭാവിക മരണം) പ്രകാരമാണ് കേസെടുത്ത് എഫ് ഐ ആർ ആർ ഡി ഒ കോടതിയിൽ ഹാജരാക്കിയത്.

ജനരോഷം ഉണ്ടായതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തുവെങ്കിലും പാതിവഴിയിൽ അന്വേഷണം നിലച്ചു. അതിശക്തമായ സഭയുടെയും കൃപാ ഭവന്റെയും ഇടപെടൽ മൂലം ക്രൈംബ്രാഞ്ചിന് പ്രതികളെ കണ്ടെത്തുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സാധിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടി കൂച്ചുവിലങ്ങിട്ടതായും ആരോപണമുയർന്നു. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ അവിഹിത സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമുണ്ടായെന്ന ആക്ഷേപവുമുണ്ടായി.

പരസ്പര വിരുദ്ധ മൊഴികൾ ഉള്ളതിനാൽ നാർക്കോ പരിശോധന നടത്തുമെന്ന് 2011 ൽ ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പെൺകുട്ടി സ്വമേധയാ മുറി വിട്ടു പുറത്ത് പോയെന്നും അപകടത്തിൽ കുളത്തിൽ വീണെന്നുമുള്ള അനുമാനത്തിലാണ് അന്വേഷണ റിപ്പോർട്ട് പിന്നീട് ഹാജരാക്കിയത്.

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ആഭ്യന്തര വകുപ്പ് സിബിഐക്ക് കേസ് കൈമാറിയെങ്കിലും സിബിഐ ആദ്യം കേസേറ്റെടുത്തിരുന്നില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് അട്ടിമറിച്ചതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് കേസ് സിബിഐ ഏറ്റെടുക്കാതിരുന്നത്. തുടർന്ന് 2018 ൽ ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് കേസേറ്റെടുക്കാൻ സി ബി ഐ യോട് ഉത്തരവിട്ടത് പ്രകാരമാണ് സിബിഐ കേസേറ്റടുത്തത്. ദുരൂഹ മരണത്തിലെ കുറ്റവാളികളെ കണ്ടെത്താനും പഴുതടച്ച് അന്വേഷണം നടത്താനുമാണ് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. അശ്രദ്ധ മൂലമുള്ള അപകട മരണമാണെന്ന പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. 201 മുതൽ 2018 വരെയുള്ള ഇത്രയും നാൾ സി ബി സി ഐ ഡി അന്വേഷിച്ച കേസിൽ ചില സാധ്യതകൾ അന്വേഷകർ വിലയിരുത്തിയില്ലെന്നും സത്യം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നും ഹൈക്കോടതി വിലയിരുത്തി. സംഭവ ദിവസം അർദ്ധരാത്രിക്ക് ശേഷം എന്ത് സംഭവിച്ചു , ശ്രേയ മുറി വിട്ട് പുറത്തു പോകാനുള്ള സാഹചര്യമെന്താണ് , കുളത്തിൽ എങ്ങനെ വീണു മരിച്ചു എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

സി ബി ഐ മാത്തുകുട്ടിയെ നാർക്കോ പരിശോധന നടത്താൻ അനുമതി തേടി മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും വിധേയൻ വിസമ്മതം അറിയിച്ചതിനാൽ സിബിഐയുടെ ഹർജി കോടതി തള്ളി. കോട്ടയം സ്വദേശിയായ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനാണ് രഹസ്യം വെളിപ്പെടുത്താനും വെളിപ്പെടുത്താതിരിക്കാനും ഒരു പൗരന് ഭരണഘടനാ അവകാശമുണ്ടെന്ന് വിധിച്ച് 2010ൽ നാർക്കോ പരിശോധന വിധേയന്റെ അനുമതിയോടെയേ നടത്താവൂയെന്നും വിചാരണയിൽ അവ തെളിവായി സ്വീകരിക്കരുതെന്നും വിധിന്യായം പുറപ്പെടുവിച്ചത്. ഉറവിടം കണ്ടെത്തി തൊണ്ടിമുതൽ വീണ്ടെടുക്കാൻ അന്വേഷണത്തെ സഹായിക്കാൻ മാത്രമേ നാർക്കോ മൊഴി ഉപയോഗിക്കാവൂയെന്നും ജസ്റ്റിസ് ബാലകൃഷ്ണൻ വിധിച്ചു. ഈ വിധിന്യായത്തിന്റെ ചുവടു പിടിച്ചാണ് രാജ്യത്തിലെ എല്ലാ കോടതികളിലും പ്രതികൾ നാർകോ , പോളിഗ്രാഫ് , ലൈ ഡിറ്റക്റ്റിങ് , ലെയേഡ് വോയ്‌സ് അനാലിസ് ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനാ ഹർജികളിൽ കോടതിയിൽ വിസമ്മതമറിയിച്ച് തടിയൂരി കേസിൽ നിന്ന് രക്ഷപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP