Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താനറിയാതെ വ്യാജ ആധാരം ചമച്ചും പോക്കുവരവ് ചെയ്തും വസ്തു തട്ടിയെടുത്തു; പരാതിക്കാരായ സഹോദരങ്ങളിൽ ഒരാളായ മോഹനചന്ദിന്റെ മൊഴി; കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് വിചാരണ തുടങ്ങി; നാലു സാക്ഷികളെ നവംബർ 19 ന് ഹാജരാക്കണം

താനറിയാതെ വ്യാജ ആധാരം ചമച്ചും പോക്കുവരവ് ചെയ്തും വസ്തു തട്ടിയെടുത്തു; പരാതിക്കാരായ സഹോദരങ്ങളിൽ ഒരാളായ മോഹനചന്ദിന്റെ മൊഴി; കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് വിചാരണ തുടങ്ങി; നാലു സാക്ഷികളെ നവംബർ 19 ന് ഹാജരാക്കണം

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി. ഭൂവുടമയായ താൻ അറിയാതെ 2006 ൽ പ്രതികൾ വ്യാജ ആധാരം ചമച്ചും പോക്കുവരവ് ചെയ്തും തന്റെ വസ്തു തട്ടിയെടുത്തതായി പരാതിക്കാരായ സഹോദരങ്ങളിൽ ഒരാളായ മോഹനചന്ദ് കോടതിയിൽ മൊഴി നൽകി.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താര വിചാരണയിലാണ് ഒന്നാം സാക്ഷിയായ മോഹനചന്ദിനെ വിസ്തരിച്ചത്. ചീഫ് വിസ്താരം പൂർത്തിയായതിനെ തുടർന്ന് ക്രോസ് വിസ്താരത്തിന് പ്രതികൾ സമയം തേടിയതിനാൽ നവംബർ 19 ന് സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതികളോട് സിജെഎം ആർ. രേഖ ഉത്തരവിട്ടു.

സഹോദരങ്ങളായ പ്രേംചന്ദ്, രമാദേവി, മോഹനചന്ദ് എന്നിവരുടെ വസ്തുക്കൾ തട്ടിയെടുത്ത കേസിലാണ് വിചാരണ ആരംഭിച്ചത്. കേസിൽ വില്ലേജാഫീസറടക്കമുള്ള പ്രതികൾക്ക് മേൽ വിചാരണക്ക് മുന്നോടിയായി കോടതി കുറ്റം ചുമത്തിയിരുന്നു. സാക്ഷി വിസ്താര വിചാരണക്കായി 4 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാനും കോടതി സിബിഐയോട് ഉത്തരവിട്ടു. നവംബർ 19 ന് ഹാജരാക്കാനാണ് ചാർജിങ് ഓഫീസറായ സി ബി ഐ എസ്‌പി. യോട് കോടതി ഉത്തരവിട്ടത്.

വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാൻ പ്രതികളോട് പല കുറി ആവശ്യപ്പെട്ടിട്ടും പ്രതികൾ കൂടുതൽ സമയം തേടിയിരുന്നു. എന്നാൽ കഴിഞ്ഞ വിചാരണ ദിവസം കേസ് പരിഗണിച്ചപ്പോൾ വീണ്ടും പ്രതികൾ സമയം തേടിയത് കോടതിയെ ചൊടിപ്പിച്ചു. വിചാരണ വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി പ്രതികളെ രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് ഹാജരായ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുകയായിരുന്നു.

കടകംപള്ളി മുൻ വില്ലേജ് ഓഫീസർ എ. നിസാർ അഹമ്മദ് , മുഹമ്മദ് അബ്ദുൾ ഖാദർ , സുഹറാബീവി , മുഹമ്മദ് കാസിം , റുഖിയാ ബീവി.എന്നിവരെ ഒന്നു മുതൽ അഞ്ചു വരെ പ്രതിസ്ഥാനത്ത് ചേർത്ത് 2015 നവംബർ 30 നാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ആദ്യ മൂന്ന് പ്രതികൾ മരണപ്പെട്ടു. മുഹമ്മദ് കാസിം , റുഖിയാ ബീവി എന്നിവരെ വിചാരണ ചെയ്യുന്നതിനാണ് ഇവർക്ക് മേൽ കോടതി കുറ്റം ചുമത്തിതിയത്.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ 7 കേസുകളിലായി വിഭജിച്ച കുറ്റപത്രമാണ് സിബിഐ സമർപ്പിച്ചത്. 5 കേസുകളിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിലും 2 കേസുകളിൽ സിബിഐ കോടതിയിലുമാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരം ഒരു വർഷത്തിൽ നടന്ന ഒരു പോലെയുള്ള 3 കുറ്റകൃത്യങ്ങൾക്ക് വീതം പ്രത്യേക കുറ്റപത്രം സമർപ്പിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് സിബിഐ വിഭജിച്ച 7 കുറ്റപത്രങ്ങൾ സമർപ്പിച്ചത്.

കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി യഥാർത്ഥ ഉടമകൾ അറിയാതെ വ്യാജ വിലയാധാരങ്ങൾ ചമച്ച് വ്യാജ പോക്ക് വരവ് ചെയ്ത് അവരുടെ വസ്തുവകകൾ തട്ടിയെടുത്തുവെന്നാണ് കേസ്. ഒരാൾ മറ്റൊരാൾക്ക് ഭൂമി കൈമാറുമ്പോഴും മരണപ്പെടുമ്പോഴും ഭൂമി വാങ്ങുന്നയാൾ , അവകാശികൾ എന്നിവർ പുതിയ തണ്ടപ്പേരിൽ കരം തീർക്കുന്നു. അപ്പോൾ വില്ലേജ് ഓഫീസിലെ തണ്ടപ്പേർ കണക്ക് ബുക്കിൽ പഴയ തണ്ടപ്പേർ ശൂന്യമായി കിടക്കും. ഈ ശൂന്യ തണ്ടപ്പേരിൽ വില്ലേജ് - റവന്യൂ അധികാരികളുടെ പങ്കാളിത്തത്തോടെ കൃത്രിമം കാട്ടിയാണ് ഭൂമാഫിയ വസ്തുക്കൾ തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP