Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസ്: രാഹുൽ പശുപാലനും രശ്മി നായരും കോടതിയിൽ ഹാജരായി; ഏഴാം പ്രതി ജിന്റോ ഡിസംബർ 10 വരെ റിമാൻഡിൽ; സെക്‌സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികൾ ജനുവരി 20 ന് ഹാജരാകാൻ പോക്‌സോ കോടതി ഉത്തരവ്

ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസ്: രാഹുൽ പശുപാലനും രശ്മി നായരും കോടതിയിൽ ഹാജരായി; ഏഴാം പ്രതി ജിന്റോ ഡിസംബർ 10 വരെ റിമാൻഡിൽ; സെക്‌സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികൾ ജനുവരി 20 ന് ഹാജരാകാൻ പോക്‌സോ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ കോടതി വാറണ്ടിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഏഴാം പ്രതി കാസർഗോഡ് സ്വദേശി ജിന്റോയെ തിരുവനന്തപുരം പോക്‌സോ കോടതി ഡിസംബർ 10 വരെ റിമാന്റ് ചെയ്തു. അന്വേഷണ ഘട്ടത്തിൽ ജിന്റോയെ ലഭിക്കാത്തതിനാൽ ഇയാളെ ഒളിവിലിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒക്ടോബർ 20 ന് ഇയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തരവിട്ടിരുന്നു. നവംബർ 27 ന് അറസ്റ്റ് ചെയ്ത ഇയാളുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കേസിൽ അഞ്ചും ആറും പ്രതികളായ രാഹുൽപശുപാലനും രശ്മി നായരും തിങ്കളാഴ്ച കോടതിയിൽ ഹാജരായി.

ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യാൻ ശിരസ്തദാരോട് കോടതി ഉത്തരവിട്ടു. സെക്‌സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികളും 2022 ജനുവരി 20 ന് ഹാജരാകാൻ പോക്‌സോ കോടതി ഉത്തരവിട്ടു. കോടതിയിൽ ഹാജരാകാത്ത പന്ത്രണ്ടാം പ്രതി എറണാകുളം സ്വദേശി ദിലീപ് ഖാനെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടും ഉത്തരവിട്ടു. രാഹുൽ പശുപാലനും രശ്മി. ആർ. നായരുമടക്കമുള്ള എല്ലാ പ്രതികളെയും നവംബർ 29 ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷൻസ് വിചാരണ കേസായതിനാൽ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

കൊച്ചു സുന്ദരികൾ എന്ന പേരിൽ വെബ്‌സൈറ്റ് പ്രവർത്തിപ്പിച്ച് പെൺവാണിഭം നടത്തിയ സംഘാംഗങ്ങളായ കാസർഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ, കൊള്ളസംഘത്തലവനുമായ അക്‌ബർ എന്ന അബ്ദുൾ ഖാദർ (31), ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30), പാലക്കാട് സ്വദേശി ആശിഖ് (34) മൈനർ പെൺകുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കർ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആർ.നായർ (27) , ഭർത്താവ് രാഹുൽ പി.എസ് എന്ന രാഹുൽ പശുപാലൻ (29) , കാസർഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21), വിളപ്പിൽശാല സ്വദേശി സുൽഫിക്കർ (31), താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30), എറണാകുളം സ്വദേശി ദിലീപ് ഖാൻ (31) , താമരശ്ശേരി സ്വദേശി ജോയ്ൽസ് ജോസഫ് (30) എന്നിവരാണ് ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നു മതൽ പതിമൂന്ന് വരെയുള്ള പ്രതികൾ. ബാംഗ്‌ളൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിച്ചത്.

2015 ജനുവരി - നവംബർ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം സൈബർ സെല്ലിന് ഓൺലൈൻ പെൺവാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകർഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈൽ (pedofile) പേജായ കൊച്ചു സുന്ദരികൾ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്‌മിൻ സൗദി അറേബ്യയിലായതിനാലും സൈബർ സെൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു.

എന്നാൽ രണ്ടാമത് വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ ക്രൈം 34 / 2015 നമ്പരായി സൈബർ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ' ഓപ്പറേഷൻ ബിഗ്ഡാഡി ' എന്ന പേരിൽ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്‌സ് ബുക്ക് ഗ്രൂപ്പായ ' സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ' (sexually frustrated Mallus)  എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാൾ പരാതിപ്പെട്ടത്. ഫെയ്‌സ് ബുക്കിൽ പെട്ടെന്ന് ആവിർഭവിച്ച് പൊന്തി വന്ന ' കൊച്ചു സുന്ദരികൾ ' എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനൽ ഗൂഢാലോചന) , 366 എ (മൈനറായ പെൺകുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തൽ) , 370 (1) ( പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെൺവാണിഭം നടത്തൽ) , 212 (കുറ്റക്കാരെ ഒളിവിൽ പാർപ്പിക്കൽ) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്‌സോ (ലൈംഗിക കുറ്റ കൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവർത്തനം (തടയൽ) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുുകളും ചുമത്തിയാണ് .ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.2019 നവംബർ 23 നാണ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP