Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോൺ ഇങ്ങെടുക്കെടി എന്ന് പറഞ്ഞ് കുട്ടിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിരട്ടുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന ദൃശ്യങ്ങൾ; ഉദ്യോഗസ്ഥയ്ക്ക് കാക്കിയുടെ അഹങ്കാരം; ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല; ആറ്റിങ്ങൽ സംഭവം നീതീകരിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

ഫോൺ ഇങ്ങെടുക്കെടി എന്ന് പറഞ്ഞ് കുട്ടിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിരട്ടുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന ദൃശ്യങ്ങൾ; ഉദ്യോഗസ്ഥയ്ക്ക് കാക്കിയുടെ അഹങ്കാരം; ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല; ആറ്റിങ്ങൽ സംഭവം നീതീകരിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്ക് കാക്കിയുടെ അഹങ്കാരമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ക്ഷമാപണം നടത്താൻ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്.ഇത് നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ടുവയസുള്ള കുട്ടിയെ അപമാനിച്ച ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഉണ്ടായത്. ഈ ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും തെറ്റ് മനസിലാക്കി തുടക്കത്തിലേ ക്ഷമ പറഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളിൽ കുട്ടി തുടക്കം മുതൽ കരയുകയാണ്. എന്നിട്ടുംപോലും ആ സ്ത്രീയുടെ മനസ് അലിഞ്ഞില്ല കോടതി നിരീക്ഷിച്ചു.

പൊലീസ് യൂണിഫോമിന് ഒരു ഉത്തരവാദിത്വം ഉണ്ടെന്നത് എല്ലാ പൊലീസുകാരും മനസിലാക്കണം. പൊലീസിൽ നിന്ന് ഇത്രയും മോശം ഒരു സമീപനം നേരിട്ട കുട്ടി ഇനി ഒരാവശ്യത്തിന് എങ്ങനെയാണ് പൊലീസിനെ സമീപിക്കുകയെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീ അല്ലേ. ഇങ്ങനെ ആണോ പെരുമാറേണ്ടത്. ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കൽപിച്ചില്ല. ഇത് ചോദ്യം ചെയ്ത പൊതുജനത്തിന്റെ നിലപാട് അഭിനന്ദനാർഹമാണെന്നും പൊലീസ് യൂണിഫോമിലായിരുന്നില്ലെങ്കിൽ ആ സ്ത്രീക്ക് നാട്ടുകാരുടെ കൈയിൽ നിന്ന് അടി കിട്ടുമായിരുന്നെന്നും കോടതി വ്യക്തമാക്കി.

സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട് അവശ്യപ്പെട്ടു. പൊലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സ വിവരങ്ങൾ സീൽ ചെയ്ത കവറിൽ നൽകാനാണ് നിർദ്ദേശം. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോസ്ഥ കാട്ടിയതെന്നും കോടതി വിമർശിച്ചു. സംഭവം നീതികരിക്കാനാകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോൾ പൊലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നു ഈ സംഭവമെങ്കിൽ കോടികൾ നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ. വീഡിയോ കണ്ടതുകൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു. കേസ് ഡിസംബർ 7ന് വീണ്ടും പരിഗണിക്കും.

സംഭവം ഇങ്ങനെ:

ആറ്റിങ്ങൽ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ, കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38), എട്ടു വയസ്സുള്ള മകൾക്കുമാണ് അധിക്ഷേപം ഏൽക്കേണ്ടി വന്നത്. മൂന്നുമുക്ക് ജംക്ഷനിലായിരുന്നു സംഭവം. ഐഎസ്ആർഒയിലേക്കുള്ള കൂറ്റൻ ഉപകരണങ്ങൾ കൊണ്ടു പോകുന്നത് കാണാനാണ് മകൾക്കൊപ്പം സ്ഥലത്തെത്തിയതായിരുന്നു.

പൊലീസ് വാഹനത്തിന് അൽപം അകലെ നിൽക്കുകയായിരുന്ന ജയചന്ദ്രനെ, രജിത അടുത്തേക്ക് വിളിച്ച് വാഹനത്തിൽ നിന്നു ഫോൺ മോഷ്ടിച്ചതായി ആരോപിച്ച് അധിക്ഷേപിച്ചെന്നാണു പരാതി. നിരപരാധിത്വം തെളിയിക്കുന്നതിനായി ജയചന്ദ്രൻ തന്റെ ഉടുപ്പ് ഉയർത്തി കാണിച്ചു. തുടർന്ന് കാറിൽ നിന്നെടുത്ത് ഏൽപിച്ച ഫോൺ മടക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മകൾക്ക് നേരെ തിരിയുകയായിരുന്നെന്നും ജയചന്ദ്രൻ പറഞ്ഞു.

പൊലീസുകാരിയുടെ ആക്രോശവും, സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി. പിങ്ക് പൊലീസിലെ മറ്റംഗങ്ങൾ ബഹളം കേട്ട് മടങ്ങിയെത്തി. ഒപ്പമുണ്ടായിരുന്ന പൊലീസുകാരി ഫോണിലേക്ക് വിളിച്ചപ്പോൾ വാഹനത്തിനുള്ളിൽ നിന്നു ഫോൺ ശബ്ദിച്ചു . പരിശോധനയിൽ കാറിനുള്ളിൽ നിന്നു ഫോൺ കണ്ടെത്തിയതോടെ തടിച്ച് കൂടിയ നാട്ടുകാർ പൊലീസ് നടപടി ചോദ്യം ചെയ്യുകയായിരുന്നു.

നടുറോഡിൽ പൊലീസുകാരിയുടെ അധിക്ഷേപത്തിനു ഇരയായ ബാലികയുടെ വാക്കുകൾ വൈറലായി. 'ഫോൺ ഇങ്ങെടുക്കെടി എന്ന് പറഞ്ഞ് പൊലീസ് ആന്റി വിരട്ടി'' ....... എന്ന് കുട്ടി പറയുന്നതാണ് ഏറെ പ്രചരിക്കപ്പെട്ടത്. സംഭവദിവസം രാത്രി ഭയം കാരണം കുട്ടി ഉറങ്ങിയിട്ടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ. വി. മനോജ് കുമാറിനോട് പിതാവ് ജയചന്ദ്രൻ പറഞ്ഞു . കുട്ടിക്ക് അടിയന്തര കൗൺസിലിങ് നൽകണമെന്ന് കമ്മിഷൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

'' പൊലീസ് ആന്റി അച്ഛനെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഫോൺ ഇങ്ങെടുക്കാൻ ...... അപ്പോ അച്ഛൻ പറഞ്ഞു, ഞങ്ങൾ ഫോൺ എടുത്തില്ലെന്ന് ......ഞാൻ കണ്ടല്ലോ നീ എടുത്ത് ഇവളുടെ കയ്യിൽ കൊടുക്കന്നത് എന്ന് പൊലീസ് ആന്റി പറഞ്ഞു..ഫോൺ ഇങ്ങെടുക്കെടി, ഫോൺ ഇങ്ങെടുക്കെടി എന്നു പറഞ്ഞ് പൊലീസ് ആന്റി വിരട്ടി.... ''കുട്ടിയുടെ ഈ വാക്കുകളുടെ വിഡിയോ ദൃശ്യം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ മറ്റൊരു പൊലീസുകാരി സമാധാനിപ്പിച്ചു എന്നും ബാലികയും വീട്ടുകാരും പറയുന്നു.

വനിതാ പൊലീസുദ്യോഗസ്ഥ രജിതയുടെ അമിതാവേശവും ജാഗ്രതക്കുറവും പ്രശ്നങ്ങൾ സങ്കീർണമാക്കിയെന്നും, ഇവരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്നുമായിരുന്നു റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഫോൺ നഷ്ടമായപ്പോൾ പൊലീസ് വാഹനത്തിലോ , ബാഗിലോ ആയിരുന്നു ആദ്യം തിരയേണ്ടിയിരുന്നത്. ഇതിനു പകരം സമീപത്തു നിന്ന കുട്ടിയെയും അച്ഛനെയും സംശയിക്കുകയായിരുന്നു.

പിന്നാലെ ചോദ്യം ചെയ്യൽ, ദേഹ പരിശോധന തുടങ്ങിയവ ആവശ്യപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥയ്ക്കു ചേർന്ന പ്രവൃത്തിയായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുകയും, വിവാദമാവുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഡിവൈഎസ്‌പി ഡി.എസ്.സുനീഷ് ബാബുവിനോട് റൂറൽ ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്‌പിയും സ്പെഷൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടുകളെ തുടർന്നാണു രജിതയെ ആദ്യം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാറ്റിയത്.

സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയതോടെ അന്ന് കൂടുതൽ അന്വേഷണത്തിന് ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തിൽ പട്ടികജാതി- പട്ടികവർഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടതോടെ രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കാനും ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ രജിതയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മാതൃകാപരമായ നടപടി ഉണ്ടാകാതിരുന്നതോടെയാണ് കോടതിയെ സമീപിക്കാൻ കുടുംബം തീരുമാനിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം തിരക്കാനും ഗാർഹിക, സ്ത്രീധന പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിനുമടക്കം രൂപീകൃതമായ പിങ്ക് ജനമൈത്രി എന്ന പൊലീസ് സംഘം മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയേയും പിതാവിനെയും നടുറോഡിൽ ജനക്കൂട്ടം നോക്കിനിൽക്കേ പരസ്യവിചാരണ നടത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നിയോഗിച്ചസംഘമാണ് പിങ്ക് പൊലീസ്. ശീതീകരിച്ച കാറിൽ നഗരങ്ങൾ ചുറ്റുന്നതും ഇടയ്ക്കിടെ സദാചാര പൊലീസ് കളിക്കുന്നതുമല്ലാതെ പിങ്ക് പൊലീസിനെക്കൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കും കാര്യമായ ഗുണമില്ലെന്ന ആക്ഷേപമാണ് ഉയർന്നത്.

കുഞ്ഞുങ്ങളുടെ മൊഴിയെടുക്കാൻ പൊലീസ് യൂണിഫോമിൽ പോലും എത്തരുതെന്നും അവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ചട്ടമുള്ള നാട്ടിലാണ്, ആ കുഞ്ഞിനെ ഒരു പൊലീസുദ്യോഗസ്ഥ നടുറോഡിൽ വിചാരണ ചെയ്ത് കള്ളിയാക്കാൻ ശ്രമിച്ചത്. കണ്ടുനിന്നവരിലൊരാൾ ഈ വിചാരണ ഫോണിൽ ചിത്രീകരിച്ചിരുന്നില്ലെങ്കിൽ ആ കുഞ്ഞിന്റെ പിതാവ് അന്നുതന്നെ ജയിലിലായേനെ.

മോഷണത്തിനു പുറമെ പൊലീസിന്റെ കർത്തവ്യനിർവഹണം തടഞ്ഞെന്ന കുറ്റം കൂടി ചാർത്തിക്കൊടുത്തേനെ. ഇതാദ്യമല്ല പിങ്ക് പൊലീസിന്റെ തനിനിറം വെളിച്ചത്താവുന്നത്. നാലുവർഷം മുൻപ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു പിങ്ക് പൊലീസിന്റെ സദാചാര പൊലീസിങ്. പിങ്ക് പൊലീസിന്റെ സദാചാര പൊലീസിങ് നേരിട്ട യുവാവും യുവതിയും പിങ്ക് പൊലീസിന്റെ നടപടികൾ ഫേസ്‌ബുക്കിൽ ലൈവിട്ടതോടെയാണ് കള്ളക്കളി വെളിച്ചത്തായത്.

ശ്രീകാര്യം സ്വദേശികളായ വിഷ്ണുവിനും ആതിരയ്ക്കുമാണ് പിങ്ക് പൊലീസിന്റെ സദാചാരവേട്ട നേരിടേണ്ടിവന്നത്. വിവാഹം നിശ്ചയിച്ചുറപ്പിച്ച ഇവർ ഇവിടെ ഒന്നിച്ചിരുന്നതിനെ പൊലീസ് ചോദ്യം ചെയ്തു മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതാണു വിവാദമായത്. മ്യൂസിയം സ്റ്റേഷനിലെ രണ്ട് പിങ്ക് പൊലീസുകാരെത്തി അവിടെ ഇരിക്കാൻ പാടില്ലെന്നു പറഞ്ഞശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

എന്താണ് തങ്ങൾ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് സംഭവം ഫേസ്‌ബുക്ക് ലൈവായി പുറത്തുവിട്ടു. ആഴ്ചകൾക്കു ശേഷം വിഷ്ണുവും ആതിരയും ഒരുമിച്ചുള്ള പുതുജീവിതത്തിനു തുടക്കമിട്ടു. ലളിതമായ ചടങ്ങുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പം കനകക്കുന്നിലെത്തി കേക്ക് മുറിച്ചാണ് പിങ്ക് പൊലീസിന്റെ സദാചാര വേട്ടയ്ക്കെതിരെ ഇവർ പ്രതികരിച്ചത്.

തിരക്കുള്ള സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാൻ തുടർച്ചയായ പട്രോളിങ് നടത്തേണ്ടതാണെങ്കിലും അവിടെയെങ്ങും പിങ്ക് പൊലീസിന്റെ പൊടിപോലുമുണ്ടാവില്ല. സന്ധ്യാസമയത്ത് പി.എസ്.സി ആസ്ഥാനത്തിനു മുന്നിലെ ഇരുളിൽ നിരവധി സ്ത്രീകൾ ബസ് കാത്തുനിൽക്കുമ്പോൾ മീറ്ററുകൾക്ക് അപ്പുറം എൽ.ഐ.സിക്കു മുന്നിൽ കാർ നിറുത്തിയിട്ട് അതിനുള്ളിലിരുന്ന് ഫോണിൽ സിനിമ കാണുകയാവും പിങ്ക് പൊലീസ്.

നൂറുകണക്കിന് യുവതികൾ രാത്രിജോലി കഴിഞ്ഞിറങ്ങുന്ന ടെക്നോപാർക്കിന്റെ പരിസരത്തെങ്ങും പിങ്ക് പൊലീസിനെ കാണാനുണ്ടാവില്ല. എസ്‌കോർട്ടും ഗൺമാനുമില്ലാതെ തിരുവനന്തപുരം നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ ഐ.പി.എസുകാരി ആക്രമിക്കപ്പെട്ടിരുന്നു.

കൊച്ചിയിലെ തിരക്കേറിയ ഹൈപ്പർമാർക്കറ്റിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാതാവുന്നു. സംസ്ഥാനത്തെ സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കുപോലും ധൈര്യമായി തനിച്ചു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവിടുത്തെ സ്ത്രീസുരക്ഷയെന്ന് നമ്മൾ മറക്കരുത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന 'പിങ്ക് പൊലീസ് പട്രോൾ' എല്ലാ നഗരങ്ങളിലുമുണ്ട്. ഒരു വനിതാ പൊലീസ് ഓഫീസർ ഉൾപ്പെടെ നാല് വനിതാ പൊലീസുദ്യോഗസ്ഥരാണ് ഒരു പിങ്ക് പട്രോൾ വാഹനത്തിൽ ഉള്ളത്. ജി.പി.എസ്, കാമറ സംവിധാനം അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും അത്യാവശ്യ സന്ദർഭങ്ങളിലും, അടിയന്തര ഘട്ടത്തിലും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നിലവിലുണ്ട്.

2016 ആഗസ്റ്റിലാണ് പിങ്ക് പൊലീസ് ആരംഭിച്ചത്. പോക്‌സോ ഉൾപ്പെടെയുള്ള 200 ഓളം കേസുകൾ പിങ്ക് പൊലീസിന്റെ സമയോചിത ഇടപെടൽ മൂലം കണ്ടെത്തിയിട്ടുണ്ടെന്നതും നല്ലകാര്യം. ഈ മികവുകളെല്ലാം ഇല്ലാതാക്കുന്നതാണ് പിങ്ക് പൊലീസിലെ ഏതാനും പേരുടെ സദാചാര വേട്ടയും പരസ്യവിചാരണയും.പിങ്ക് പൊലീസിൽ പദ്ധതി പ്രളയം സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം തടയാനും നിരവധി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടുകളാണ് പൊലീസിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP