Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും; ശ്രീറാമും വഫയും ഹാജരാകണം

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും; ശ്രീറാമും വഫയും ഹാജരാകണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ കേസ് കൈകാര്യം ചെയ്തിരുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി-മൂന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷൻ കോടതി പരിഗണിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച് ഒന്നര വർഷം പിന്നിട്ട കേസിൽ വിചാരണാ നടപടികൾ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഐ എ എസ് ഓഫീസർ ശ്രീറാംവെങ്കിട്ട രാമനോടും പെൺസുഹൃത്ത് വഫയോടും ഹാജരാകണമെന്ന് സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷമായിരിക്കും വിചാരണാ നടപിടകൾ ആരംഭിക്കുക. ബഷീർ കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കമ്മിറ്റൽ കോടതിയായ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2020 ഫെബ്രുവരി 24 ന് നൽകിയിരുന്നു. സി ഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുകയായിരുന്നു. 2020 ഫെബ്രുവരി മാസം മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മജിസ്ട്രേട്ട് കോടതി അംഗീകരിച്ചിരുന്നു.

കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കുകയായിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫക്കൊപ്പം വഫയുടെ വോക്സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ കാറോടിച്ച് മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിനെ ബൈക്കിന്റെ പുറകുവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചും പൊലീസ് കേസ് വഴിതിരിച്ചുവിടാൻ തുടക്കത്തിൽ തന്നെ ഇടപെട്ടു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ പൊലീസുമായി ഒത്തുകളിച്ച് രക്തസാമ്പിൾ പരിശോധനക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയായിരുന്നു.

മ്യൂസിയം പൊലീസ് ഉന്നത സ്വാധീനത്താൽ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവു നശിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന സമയം മുതൽ താൻ ചെയ്ത കുറ്റങ്ങൾ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമൻ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP