Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലാവകാശ കമ്മീഷൻ അധികാര പരിധി ലംഘിച്ചു; അമ്മയെയും മക്കളെയും മാനസിക രോഗ ചികിത്സയ്ക്ക് വിധേയമാക്കി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബാലാവകാശ കമ്മീഷൻ അധികാര പരിധി ലംഘിച്ചു; അമ്മയെയും മക്കളെയും മാനസിക രോഗ ചികിത്സയ്ക്ക് വിധേയമാക്കി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മയെയും കുട്ടികളെയും മാനസിക രോഗികളായി കണ്ട ബാലാവകാശ കമ്മിഷൻ അധികാര പരിധി ലംഘിച്ചുവെന്ന് ഹൈക്കോടതി. ജീവിത രീതിയും ആചാരങ്ങളും വീട്ടിലെ സാഹചര്യങ്ങളും നോക്കി മാത്രം അമ്മയെയും മക്കളെയും മാനസിക രോഗ ചികിത്സയ്ക്ക് വിധേയമാക്കുന്നതിന് നിർദ്ദേശിച്ച ബാലാവകാശ കമീഷന്റെ ഉത്തരവിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്.

അമ്മയിൽ നിന്നു കുട്ടികളെ മാറ്റി നിർത്തുന്നത് കുട്ടികളുടെ ശാരീരികവും വിദ്യാഭ്യാസപരവുമായ ക്ഷേമത്തിനു കോട്ടം തട്ടുമെന്നും അതുകൊണ്ടു കുട്ടികളെ മാറ്റി നിർത്തണമെന്നു കണ്ടെത്തിയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ മാതാവ് അഞ്ച് രുദ്രാക്ഷങ്ങളും വിവിധ മതങ്ങളുടെ ഫോട്ടകളും ശരീരത്തിലിട്ടുണ്ടെന്നും ഡിസിപിഒ കോടതിയിൽ ബോധിപ്പിച്ചു.

കുട്ടികളും അമ്മയും അയൽവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കാണുന്നയാൾക്ക് മനോരോഗ ചികിത്സ ആവശ്യമുള്ളതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു മനോരോഗ ചികിൽസയ്ക്ക് വിടുന്നതിനു ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ ചികിൽസയ്ക്ക് വിടാൻ ഉത്തരവിടുകയായിരുന്നു. ഇങ്ങനെ ഉത്തരവിടാൻ ശിശു അവകാശ കമ്മീഷന് അധികാരമില്ലെന്ന് കോടതി വിലയിരുത്തി.

കോടതി നിശ്ചയിച്ച കളമശേരി മെഡിക്കൽ കോളജിലെ ഡോ. പ്രിയ ഗോപാലകൃഷ്ണൻ അമ്മയും മക്കളും ഭർത്താവുമായി സംവദിച്ച ശേഷം ഇവർക്ക് മാനസിക രോഗമില്ലെന്ന് കോടതിയിൽ അറിയിച്ചു. ജീവിതത്തിലുടനീളം അവർ അനുഭവിച്ച മാനസിക പീഡനങ്ങളാണ് അവർക്ക് മാനസിക സമ്മർദ്ദത്തിനു കാരണം. മാനസിക രോഗിയാണെന്നു ചിത്രീകരിച്ചു മാനസിക രോഗ കേന്ദ്രത്തിലേക്ക് ബലമായ കൊണ്ടുപോയത് അവരെ മാനസികമായി ബാധിച്ചിട്ടുണ്ട്. മക്കളിൽ നിന്നും മാറ്റി നിർത്താനുള്ള ഭർത്താവിന്റെ ശ്രമമാണ് അമ്മയ്ക്ക് മാനസിക സമ്മർദ്ദത്തിന് കാരണമായത്. ഇവരുമായി ഒരിക്കൽ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഡോക്ടർ കോടതിയിൽ ആവശ്യപ്പെട്ടു.

ഡിസംബർ 10 മുതൽ 17 വരെ അമ്മയെയും കുട്ടികളെയും ഡോ.പ്രിയയുടെ അടുത്ത് പരിശോധനയ്ക്കു വിധേയമാക്കണമെന്നു കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ചു ഒരു റിപ്പോർട്ട് സർക്കാർ അഭിഭാഷകൻ മുഖേന ഫയൽ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഭർത്താവ് പല തവണ തന്റെ ഭാര്യയെ മാനസിക രോഗിയാക്കുന്നതിനു വിവിധ മാനസിക രോഗ പരിശോധന കേന്ദ്രങ്ങളിൽ കൊണ്ടുപോയിട്ടുണ്ടെന്നു കോടതി കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ ബാലകൃഷ്ണൻ തന്റെ മകളെയും രണ്ടു പേരക്കുട്ടികളെയും കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയാണ് കോടതി പരിഗണിച്ചത്.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ചൈൽഡ് വെൽഫയർ കമ്മിഷൻ അധികാര പരിധി ലംഘിച്ചുവെന്നു കോടതി വിലയിരുത്തി. ഹർജിയിൽ കോടതിയിൽ ഹാജരാക്കണമെന്നു ആവശ്യപ്പെട്ടിട്ടുള്ള കുട്ടികളുടെ മാനസിക നില സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും കോടതി നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ടു എല്ലാ രേഖകളും രണ്ടു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദ്ദേശം നൽകി.

കേസിൽ അമ്മയെയും കുട്ടികളെയും ചികിൽസിച്ച ആശുപത്രി അധികൃതകരേയും അമ്മയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതരേയും കേസിൽ എതികക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചു. കൂടാതെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ കോടതി കേസിൽ കക്ഷിച്ചേർത്തു. ഹർജിക്കാരനൊപ്പം മകളെയും പേരക്കുട്ടികളെയും വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു. ഇവരുടെ മൊഴിയെടുക്കാൻ കോടതി കൊടുങ്ങല്ലൂർ എസ്എച്ച്ഒയ്ക്ക് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP